SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.55 AM IST

ടൂറിസം സ്പോട്ടാക്കാൻ കൊളവള്ളി കൊള്ളാം!

33-akker
തരിശായി കിടക്കുന്ന കൊളവള്ളിയിലെ മുപ്പത്തിമൂന്ന് ഏക്കർ ഭൂമി

പുൽപ്പള്ളി: വിശാലമായ വയലും പുഴയും വനവുമുള്ള മനോഹര പ്രദേശമാണ് കൊളവള്ളി. കബനി നദിയാലും കന്നാരം പുഴയാലും ചുറ്റപ്പെട്ട, കർണാടക വനമേഖലയോട് തൊട്ട് നിൽക്കുന്ന ഉപദ്വീപിന് സമാനമായ ഇടം. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും ഇളംവെയിലിൽ പ്രദേശം കാണാൻ അതിമനോഹരമാണ്. കർണാടക വനത്തിന്റെ സാമീപ്യം മുഴുവൻ സമയവും വന്യമൃഗങ്ങളെ തികച്ചും സുരക്ഷിതമായി കാണാനുള്ള അവസരം സഞ്ചാരികൾക്ക് ഒരുക്കാൻ സാധിക്കും എന്നതാണ് ഈ സ്ഥലത്തിന്റെ പ്രധാന സവിശേഷത. പുഴയോട് ചേർന്നുള്ള വിശാലമായ സ്ഥലം ഓഫ് റോഡുകാരുടെ ഇഷ്ടസങ്കേതമാണ്. പ്രത്യേകിച്ച് ഒരു ടൂറിസം പദ്ധതിയുമില്ലെങ്കിലും ദിനംപ്രതി നിരവധിയാളുകളാണ് ഇവിടെ എത്തുക. മീൻപിടിക്കാനെത്തുന്നവരും കുറവല്ല.

ടൂറിസം സ്പോട്ടാക്കണം

മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുപ്പത്തിമൂന്ന് ഏക്കർ ഭൂമിയാണിത്.

തരിശായിക്കിടക്കുന്ന ഭൂമിയെ ടൂറിസം സ്പോട്ടാക്കാനുള്ള പദ്ധതിയാണ് ആവശ്യം. ആധുനിക സാങ്കേതികവിദ്യയും പരിസ്ഥിതി സൗഹൃദ നിർമ്മാണ രീതികളും സമന്വയിപ്പിച്ചുകൊണ്ട് ഒരു 'ഫ്യൂച്ചറിസ്റ്റിക് ടൂറിസം മാതൃക' കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പുൽപ്പള്ളിക്കാരനായ സാമൂഹ്യ പ്രവർത്തകൻ ഊനേത്ത് എബി തയ്യാറാക്കി സമർപ്പിച്ചിരുന്നു. നിലവിൽ പഞ്ചായത്ത് ഔദ്യോഗികമായി ഈ പദ്ധതിക്ക് രൂപം നൽകിയിട്ടില്ല. ഭൂമിയുടെ സ്വാഭാവികത നിലനിർത്തിക്കൊണ്ടുള്ള വികസനം നടപ്പാക്കിയാൽ തിരക്കുകളിൽ നിന്ന് മാറി വിശ്രമിക്കാനും നഗരജീവിതത്തിന്റെ മടുപ്പിൽ നിന്ന് മാറി മനസിന് ഉന്മേഷം നൽകാനും ആഗ്രഹിക്കുന്നവർ തീർച്ചയായും എത്തും. ടൂറിസം കേന്ദ്രമാവുന്നതിലൂടെ നിരവധിപേർക്ക് തൊഴിൽ ലഭിക്കും.

വേണം, ഇവ

സാഹസിക ടൂറിസത്തിന് മികച്ച ഇടമാണ് കൊളവള്ളി. കബനി നദി കേന്ദ്രീകരിച്ച് ജലസവാരി, മീൻപിടിത്തം, കൊട്ടത്തോണി സഞ്ചാരം, അഡ്വഞ്ചർ പാർക്ക്, താമസ സൗകര്യങ്ങൾ, കോർപ്പറേറ്റ് മീറ്റിംഗിനുള്ള ഇടം, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വേദികൾ,നടപ്പാത, കുടിവെള്ള സൗകര്യം, ടോയ്‌ലറ്റുകൾ, വിശ്രമകേന്ദ്രം തുടങ്ങിയവ വേണം.

കൊളവള്ളി ഇവിടെ

കബനി നദിയും കന്നാരം പുഴയും സംഗമിക്കുന്ന ഈ സുന്ദര ഭൂമിയിലെത്താൻ വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് (അല്ലെങ്കിൽ സുൽത്താൻ ബത്തേരിയിൽ നിന്ന്) പുൽപ്പള്ളിയിൽ എത്തി, അവിടെ നിന്നും പത്ത് കിലോമീറ്റർ കൂടി സഞ്ചരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL