കൽപ്പറ്റ: ഉരുളെടുത്ത ഉറ്റവരുടെ ഓർമ്മയിൽ മുണ്ടക്കൈ സ്വദേശി ഷൗക്കത്തും കുടുംബവും വയനാട് ടൗൺഷിപ്പിൽ താമസം തുടങ്ങി. മതപരമായ ചടങ്ങുകളോടെയായിരുന്നു ഗൃഹപ്രവേശം. ചായസൽക്കാരവും ഒരുക്കിയിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മമ്മൂട്ടി എന്നിവർ സന്ദർശിച്ച വീടാണ്. 178 കുടുംബങ്ങൾക്ക്‌രേഖകൾ കൈമാറിയ ദിവസമാണ് പിണറായി വിജയൻ ഷൗക്കത്തിന്റെ വീട് സന്ദർശിച്ചത്. 20 വർഷത്തോളം പ്രവാസജീവിതം നയിച്ച ഷൗക്കത്തിന്റെ സമ്പാദ്യമെല്ലാം ദുരന്തത്തിൽ തകർന്നിരുന്നു. സഹോദരൻ ഉൾപ്പെടെ 16പേരെയാണ് നഷ്ടമായത്. വീടും വാഹനങ്ങളും ഭൂമിയുമെല്ലാം ഉരുളെടുത്തു. വീട് കിട്ടിയതിൽ സന്തോഷമെന്ന് ഷൗക്കത്ത് പറഞ്ഞു. ഇത് തന്റെ പുതുജന്മം ആയാണ് കണക്കാക്കുന്നത്.
താൻ ഉൾപ്പെടെയുള്ള ദുരന്തബാധിതർക്ക് മികച്ച സൗകര്യങ്ങളോടെയുള്ള വീട് ഒരുക്കി നൽകിയ എല്ലാവർക്കും നന്ദി എന്നും ഷൗക്കത്ത് പറഞ്ഞു. ഫർണിച്ചറുകൾ വാങ്ങാൻ അനുവദിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വാങ്ങിയിരുന്നു. ഗൃഹപ്രവേശന വിരുന്നിൽ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, മുൻ എം.എൽ.എ സി .കെ ശശീന്ദ്രൻ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം ചൂരൽമല സ്വദേശി മാടസ്വാമിയും ടൗൺഷിപ്പിൽ താമസമാക്കിയിരുന്നു. ഇതോടെ ടൗൺഷിപ്പിൽ താമസമാക്കുന്ന കുടുംബങ്ങളുടെ എണ്ണം മൂന്നായി. അടുത്ത ദിവസം കൂടുതൽ കുടുംബങ്ങൾ താമസിക്കാനെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |