SignIn
Kerala Kaumudi Online
Monday, 25 May 2026 10.44 AM IST

പശുമോഷണം: കച്ചവടക്കാരൻ പിടിയിൽ

niyas

 പ്രതി വണ്ണപ്പുറം പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ്

തൊടുപുഴ: ഈസ്റ്റ് കലൂർ മേഖലയിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ പശുകച്ചവടക്കാരനായ പ്രതി പിടിയിൽ. വണ്ണപ്പുറം മുട്ടുകണ്ടം സ്വദേശി വലിയകുളത്തിൽ വീട്ടിൽ നിയാസ് ഹുസൈനാണ് (40) പിടിയിലായത്. വണ്ണപ്പുറം പഞ്ചായത്ത് 17-ാം വാർഡ് അംഗമായ മുസ്ലീംലീഗിലെ നസിയ ടി.കെയുടെ ഭർത്താവാണ് പ്രതി. വണ്ണപ്പുറത്തെ വീട്ടിൽ നിന്നും ചൊവ്വാഴ്ച രാത്രിയിലാണ് ഇയാളെ തൊടുപുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒരുമാസത്തിനിടയിൽ മൂന്ന് പശുക്കളെയാണ് ഇയാൾ കടത്തിയത്. തുടർച്ചയായ മോഷണം നടന്നിട്ടും പ്രതിയെക്കുറിച്ചും കാലിയെ കടത്താൻ ഉപയോഗിച്ച വാഹനത്തെക്കുറിച്ചും വ്യക്തമായ സൂചന ലഭിക്കാത്തതിനാൽ ഈസ്റ്റ് കലൂർ മുതൽ തൃശൂർവരെയുള്ള ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുമാരമംഗലം പഞ്ചായത്തിലും അതിർത്തിപ്രദേശമായ കല്ലൂർക്കാടുനിന്നും കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ എച്ച്.എഫ് ഇനത്തിൽപ്പെട്ട രണ്ട് കാലികളാണ് മോഷണം പോയത്. ഈസ്റ്റ് കലൂർ കല്ലമ്പിള്ളികവലയിൽ തട്ടാംകുടിയിൽ ശശിയുടെ പശുവിനെ കഴിഞ്ഞ 16ന് അർദ്ധരാത്രിയിലാണ് കാണാതായത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു വാഹനം വീടിന് സമീപത്ത് നിന്നും പോകുന്നതായി കണ്ടെങ്കിലും വാഹനം തിരിച്ചറിയാനായിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് കുമാരമംഗലം കലൂർ സ്വദേശിയായ ആനിമൂട്ടിൽ കുര്യന്റെ പശുമോഷ്ടിക്കപ്പെട്ടത്. ഇയാൾക്കെതിരെ കരിമണ്ണൂർ പൊലീസ്സ്റ്റേഷൻ പരിധിയിലും സമാനമായ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഷ്ടിച്ച പശുക്കളെ കശാപ്പിനുപയോഗിച്ചെന്ന് പ്രതി മൊഴിനൽകിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ സഹോദരൻ അനസിന് വണ്ണപ്പുറത്ത് കശാപ്പുകടയാണ്. എസ്.ഐമാരായ ജിബിൻ തോമസ്, കെ.വി നിസാ‌ർ, വിജേഷ്, സി.പി.ഒമാരായ മഹേഷ് പി രാജ്, മുജീബ് റഹ്മാൻ എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY