SignIn
Kerala Kaumudi Online
Monday, 25 May 2026 12.06 PM IST

യു.എസ്-ഇറാൻ ചർച്ച തകർത്തത് ആണവ പദ്ധതി

pic

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് നടത്തിയ സമാധാന ചർച്ച പരാജയപ്പെട്ടത് ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ഇറാൻ ഉറച്ച നിലപാടെടുത്തതോടെ. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അടങ്ങുന്ന ഇറാൻ സംഘവും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലെ യു.എസ് സംഘവും ഇന്നലെ പുലർച്ചെ വരെ നീണ്ട 21 മണിക്കൂർ മാരത്തൺ ചർച്ച നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു.

ഇറാന്റെ മിസൈൽ പദ്ധതികൾ നിയന്ത്രിക്കണമെന്നും യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്നുമാണ് യു.എസ് ആവശ്യപ്പെട്ടത്. എന്നാൽ സിവിലിയൻ ആവശ്യങ്ങൾക്ക് യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നാണ് ഇറാന്റെ നിലപാട്. മിസൈൽ പദ്ധതികൾ രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണെന്നും പറയുന്നു. അതേ സമയം, യു.എസിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് ഇറാൻ ചർച്ചയ്ക്ക് പിന്നാലെ പ്രതികരിച്ചു. ഹോർമുസ് കടലിടുക്ക് തുറക്കുക മാത്രമല്ലായിരുന്നു യു.എസിന്റെ ഉപാധികളെന്നും അവ അതിരുകടന്നവ ആയിരുന്നെന്നും ഇറാൻ വ്യക്തമാക്കി.

ഹോർമുസിലൂടെ കടത്തിവിടുന്ന കപ്പലുകളിൽ നിന്ന് 10 ലക്ഷം ഡോളറിലേറെ ഇറാൻ ടോൾ പിരിക്കുന്നെന്നാണ് യു.എസിന്റെ ആരോപണം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അനുമതിയോടെ പരിമിതമായ കപ്പൽ ഗതാഗതമാണ് നിലവിൽ മേഖലയിലുള്ളത്. അതേ സമയം, സംഘർഷം പരിഹരിക്കാൻ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു പ്രതികരണം.

 മാറ്റിമറിച്ചത് നെതന്യാഹുവിന്റെ ഫോൺ

വാൻസിനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിൽ വിളിച്ച പിന്നാലെയാണ് ചർച്ച താറുമാറായതെന്ന് ഇറാൻ ആരോപിച്ചു. സംഘർഷത്തിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ കഴിഞ്ഞേക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് നെതന്യാഹുവിന്റെ വിളിയുണ്ടായതെന്നും ഇറാൻ ആരോപിച്ചു. അതേ സമയം, നെതന്യാഹുവിന്റെ ഇടപെടൽ ഉണ്ടായോ എന്ന് യു.എസ് പ്രതികരിച്ചിട്ടില്ല. അതേ സമയം, തെക്കൻ ഇറാനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം തുടരുകയാണ്. അതിർത്തി ഗ്രാമങ്ങൾ ഭൂരിഭാഗവും തകർന്നടിഞ്ഞു. മരണം 2,050 കടന്നു.

 ഹോർമുസ് കടലിടുക്കിൽ ഉപരോധം തീർക്കാമെന്ന യു.എസ് നേവിയുടെ കണക്കുകൂട്ടൽ തെറ്റും. ശത്രുക്കളെ ഹോർമുസിലെ മാരക ചുഴിയിൽ മുക്കിത്താഴ്ത്തും.

- ഇറാൻ റെവല്യൂഷണറി ഗാർഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360