SignIn
Kerala Kaumudi Online
Monday, 25 May 2026 9.43 AM IST

അപരഭീഷണി ഒഴിയാതെ സ്ഥാനാർത്ഥികൾ

elelction
അപരഭീഷണി

കണ്ണൂർ: വോട്ടുയന്ത്രത്തിൽ വിരലമർത്തും മുൻപ് വോട്ടർമാർക്ക് ഒന്നുകൂടി ഉറപ്പുവരുത്തേണ്ടിവരും ഈ സ്ഥാനാർത്ഥിക്കു തന്നെയാണോ താൻ വോട്ടു ചെയ്യാൻ ഉദ്ദേശിച്ചതെന്ന്. അത്ര വ്യാപകമാണ് കണ്ണൂർ ജില്ലയിൽ അപരഭീഷണി. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനുമടക്കം ഒട്ടുമിക്ക മണ്ഡലങ്ങളിലും ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് സമാന നാമധേയക്കാർ ബാലറ്റിൽ ഇടം നേടിയിട്ടുണ്ട്. വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് എതിർ സ്ഥാനാർത്ഥിയുടെ വോട്ടുകൾ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ഇതിനു പിന്നിൽ.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ മാത്രമാണ് അപരഭീഷണി ഇല്ലാത്തത്.

കല്യാശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് അപരനായി രാജീവൻ കണ്ണോത്തും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്, ടി.കെ. ഗോവിന്ദൻ സൺ ഓഫ് കുഞ്ഞിരാമനും പി.കെ. ശ്യാമളയ്ക്ക് ശ്യാമള പിയുമുണ്ട്. അഴീക്കോട് അഡ്വ. കരീം ചേലേരിക്ക് കരീം ചന്ദ്രോത്തും അബ്ദുൾ കരീം വി.വിയും കെ.വി സുമേഷിന് സുമേഷ് കുമാർ കെയും സുമേഷ് ടി.പിയും കണ്ണൂരിൽ ടി.കെ. മോഹനനും രാമചന്ദ്രൻ കുനിയിലും അപരന്മാരായുണ്ട്. തലശ്ശേരിയിൽ കാരായി രാജന് രാജൻ വി.പിയും രാജൻ ഒ.പിയും സാജു കെ.പിക്ക് സാജു വി.പിയും കൂത്തുപറമ്പിൽ ജയന്തിയും പ്രവീൺ കുമാറും മട്ടന്നൂരിൽ ചന്ദ്രൻ തേങ്ങലത്തും സനോജ് കെയും ഭീഷണി ഉയ‌ർത്തുന്നു.

ടീച്ചറും അഡ്വക്കറ്റും സംരക്ഷണ കവചം

അപരശല്യം ഒഴിവാക്കാൻ ഔദ്യോഗിക സ്ഥാനാർത്ഥികൾ കൗശലം പ്രയോഗിക്കുകയാണ്. പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് 'സണ്ണി ജോസഫ് മുതുകുളത്തേൽ', 'സണ്ണി' എന്നിങ്ങനെ രണ്ട് അപരന്മാർ. ആശയക്കുഴപ്പം ഒഴിവാക്കാൻ ഇദ്ദേഹത്തിന്റെ ബാലറ്റ് പേരിൽ 'അഡ്വക്കേറ്റ്' ചേർത്തിരിക്കുന്നു. ഇതേ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ. ശൈലജയ്ക്ക് 'എ.വി. ശൈലജ', 'സി. ശൈലജ' എന്നിവരുടെ ഭീഷണിയുണ്ട്. വോട്ടർമാർക്ക് തിരിച്ചറിയാൻ ബാലറ്റിൽ 'ടീച്ചർ' എന്ന് ചേർത്തു.

മുഖ്യമന്ത്രിയുടെ അപരൻ പറയുന്നു

സി.പി.എമ്മാണ് ആദ്യം അപരന്മാരെ ഉപയോഗിക്കാൻ തുടങ്ങിയതെന്നും, മറ്റ് പാർട്ടികൾ ആ വഴി പിന്തുടരുകയായിരുന്നെന്നും മുഖ്യമന്ത്രിയുടെ അപരനായ വിജയൻ എ.എം. ഇരിക്കൂർ സ്വദേശിയായ ഈ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റിന് എന്നാൽ കഴിഞ്ഞ തവണ അരലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ ജയിച്ച പിണറായിക്കെതിരെ അപരന്റെ പ്രസക്തിയെ കുറിച്ച് അവകാശവാദമൊന്നുമില്ല. മുന്നണി നേതാക്കൾ ഒന്നിച്ചിരുന്ന് ഈ അപരൻ പ്രതിഭാസം ഇല്ലാതാക്കണമെന്നാണ് ഈ 'പ്രതിഷേധ സ്ഥാനാർത്ഥിത്വ'ത്തിലൂടെ ഇദ്ദേഹം ഉന്നയിക്കുന്നത്.


ജനാധിപത്യത്തിന് കരിനിഴൽ

കാഴ്ചപ്രശ്നം നേരിടുന്ന വോട്ടർമാരെയും ബാലറ്റിൽ ശ്രദ്ധ കുറഞ്ഞ് വോട്ടിടുന്നവരെയും ലക്ഷ്യമിട്ടാണ് ഈ രാഷ്ട്രീയക്കളി. ആർ തുടങ്ങി, ആര് തുടരുന്നു എന്ന ആരോപണ പ്രത്യാരോപണങ്ങൾ ഇരുമുന്നണികളും ഒരുപോലെ ഉന്നയിക്കുമ്പോൾ വഞ്ചിക്കപ്പെടുന്നത് സത്യസന്ധമായ ജനവിധി ആഗ്രഹിക്കുന്ന വോട്ടർമാർ. ഈ 'ഡമ്മി' രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL