SignIn
Kerala Kaumudi Online
Monday, 25 May 2026 6.53 AM IST

നഗരത്തിലെ പെട്രോൾപമ്പിൽ കവർച്ച, പ്രതി കൊച്ചിയിൽ പിടിയിൽ

museum

ഇന്നലെ അർദ്ധരാത്രിയോടെ പ്രതിയെ തലസ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ പെട്രോൾ പമ്പിൽ കവർച്ച നടത്തിയ പ്രതിയെ,മണിക്കൂറുകൾക്കുള്ളിൽ കൊച്ചിയിൽ നിന്ന് പൊലീസ് പിടികൂടി.മലപ്പുറം പൊന്നാനി കവടനാട് പുതുമാളിയേക്കൽ വീട്ടിൽ തഫ്സീർ ദർവേഷാണ് (28) മ്യൂസിയം പൊലീസിന്റെ പിടിയിലായത്.തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് പാളയം സെന്റ് ജോസഫ് പള്ളിക്ക് സമീപത്തെ പെട്രോൾ പമ്പിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് ഒന്നര ലക്ഷം രൂപ കവർന്നത്.

സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് നടത്തിയ അന്വേഷത്തിനൊടുവിൽ തിങ്കളാഴ്ച രാത്രിയോടെ ഇയാൾ കൊച്ചിയിലെ ഒരു ലോഡ്ജിലുണ്ടെന്ന് കണ്ടെത്തി.

ഇന്നലെ കൊച്ചിയിലെത്തിയ മ്യൂസിയം പൊലീസ് സംഘം എറണാകുളം സെൻട്രൽ പൊലീസിന്റെ സഹായത്തോടെ ലോഡ്ജിലെത്തി പ്രതിയെ പിടികൂടി.ഇയാളുടെ കൈയിൽ നിന്ന് 23,000രൂപ കണ്ടെത്തി. 90,000രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചതായും പ്രതി സമ്മതിച്ചു.കേരളത്തിലെ വിവിധയിടങ്ങളിലെ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. ഇയാൾക്കെതിരെ 60ൽ അധികം കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃശൂർ,മലപ്പുറം ജില്ലകളിലാണ് കേസുകൾ ഏറെയും.തിരുവനന്തപുരത്ത് ആദ്യമായാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.ജില്ലയിലെ സിറ്റി,റൂറൽ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ മറ്റു കേസുകളുണ്ടോയെന്ന പരിശോധന ആരംഭിച്ചു.പ്രതിയുമായി മ്യൂസിയം പൊലീസ് അർദ്ധരാത്രിയോടെ സ്റ്റേഷനിലെത്തി.ഇന്ന് കോടതിയിൽ ഹാജരാക്കും.എസ്.ഐ സായി സേനൻ,എ.എസ്.ഐ ബിനു,സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ്,ഡിക്‌സൺ എന്നിവരടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തി അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്ത് എത്തിച്ചത്.

ഹാർഡ് ഡിസ്കിന് പകരം മോഡം,​ കുടുങ്ങി

പമ്പിലെ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് ഓഫീസ് റൂമിനകത്ത് കയറിയ പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് മേശയും അലമാരയും കുത്തിത്തുറന്നായിരുന്നു മോഷണം.മൂന്ന് ദിവസത്തെ കളക്ഷനായിരുന്നു ഇതിൽ സൂക്ഷിച്ചിരുന്നത്.മോഷണത്തിന് ശേഷം സി.സി ടിവി ദൃശ്യങ്ങൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചു.ഇതിനായി ഹാർഡ് ഡിസ്ക് എന്നുകരുതി ഇന്റർനെറ്റിന്റെ മോഡ‌ം കൈയിലെടുത്ത് പുറത്തെ ടോയ്ലെറ്റിന് മുകളിലേക്ക് വലിച്ചെറിഞ്ഞു.

സി.സി ടിവി ദൃശ്യങ്ങളാണ് വേഗത്തിൽ പ്രതിയെ വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്.

പമ്പിന് മുന്നിൽ നിന്ന് ഓട്ടോയിൽ തമ്പാനൂർ ബസ് സ്റ്റാൻഡിലെത്തിയ പ്രതി എറണാകുളം ബസിൽ കയറി രക്ഷപ്പെടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, PP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY