SignIn
Kerala Kaumudi Online
Monday, 25 May 2026 9.36 AM IST

മുക്കോലയിലെ കൊലപാതകം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

1

വിഴിഞ്ഞം: മുക്കോലയിൽ യുവാവിനെ നടുറോഡിൽ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബാറിലെത്തിയ പ്രതികളിലൊരാൾ മറ്റൊരു യുവാവുമായി വാക്കുതർക്കമുണ്ടാകുന്നതും ആ യുവാവിനെ കൊണ്ട് പ്രതി നിർബന്ധിച്ച് കാലുപിടിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബാറിലെത്തിയ ഒരാൾ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണിതെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി 11.45നും 12നും ഇടയിലാണ് സംഭവങ്ങൾ നടന്നത്. ബാറടച്ച സമയം സാധനം കിട്ടിയില്ലെന്ന് പറഞ്ഞ് യുവാവ് അസഭ്യം പറഞ്ഞതാണ് തർക്കത്തിന് തുടക്കം. ഒന്നാം പ്രതി അച്ചുവിനോട് മോശം വാക്ക് ഉപയോഗിച്ച യുവാവിനെക്കൊണ്ട് നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിക്കുകയായിരുന്നു. ' ഇപ്പോൾ ഞാൻ എന്ത് ചെയ്യണം, മാപ്പ് പറയണോ?" എന്ന് യുവാവ് ചോദിക്കുമ്പോൾ, "കാലുപിടിച്ച് മാപ്പ് പറയണം" എന്ന് പ്രതി ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് യുവാവ് കാലുപിടിച്ചതോടെ തർക്കം അവസാനിക്കുകയും ചെയ്തു. ഈ സമയമെല്ലാം സുമനും സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. ഇതിനുശേഷം പ്രതികളും സുമനും സർവീസ് റോഡ് വഴിയും മറ്റുള്ളവർ പ്രധാന കവാടം വഴിയും പുറത്തേക്ക് പോയി. ഈ സമയത്താണ് സുമനും പ്രതി അച്ചുവും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് സഹോദരങ്ങൾ ചേർന്ന് സുമനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വെള്ളായണി പാലപ്പൂര് സ്വദേശി സുമനെ (38) കൊലപ്പെടുത്തിയ കേസിൽ ബാലരാമപുരം സ്വദേശികളായ അച്ചു എസ്.ബാബു (24),അനന്തു എസ്.എസ് (19) എന്നിവരെ അന്നുതന്നെ പൊലീസ് പിടികൂടിയിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികളെ പിറ്റേന്ന് ചോദ്യം ചെയ്തപ്പോൾ അവർ കുറ്റസമ്മതം നടത്തുകയും പൊട്ടിക്കരയുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി നാളെ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ റജിരാജ് അറിയിച്ചു. മർദ്ദനദൃശ്യങ്ങൾ പകർത്തിയ യുവാവിനെയും ബാർ ജീവനക്കാരെയും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തും. മർദ്ദനത്തിന് ശേഷം പ്രതികൾ ബാർ ജീവനക്കാരോട് തട്ടിക്കയറിയപ്പോൾ അവർ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ഇതോടെയാണ് പ്രതികൾ സ്‌കൂട്ടറിൽ രക്ഷപ്പെട്ടത്. ഒടുവിൽ അതുവഴി എത്തിയ ചൊവ്വര സ്വദേശി അഭിലാഷ് എന്ന യുവാവാണ് വിവരം പൊലീസിനെ അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL