SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.58 AM IST

കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിൽ കവർച്ച ഏഴ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു; മുപ്പതിനായിരം രൂപ കവർന്നു

kottappuram

മോഷ്ടാവിന്റെ സി സി ടി.വി ദൃശ്യം ലഭിച്ചു

നീലേശ്വരം:വിഷ്ണുമൂർത്തിയുടെ ആരൂഢസ്ഥാനമായി അറിയപ്പെടുന്ന നീലേശ്വരം കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലെ ഏഴോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു. ഭണ്ഡാരങ്ങൾക്ക് പുറമെ ഓഫീസിലെ ഷെൽഫും കുത്തിത്തുറന്ന നിലയിലായിരുന്നു. ഓഫീസിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും മോഷ്ടാവ് കവർന്നു.

ഏഴ് ഭണ്ഡാരങ്ങളും 15 ദിവസം മുൻപ് തുറന്നതിനാൽ കൂടുതൽ പണമുണ്ടാവാൻ സാദ്ധ്യതയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞത്. ക്ഷേത്ര പള്ളിയറകളുടെ ശ്രീകോവിലുകൾ തുറന്നിട്ടില്ല. മറ്റൊന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി സി ടി.വി ക്യാമറകളിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഞായർ രാത്രി എട്ടരയോടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച മോഷ്ടാവ് പുലർച്ചെ പന്ത്രണ്ടരയോടെയാണ് പുറത്തുകടന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.സംഭവത്തിൽ ക്ഷേത്രം സെക്രട്ടറി എ രാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നീലേശ്വരം എസ്‌.ഐമാരായ കെ.അജിത, ജി.ജിഷ്ണു, ടി.വി.രാജേഷ് കുമാർ, പി.സുഗുണൻ, എ.എസ്.ഐമാരായ എൻ.എം.രമേശൻ, പി.വി.ശ്രീജിത്ത്, എസ്.സി പി.ഒ ദിലീഷ് പള്ളിക്കെ, ഡിവൈ.എസ്.പി സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർ രാവിലെ തന്നെ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിരുന്നു.

ക്ഷേത്രത്തിൽ നേരത്തെ നിലയുറപ്പിച്ചു

പലതവണ മതിൽ ചാടിക്കടന്നു

മോഷ്ടാവെന്ന് സംശയിക്കുന്നയാൾ നിരവധി തവണ ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കും മതിൽ ചാടി കടക്കുന്നതും സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്. ഭക്തർ ക്ഷേത്രസന്നിധിയിൽ സമർപ്പിച്ച രണ്ട് ഇളനീരും മോഷ്ടാവ് വെട്ടി കുടിച്ചിരുന്നു. സി സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിനകത്ത് മണം പിടിച്ച പൊലീസ് നായ ടൈസൺ പുറത്തേക്ക് വന്ന് നാഗപ്രതിഷ്ഠ വരെ ഓടി തിരിച്ചു വന്നു. ക്ഷേത്രം ഓഫീസിൽ നിന്ന് കുപ്പിവെള്ളം എടുത്ത് കുടിച്ചതിന്റെയും തൊട്ടടുത്ത് നിന്ന് പുകവലിച്ചതിന്റെയും അടയാളങ്ങളും ഇവിടെയുണ്ട്.

കവർച്ച വിശ്വാസ ലക്ഷങ്ങളുടെ പുണ്യസങ്കേതത്തിൽ

ചിത്രസ്തംഭം പിളർന്ന് ഹിരണ്യവധം നടത്തിയ നരസിംഹമൂർത്തിയുടെ പുരാവൃത്തത്തിൽ അത്യുത്തരകേരളത്തിൽ വിപുലമായി ആരാധിക്കപ്പെടുന്ന വിഷ്ണുമൂർത്തിയുടെ ആരൂഢസ്ഥാനമായാണ് കോട്ടപ്പുറം വൈകുണ്ഡക്ഷേത്രം അറിയപ്പെടുന്നത്. തീയ്യസമുദായത്തിന്റെ അതിപ്രധാന ആരാധനാകേന്ദ്രവും കൂടിയാണിത്. മംഗലാപുരം കോയിക്കുടിപ്പാടിയിൽ നിന്ന് പാലന്തായി കണ്ണന്റെ ചുരികതലപ്പേറി കോട്ടപ്പുറത്തെത്തിയെന്നാണ് വിഷ്ണുമൂർത്തിയെ കുറിച്ചുള്ള ഐതിഹ്യം.പാലന്തായി കണ്ണന്റെ കൊലയ്ക്ക് പകരം ചോദിച്ച ദേവനെ തൃപ്തിപ്പെടുത്താൻ കോട്ടപ്പുറം മുകയന്റെ പടിഞ്ഞാറ്റ പള്ളിയറയാക്കി പ്രതിഷ്ഠിച്ച് വിഷ്ണുമൂർത്തിയെ പ്രതിഷ്ഠിക്കുകയായിരുന്നു.മലയസമുദായത്തിൽ പെട്ട പാലായി പരപ്പേന് സ്വപ്നദർശനം ചെയ്ത രൂപത്തിൽ ഇവിടെ തന്നെയാണ് ആദ്യമായി വിഷ്ണുമൂർത്തി തെയ്യത്തെ കെട്ടിയാടിച്ചതെന്നും ഐതിഹ്യത്തിൽ പറയുന്നു.

മംഗലാപുരം കോയിക്കുടിപ്പാടിയിൽ നിന്ന്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL