
ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിന് താത്കാലിക വിരാമമായ പിന്നാലെ, യു.എസ്, ഇറാൻ പ്രതിനിധികൾ തമ്മിലെ ആദ്യ റൗണ്ട് ചർച്ച ഇന്ന് സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ തുടങ്ങും. ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ മദ്ധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജറേഡ് കുഷ്നറും യു.എസ് സംഘത്തെയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇറാൻ സംഘത്തെയും നയിക്കും.
വെള്ളിയാഴ്ചയായിരുന്നു ചർച്ച നടക്കേണ്ടിയിരുന്നത്. എന്നാൽ ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇറാൻ ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. അതേ സമയം, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ചർച്ചകൾ ഏകോപിപ്പിക്കാൻ വരും ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിൽ എത്തും.
യുദ്ധം അവസാനിപ്പിക്കാനുള്ള ഇടക്കാല സമാധാന കരാറിൽ ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഒപ്പിട്ടതോടെ അന്തിമ കരാറിലെത്താനുള്ള 60 ദിവസത്തെ സമയപരിധി വ്യാഴാഴ്ച തുടങ്ങിയിരുന്നു. ഇതിനുള്ളിൽ ഇറാന്റെ ആണവ പദ്ധതിയിലടക്കം ധാരണയിലെത്തിയാലേ യുദ്ധത്തിന് ശാശ്വത പരിഹാരമാകൂ. തങ്ങളുടെ പെട്രോളിയം കയറ്റുമതിക്ക് ഇളവ് നൽകുന്നത് അടക്കം ഇടക്കാല കരാറിലെ വാഗ്ദ്ധാനങ്ങൾ യു.എസ് നടപ്പാക്കിയ ശേഷമേ അന്തിമ ഉടമ്പടി സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കൂ എന്നാണ് ഇറാന്റെ നിലപാട്.
# മുന്നിൽ തടസങ്ങൾ
തെക്കൻ ലെബനനിൽ വെള്ളിയാഴ്ച വൈകിട്ട് നിലവിൽ വന്ന വെടിനിറുത്തൽ ലംഘിച്ച് ഇസ്രയേലും ഹിസ്ബുള്ള ഗ്രൂപ്പും ആക്രമണം തുടരുന്നത് ചർച്ചയ്ക്ക് വെല്ലുവിളി
യു.എസ്-ഇറാൻ ഇടക്കാല കരാറിന്റെ ഭാഗമല്ലാത്തതിനാൽ ലെബനനിൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്ന് തങ്ങൾ ഒഴിയില്ലെന്നും ഹിസ്ബുള്ള പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ചടിക്കുമെന്നും ഇസ്രയേൽ
ലെബനനിലെ ആക്രമണത്തിന്റെ പേരിൽ ഇറാൻ ഹോർമുസ് കടലിടുക്ക് ഇന്നലെ അടച്ചത് പ്രകോപനമായി യു.എസ് കണക്കാക്കും. ഇറാന് മേൽ നാവിക ഉപരോധം വീണ്ടും ഏർപ്പെടുത്താനും ഇടയാക്കാം
# ഇടക്കാല കരാർ ഇറാൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മേഖലയിൽ ജാഗ്രതയോടെ തങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്.
- യു.എസ് നേവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |