SignIn
Kerala Kaumudi Online
Monday, 25 May 2026 6.54 AM IST

മകൻ അച്ഛനെ കസേരകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

vld-

16 കുത്തേറ്റ അമ്മാവൻ ആശുപത്രിയിൽ  സംഭവം വെള്ളറടയിൽ വിവാഹ വാർഷികാഘോഷത്തിനിടെ

വെള്ളറട: അമ്പൂരിയിൽ മദ്യലഹരിലായിരുന്ന മകൻ കസേര കൊണ്ട് അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. അമ്പൂരി തുടിയൻകോണം കൂരല്ലൂർ ഹൗസിൽ തോമസ് എബ്രഹാമിനെയാണ് (62) മകൻ ഷാനുതോമസ് (30) കൊലപ്പെടുത്തിയത്.

ബുധനാഴ്ച രാത്രി നടന്ന ഷാനുവിന്റെ വിവാഹ വാർഷികാഘോഷങ്ങൾക്കിടയിലാണ് സംഭവം. ആക്രമണത്തിനിടെ 16 കുത്തേറ്റ അമ്മാവൻ വർഗീസ് ആശുപത്രിയിലാണ്. പ്രതിയെ വെള്ളറട പൊലീസെത്തി അറസ്റ്റുചെയ്തു.

വിവാഹ വാർഷികാഘോഷങ്ങളുടെ ഭാഗമായി മദ്യസൽക്കാരവുമുണ്ടായിരുന്നു. ആഘോഷങ്ങളിൽ പങ്കെടുത്ത് ബന്ധുക്കൾ മടങ്ങിയതിന് പിന്നാലെ രാത്രി പത്തരയോടെ ഷാനുവും ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായി. തടയാൻ ഷാനുവിന്റെ മാതാവ് മിനി ചെറിയാൻ ശ്രമിച്ചെങ്കിലും തർക്കം രൂക്ഷമായി. ഒടുവിൽ പ്രശ്‌നം പരിഹരിക്കാൻ മിനിചെറിയാന്റെ സഹോദരൻ വർഗീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

സംസാരിക്കുന്നതിനിടെ ഷാനു കത്തിയെടുത്ത് അമ്മാവനെ ആക്രമിക്കുകയായിരുന്നു. വർഗീസിന്റെ കഴുത്തിൽ ഉൾപ്പെടെ ദേഹത്ത് 16 തവണ കുത്തിപ്പരിക്കേല്പിച്ചു. ഇതിനിടെ കാഴ്ചക്കുറവുള്ള പിതാവെത്തിയപ്പോൾ കസേരകൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ തോമസ് എബ്രഹാമിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ
വെള്ളറടയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തോമസ് മരിച്ചു. ഷാനിയാണ് മകൾ.
തോമസ് എബ്രഹാമിന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വിദേശത്തുള്ള ബന്ധു എത്തിയശേഷം സംസ്കരിക്കും. വർഗീസിന്റെ ആരോഗ്യനില തൃപ്തികരമാണ്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി സുനിൽ,വെള്ളറട സി.ഐ നിസാമുദ്ദീൻ,എസ്.ഐ പ്രജേഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

മലേഷ്യയിൽ പോകാനെത്തി,​

ഒടുവിൽ ജയിലിലായി

കോയമ്പത്തൂരിൽ ആയുർവേദ ഫിസിയോതെറാപ്പി സ്ഥാപനം നടത്തിയിരുന്ന ഷാനു ഏതാനും ദിവസം മുമ്പാണ് ലാബ് ടെക്നിഷ്യനായ ഭാര്യ ആൻമേരിയുമൊത്ത് മലേഷ്യയിലേക്ക് പോകാൻ ജോലി മതിയാക്കി നാട്ടിലെത്തിയത്. ഇതിനിടെ വിവാഹ വാർഷികം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആൻമേരി മൂന്നുമാസം ഗർഭിണിയാണ്. ഷാനുവിനെ ഇന്നലെ വൈകിട്ടോടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY