SignIn
Kerala Kaumudi Online
Monday, 25 May 2026 9.36 AM IST

അഴകായ പെരുമ്പളം പാലം ആശങ്കകളുടെ നിഴലിൽ

s

തുറവൂർ : മഴവിൽ അഴകിൽ ഉയർന്നുനിൽക്കുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ ആദ്യ ദിനങ്ങളിൽ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ചിരുന്നെങ്കിലും, ആഘോഷത്തിന്റെ ആവേശം അടങ്ങിയതോടെ ആശങ്കകളുടെ നിഴലാണ്. മഴക്കാലമായതോടെ സന്ദർശകരുടെ ഒഴുക്കും കുറഞ്ഞു. പാലത്തിന്റെ പൂർത്തീകരണവും ഭാവി വികസനവും സംബന്ധിച്ച അനിശ്ചിതത്വമാണ് നാട്ടുകാരെ ഇപ്പോൾ അലട്ടുന്നത്.

മാർച്ചിലാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്സവാന്തരീക്ഷത്തിൽ പെരുമ്പളം പാലം ഉദ്ഘാടനം ചെയ്‌തത്.

ഉദ്ഘാടന വേളയിൽ വലിയ ജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ മൂന്ന് ബസുകൾ അന്നേ ദിവസം പാലത്തിലൂടെ സർവീസ് നടത്തി പ്രതീക്ഷ ഉയർത്തിയെങ്കിലും,പിന്നീട് സ്ഥിരം സർവീസ് ആരംഭിക്കാത്തത് ജനങ്ങളെ നിരാശരാക്കി.

പാലത്തിന്റെ നിർമ്മാണം ഇപ്പോഴും പൂർണമായിട്ടില്ലെന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും ടാറിംഗ് പൂർത്തിയാകാനുണ്ട്. തെരുവുവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ രാത്രിയിൽ യാത്രക്കാർക്കും സന്ദർശകർക്കും സുരക്ഷാ ആശങ്ക നിലനിൽക്കുന്നു. വിളക്കുകൾ സ്ഥാപിച്ചാലും അതിന്റെ വൈദ്യുതിച്ചെലവ് വഹിക്കാൻ പഞ്ചായത്തിന് കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

പുതിയ സർക്കാർ പാലത്തിന്റെ ബാക്കി നിർമ്മാണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും വേഗത്തിൽ പൂർത്തിയാക്കി, വാഗ്ദാനം ചെയ്ത ബസ് സർവീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പെരുമ്പളം നിവാസികൾ.

വാഗ്ദാനങ്ങൾ

വാക്കിലൊതുങ്ങി

# പെരുമ്പളം സൗത്ത് ഭാഗത്ത് നിന്ന് ബസ് സർവീസ് ആരംഭിച്ചാൽ മാത്രമേ ദ്വീപിലെ ജനങ്ങൾക്ക് പാലത്തിന്റെ യഥാർത്ഥ പ്രയോജനം ലഭിക്കൂ.

# ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും അവ ഇപ്പോഴും കടലാസിൽ ഒതുങ്ങുകയാണ്

#പാലത്തിൽ ലഘുഭക്ഷണങ്ങൾ വിൽക്കുന്ന തട്ടുകടകൾ ദിനംപ്രതി കൂടുമ്പോഴും ഇവരെ നിയന്ത്രിക്കാൻ യാതൊരു സംവിധാനവുമില്ല.

#ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാലത്തിൽ കുന്നുകൂടുകയാണ്

# വൈകുന്നേരങ്ങളിലും രാത്രിയിലും സാമൂഹ്യവിരുദ്ധശല്യം വർദ്ധിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. പൊലീസിന്റെ സ്ഥിരം നിരീക്ഷണം ആവശ്യമാണ്

# ദ്വീപിലെ ഇടുങ്ങിയ റോഡുകൾ വീതി കൂട്ടി വലിയ വാഹനങ്ങൾക്കും സഞ്ചാരസൗകര്യം ഉറപ്പാക്കാത്തതും ജോലികൾ പൂർത്തിയാക്കാത്തതും തിരിച്ചടിയായിട്ടുണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL