
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലേക്ക് കേരളമെമ്പാടുമുള്ള കായിക പ്രതിഭകളെ കേരളകൗമുദിക്കുവേണ്ടി സ്വാഗതം ചെയ്യുകയാണ് കോഴിക്കോട് ജന്മം നൽകിയ രണ്ട് കായിക പ്രതിഭകൾ; മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്ടൻ ടോം ജോസഫും ഒളിമ്പ്യൻ ജിൻസൺ ജോൺസണും. തങ്ങളുടെ സ്കൂൾ സമയത്തെ കായികമേളകളുടെ അനുഭവങ്ങൾ ഇരുവരും പങ്കുവയ്ക്കുന്നു.
നുണയൂ, സ്പോർട്സിന്റെ
ഹൽവാ മധുരം !
ടോം ജോസഫ്
ഞാനൊരു വോളിബാൾ കളിക്കാരനാണെങ്കിലും സ്കൂളിൽ പഠിക്കുമ്പോൾ ഓട്ടക്കാരനായാണ് കായിക രംഗത്തേക്ക് വന്നത്. പേരാമ്പ്രയിൽ നടന്ന ഉപജില്ലാ കായികമേളയിൽ മത്സരിക്കാനിറങ്ങിയതിന്റെ ഓർമ്മകൾ മനസിലിപ്പോഴും പച്ചപിടിച്ചുകിടപ്പുണ്ട്. സ്കൂളിലെ വലിയ ഓട്ടക്കാരനായതിനാൽ 100 മീറ്ററിലും റിലേയിലും മത്സരിക്കാനാണ് ഇറക്കിയത്. ലൈനിട്ട മഡ് ട്രാക്കിൽ മത്സരിക്കാൻ ഇറങ്ങുന്നത് ആദ്യമായിരുന്നു. അതിന്റെ ആവേശവും ഒപ്പം പേടിയും. രണ്ട് മത്സരങ്ങളിലും മൂന്നാം സ്ഥാനമാണ് കിട്ടിയത്. എന്റെ ജീവിതത്തിലെ ആദ്യ മെഡൽ. അതിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടാത്തതുകൊണ്ട് ജില്ലാതലത്തിൽ മത്സരിക്കാൻ കഴിഞ്ഞില്ല. പിന്നെ ഞാൻ വോളിബാളിലേക്ക് തിരിഞ്ഞു.
ഈ കായികമേളയിൽ മത്സരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ; ഇവിടെ വിജയവും പരാജയവുമല്ല കാര്യം. പങ്കാളികളാവുകയാണ് പ്രധാനം. ഒരു ട്രാക്കിലെ എട്ടുലൈനുകളിൽ ഓടുന്നവരിൽ ഒരാൾക്കേ ഒന്നാമതെത്താനാകൂ. എന്നാൽ എട്ടുപേരും ഓടുമ്പോഴേ അത് മത്സരമാകൂ. ഇവിടെ സ്വർണം നേടുന്നതുകൊണ്ടുമാത്രം ആരും ലോകോത്തര കായിക താരമാകുന്നില്ല. മെഡൽ കിട്ടിയില്ലെന്നുകരുതി ആരും ഭാവിയിൽ കായിക താരമാകാതിരിക്കുകയുമില്ല. വിജയിക്കുന്നവരെ അഭിനന്ദിക്കുക, വിജയിക്കുന്നവർ ഒപ്പം മത്സരിച്ചവരെ അംഗീകരിക്കുക. അതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്.
കലയെ മാത്രമല്ല സ്പോർട്സിനെയും സ്നേഹിക്കുന്നവരാണ് കോഴിക്കോടുകാർ. ജയിച്ചാലും ഇല്ലെങ്കിലും കോഴിക്കോടിന്റെ ആതിഥ്യമര്യാദകൾ ആവോളം ആസ്വദിച്ചേ മടങ്ങാവൂ. നല്ല കോഴിക്കോടൻ ഹലുവയുടേയും ബിരിയാണിയുടേയും സ്മരണകളും എക്കാലവും നിങ്ങളുടെ ഓർമകളിലുണ്ടാവട്ടെ....
മുന്നോട്ടുപോകാൻ
ഇനിയുമേറെ ദൂരം
ജിൻസൺ ജോൺസൺ
കായിക മേള കോഴിക്കോട് തുടങ്ങുമ്പോൾ ഓർക്കുവാൻ ഒരുപാടുകാര്യങ്ങളുണ്ട്. ഞാൻ ഓടിത്തുടങ്ങിയ മണ്ണാണിത്. എന്റെ സ്വപ്നങ്ങൾക്ക് വേഗം പകർന്ന മൈതാനങ്ങൾ.കുട്ടികളിൽ കായികാഭിരുചി വളർത്താനും അവരുടെ കഴിവുകൾ കണ്ടെത്താനും സ്കൂൾ കായികമേളകൾക്ക് വലിയ പങ്കുണ്ട്. മത്സരിക്കാനുള്ള അവസരം മാത്രമല്ല, ആത്മവിശ്വാസം വളർത്താനും വലിയ സ്വപ്നങ്ങൾ കാണാനും ഇത്തരം വേദികൾ പ്രചോദനമാകും. കായികമേഖലയ്ക്ക് ഇന്ന് ലഭിക്കുന്ന പ്രാധാന്യവും കുട്ടികൾക്കായി ഒരുക്കുന്ന സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം.
ഓരോ കുട്ടിക്കും വലിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്ര ഇവിടെനിന്ന് തുടങ്ങാനാകും. കായികമേളയെ ഒരു തുടക്കമായി കാണണം. ജയവും തോൽവിയും ഉണ്ടാകാം. പക്ഷേ, അതിന്റെ പേരിൽ ആരും മനസ്സ് തളർത്തരുത്. ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകാനുണ്ട്. പ്ലസ് ടു വിദ്യാർത്ഥിയായിരിക്കെ 2007ൽ കോട്ടയത്തായിരുന്നു എന്റെ ആദ്യ സംസ്ഥാനതല മത്സരം. 1500 മീറ്ററിൽ സ്വർണം നേടാനായി. കോഴിക്കോട്ട് നടന്ന ജില്ലാ കായികമേളകളിലും നിരവധി തവണ മത്സരിച്ചിട്ടുണ്ട്. അന്ന് മത്സരാർത്ഥിയായി ഓടിയ മണ്ണിലേക്ക് ഒളിമ്പ്യനായി തിരിച്ചെത്തുമ്പോൾ കായികമേഖലയിൽ വന്നത് വലിയ മാറ്റങ്ങളാണ്.വീടിനടുത്തുള്ള ചെറിയ പഞ്ചായത്ത് ഗ്രൗണ്ടിലായിരുന്നു പരിശീലനം.സംസ്ഥാനത്ത് മത്സരിച്ചപ്പോൾ ഓടിയത് മഡ് ട്രാക്കിൽ. ഇന്ന് കോഴിക്കോട്ട് സിന്തറ്റിക് ട്രാക്കുകളുള്ള നിരവധി ഗ്രൗണ്ടുകളുണ്ട്. കുട്ടികൾക്ക് മികച്ച പരിശീലനസൗകര്യങ്ങളും അവസരങ്ങളും ലഭിക്കുന്നു.
മത്സരിക്കുന്ന ആയിരക്കണക്കിന് കുട്ടികളിൽ ചുരുക്കം പേർക്കു മാത്രമായിരിക്കും ഒളിമ്പിക്സ് പോലുള്ള വലിയ വേദികളിലെത്താൻ കഴിയുക. എന്നാൽ, അതിന്റെ പേരിൽ മറ്റുള്ളവർ നിരാശരാകേണ്ടതില്ല. മത്സരത്തിൽ പങ്കെടുക്കുക, സ്വന്തം കഴിവുകൾ തിരിച്ചറിയുക, ലക്ഷ്യത്തിനായി പരിശ്രമിക്കുക. ജയവും തോൽവിയും ഒന്നിന്റെയും അവസാനമല്ല. നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കണം. വഴിയിൽ പല തടസങ്ങളുമുണ്ടാകും. അതിലൊന്നും തളർന്നുപോകരുത്. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകൂ. പരിശ്രമിച്ചാൽ ഫലമുണ്ടാകും, അതെന്റെ ഉറപ്പാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |