
ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തിയതിന് അറസ്റ്റിലായ ഇറാനിയൻ ഗായിക പരസ്‌തൂ അഹമ്മദിന് 74 ചാട്ടവാറടി ശിക്ഷ. 2024ൽ യൂട്യൂബ് ചാനലിലൂടെ തൽസമയ സംപ്രേക്ഷണം നടത്തിയ സംഗീതപരിപാടിയിൽ തലമറച്ച് ഹിജാബ് ധരിച്ചില്ലെന്ന കാരണത്താലാണ് പരസ്‌തൂവിനെ അറസ്റ്റ് ചെയ്‌തത്.
ഖോമിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്ക് പുറമെ രണ്ട് വർഷത്തേക്ക് ഇറാനിൽ നിന്ന് പുറത്തുപോകുന്നതിനും സംഗീതപരിപാടികളിൽ പങ്കെടുക്കുന്നതിനും കോടതി വിലക്കും ഏർപ്പെടുത്തി. അശ്ലീലവും അസന്മാർഗികവുമായ ഉള്ളടക്കം നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കുറ്റമാണ് ഗായികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരസ്‌തൂവിന്റെ സംഗീതസംഘത്തിലെ മറ്റ് എട്ട് അംഗങ്ങൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്.
അറസ്റ്റിന് കാരണമായ വീഡിയോയിൽ സ്ലീവ്‌ലെസായ കറുത്ത ഗൗൺ ധരിച്ച്, മുടി അഴിച്ചിട്ടാണ് യുവതി ഗാനം ആലപിക്കുന്നത്. പരസ്തുവിനൊപ്പം നാല് യുവാക്കളെയും വീഡിയോയിൽ കാണാം. പോസ്റ്റിനോടൊപ്പം യുവതി ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'ഞാൻ പരസ്തു. എന്നെ സ്‌നേഹിക്കുന്ന ആളുകൾക്കുവേണ്ടി ഗാനങ്ങൾ ആലപിക്കാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ അവകാശമാണ്. അവഗണിക്കാൻ കഴിയില്ല. ഞാൻ സ്‌നേഹിക്കുന്ന ഈ ഭൂമിക്കുവേണ്ടിയാണ് പാടുന്നത്. ഇറാനിൽ ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞ് കിടക്കുകയാണ്. എന്റെ ശബ്ദത്തിലൂടെ മാതൃരാജ്യത്തെ സങ്കൽപിക്കൂ'-യുവതിയുടെ വാക്കുകൾ.
1979ലെ ഇറാനിയൻ വിപ്ലവത്തെ തുടർന്ന് ഇറാനിൽ സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് കർശനമാക്കിയിരുന്നു. പല സ്ത്രീകളും മതവിശ്വാസത്തിന്റെ പ്രതീകമായാണ് ഹിജാബ് ധരിക്കുന്നത്. എന്നാൽ ചിലർ ഇതിനെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിയന്ത്രണമായിട്ടാണ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇറാനിൽ അടുത്തിടെ വിവിധ തരത്തിലുളള പ്രതിഷേധങ്ങൾ ഉണ്ടായി. 2022ൽ ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് അറസ്റ്റിലായ 22കാരിയായ മഹ്സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചത് ഇറാനിൽ വലിയ തരത്തിലുളള പ്രതിഷേധമാണ് ഉണ്ടാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |