SignIn
Kerala Kaumudi Online
Monday, 25 May 2026 6.00 AM IST

സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം : ജമ്മു കാശ്‌മീരിൽ സുരക്ഷ വർദ്ധിപ്പിച്ചു

pic

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. രാജ്യത്തിനകത്ത് പലയിടത്തും പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് അടിയന്തര ഇടപെടൽ. ഷിയ വിഭാഗത്തിലെ തീവ്ര നിലപാടുകാരിൽ നിന്നടക്കം രൂക്ഷമായ പ്രതികരണങ്ങൾക്കും വർഗീയ ലഹളയ്‌ക്കു പോലും സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയെന്നാണ് സൂചന. ജാഗ്രത പുലർത്തണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പശ്ചിമേഷ്യയിലെ സാഹചര്യം ഇന്ത്യയ്‌ക്കകത്ത് വലിയ പ്രതിഫലനങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലിലാണിത്. പ്രതിഷേധമുയർത്താൻ സാദ്ധ്യതയുള്ള ഗ്രൂപ്പുകളെയും വ്യക്തികളെയും സൂക്ഷ്‌മമായി നിരീക്ഷിക്കണം. ഇറാൻ അനുകൂല തീവ്രനിലപാടുകാരെ പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ പ്രകോപന പ്രസംഗങ്ങൾ മതവികാരം ഇളക്കിവിട്ടേക്കാം. രഹസ്യാന്വേഷണ വിവരം ശേഖരിക്കൽ ഊർജ്ജിതമാക്കണം. ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ സമയോചിതമായ ഇടപെടൽ സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും നിർദ്ദേശിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അഭ്യൂഹം പടരാതിരിക്കാൻ സൈബർ സെല്ലുകളും ജാഗ്രത പാലിക്കണം.

തെരുവുകളിലിറങ്ങി പ്രതിഷേധം

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിൽ ജമ്മു കാശ്‌മീരിൽ പ്രതിഷേധം തുടരുകയാണ്. ഇന്നലെയും നൂറുകണക്കിന് പ്രതിഷേധക്കാർ കാശ്‌മീരിലെ തെരുവുകളിലിറങ്ങി പ്രതിഷേധം നടത്തി. ചില ഗ്രൂപ്പുകൾ ബന്ദിന് ആഹ്വാനം ചെയ്‌തിരുന്നു. ശ്രീനഗറിലെ ലാൽ ചൗക്കിൽ അടക്കം വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തി. പലയിടത്തും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. രണ്ടുദിവസത്തക്ക് സ്‌കൂളുകൾ തുറക്കില്ല. ഗവർണർ മനോജ് സിൻഹ സുരക്ഷാ സാഹചര്യം വിലയിരുത്തി.

 ഖമനേയി സന്ദർശിച്ച കർണാടകയിലെ ഗ്രാമത്തിൽ 3 ദിവസം ദുഃഖാചരണം

ബംഗളൂരു: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയുടെ മരണത്തിൽ മൂന്നു ദിവസം ദുഃഖാചരണം ആരംഭിച്ച് കർണാടക ഗ്രാമം. ചിക്കബല്ലാപുര ജില്ലയിൽ ഷിയാ വിഭാഗത്തിൽപ്പെട്ട മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള അലിപുര ഗ്രാമമാണ് ദുഃഖാചരണം ആരംഭിച്ചത്. ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഖമനേയിയെ വധിച്ചതിൽ ഗ്രാമവാസികളിൽ പ്രതിഷേധവുമുയർന്നു. ഗ്രാമത്തിലെ കച്ചവടസ്ഥാപനങ്ങൾ ഞായറാഴ്ച അടഞ്ഞുകിടന്നു. ആഘോഷങ്ങളും പൊതുപരിപാടികളും മാറ്റിവച്ചു. ഷിയാവിഭാഗത്തിന്റെ പള്ളിയിൽ പ്രത്യേക പ്രാർത്ഥന നടത്തി. കറുത്ത വസ്ത്രംധരിച്ചും കറുത്ത കൊടിപിടിച്ചും ഗ്രാമത്തിൽ ജാഥയും നടത്തി. അഞ്ജുമാൻ ഇ ജഫാരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360