SignIn
Kerala Kaumudi Online
Monday, 25 May 2026 6.00 AM IST

കോൺഗ്രസിനെ വെട്ടിലാക്കി തൃക്കരിപ്പൂരിൽ  കേരള കോൺ. ജോസഫ് വിഭാഗം

jeto-joseph
ജെറ്റോ ജോസഫ്

ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫിനെ മത്സരിപ്പിക്കാൻ തീരുമാനം

കാസർകോട്: യു.ഡി.എഫിൽ അനിശ്ചിതത്വം നിലനിൽക്കെ തൃക്കരിപ്പൂർ മണ്ഡലത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസിനെ വെട്ടിലാക്കി. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫിനെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനമെടുത്തു. തൃക്കരിപ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഡോ. വി.പി.പി മുസ്തഫ ആണെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.

2021ലെ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം ഇത്തവണ ഏറ്റെടുത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് കാസർകോട് ഡി.സി.സിയുടെയും കെ.പി.സി.സിയുടെയും നേതാക്കൾ ആവശ്യം ഉന്നയിച്ചു വരികയാണ്. കോൺഗ്രസ് നേതൃയോഗങ്ങളിൽ തൃക്കരിപ്പൂർ ഏറ്റെടുക്കുന്ന വിഷയം പ്രധാന ചർച്ചയും ആയിരുന്നു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ജോസ് എന്നിവരടങ്ങിയ സ്ഥാനാർത്ഥി പട്ടികയും ഡി.സി.സി കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നു.

എന്നാൽ കഴിഞ്ഞതവണ തങ്ങൾ മത്സരിച്ച പത്ത് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്ന് ജോസഫ് വിഭാഗം സംസ്ഥാന നേതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിൽ ഒരു സീറ്റും വെച്ചുമാറുന്ന പ്രശ്നം ഇല്ലെന്നും അറിയിച്ചിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തൃക്കരിപ്പൂരിൽ മത്സരിക്കുന്നതിന് മികച്ച സ്ഥാനാർത്ഥി ഇല്ലെന്നും കഴിഞ്ഞ തവണ മത്സരിച്ച കെ.എം മാണിയുടെ മരുമകൻ ഇത്തവണ മത്സരിക്കുന്നില്ലെന്നും കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.

തൃക്കരിപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ പല തെറ്റായ വാർത്തകളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ചേർന്ന ജില്ലാ നേതൃയോഗത്തിൽ ജില്ലാ പ്രസിഡന്റിനെ തന്നെ കളത്തിലിറക്കാൻ തീരുമാനമെടുത്തത് എന്നാണ് ജോസഫ് നേതാക്കൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയും സംസ്ഥാന യു.ഡി.എഫ് നേതൃത്വവുമാണ്. അനുമതി ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ പ്രചരണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും യോഗത്തിൽ തീരുമാനമായി.

സ്ഥാനാർത്ഥിയെ സംബന്ധിച്ച് ചില മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ ചിലർക്ക് തിരഞ്ഞെടുപ്പിൽ ഇടം ലഭിക്കുവാനുള്ള പ്രചരണത്തിന്റെ ഭാഗമാണ്. ഇത്തരം നുണപ്രചരണങ്ങളെ പാർട്ടി ശക്തമായി നേരിടും

ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്,

ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL