SignIn
Kerala Kaumudi Online
Monday, 25 May 2026 9.25 AM IST

ഹൃദയഭൂമിയിൽ കണ്ണീരണിഞ്ഞ് കെ.രാജൻ അനീഷിനും സയനയ്ക്കും നൽകിയ വാക്ക് പാലിച്ചു

rajan
rajan

മേപ്പാടി: തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ നൽകിയ വാക്ക് പാലിച്ച് മുൻ റവന്യൂ മന്ത്രി കെ. രാജൻ. മുണ്ടക്കൈ ഉരുൾപൊട്ടലിൽ മൂന്ന് ആൺമക്കളെ നഷ്ടമായ അനീഷിനും സയനയ്ക്കും നൽകിയ വാക്കാണ് രാജൻ പാലിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സയനയും അനീഷും ഒല്ലൂരിൽ പ്രചാരണത്തിനെത്തിയ കെ. രാജനെ കണ്ടിരുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ തങ്ങളെ കാണാൻ എത്തണമെന്ന് അവർ അഭ്യർത്ഥിച്ചു. 'ഉറപ്പായും വരാം' എന്നായിരുന്നു രാജന്റെ മറുപടി.

ഒല്ലൂരിൽ നിന്ന് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ. രാജൻ ആ വാക്ക് പാലിക്കാനാണ് ഇന്നലെ പുത്തുമലയിലെ 'ഹൃദയ ഭൂമി'യിൽ എത്തിയത്. ഹൃദയ ഭൂമിയിലെ കബറിടത്തിൽ ഉറങ്ങുന്ന മൂന്ന് കുഞ്ഞുങ്ങളായ നിവേദ്, ധ്യാൻ, ഇഷാൻ എന്നിവരുടെ ചിത്രങ്ങൾക്ക് മുൻപിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. മൂവർക്കും കളിപ്പാട്ടങ്ങൾ സമർപ്പിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അനീഷും സയനയും കൂടെയുണ്ടായിരുന്നു. അതി വൈകാരികമായ രംഗങ്ങളാണ് ഹൃദയ ഭൂമിയിൽ കണ്ടത്. മൂന്നുപേരുടെയും ചിരിക്കുന്ന ചിത്രങ്ങളുള്ള കല്ലറ ആരുടെയും ഹൃദയം തകർക്കുന്നതാണ്.

ആഴ്ചയിൽ ഒരു ദിവസമെങ്കിലും അനീഷും സയനയും കല്ലറയ്ക്ക് അടുത്തെത്തും. മക്കൾക്ക് ഇഷ്ടപ്പെട്ട മിഠായികളും മധുരപലഹാരങ്ങളും കൊണ്ടുവരും. മൂന്നുപേർക്കും തുല്യമായി വീതിച്ച് കല്ലറയ്ക്ക് മുകളിൽ വയ്ക്കും. കൂടെ അവർക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും ഉണ്ടാകും. ക്രിസ്മസിന് പുൽക്കൂട് ഒരുക്കും. ജന്മദിനത്തിൽ മുടങ്ങാതെ കേക്ക് സമർപ്പിക്കും. അനീഷിന്റെ അമ്മയുടെ കല്ലറയും തൊട്ടടുത്ത് തന്നെയാണ്.

സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, മേപ്പാടി പഞ്ചായത്ത് അംഗം കെ. ഷൈജ എന്നിവരും രാജനൊപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL