SignIn
Kerala Kaumudi Online
Monday, 26 October 2026 2.36 AM IST

തട്ടകത്തിൽ ബ്ളാസ്റ്റേഴ്സിന് ഗോളില്ലാ സമനില നിരാശ

blasters

കൊച്ചി: സ്വന്തം തട്ടകത്തിലെ കന്നി മത്സരത്തിൽ പ്രിയ ടീമിന്റെ വിജയം കാണാൻ ഇരമ്പിയെത്തിയ ആരാധകരെ നിരാശരാക്കി കേരളബ്‌ളാസ്റ്റേഴ്‌സ്. ഇന്നലെ മുംബെയ്സിറ്റിക്കെതിരായ ഐ.എസ്.എൽ പോരാട്ടം ഗോൾരഹിത സമനിലയിൽകലാശിച്ചു.ഗോൾ വീഴുമെന്ന് ആരാധകർ പ്രതീക്ഷിച്ച പല സന്ദർഭങ്ങളും മുതലാക്കാൻ ബ്‌ളാസ്റ്റേഴ്‌സിന് കഴിഞ്ഞതുമില്ല.

പുതിയസീസണിൽ സ്വന്തം തട്ടകത്തിലെ ആദ്യത്തെ മത്സരം കാണാൻ കലൂർ സ്റ്റേഡിയത്തിലേയ്ക്ക് ആരാധകർ ഒഴുകിയെത്തിയിരുന്നു. മുംബയ് ഉയർത്തിയ വെല്ലുവിളി ഗോളാക്കാതെ തടഞ്ഞുനിറുത്താൻ കഴിഞ്ഞതിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം. ഗോൾ രഹിതമായി നേടിയ ഒരു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് എത്തി.ഈ മാസം31ന് ചെന്നൈയിൻ എഫ്.സിയെ അവരുടെ നാട്ടിൽ ബ്ലാസ്റ്റേഴ്‌സ് നേരിടും.

നോർത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയ ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ ആഷ്‌ലെ വെസ്റ്റ് വുഡ് കളിക്കാരെ നിശ്ചയിച്ചത്. വിപിൻ മോഹനനെയും ആൻഡ്രേ ഗ്രീനിനെയും ഗോൾ ബാറിന് കീഴിൽ അർഷ് ഷെയ്ക്കിനെയും പുറത്തിരുത്തി. മോമോ യാൻസാനെയും ജെയിംസ് ബോൾട്ടനും ഇടം നൽകി. ഗോൾ ബാറിന് കീഴിൽ പരിചയ സമ്പന്നനായ അമരീന്ദ്രസിംഗും കളത്തിലിറങ്ങി. മഞ്ഞപ്പടയ്ക്കായി അമരീന്ദറിന്റെ അരങ്ങേറ്റത്തിന് കൂടിയാണ് കൊച്ചി സാക്ഷ്യം വഹിച്ചത്.

മലയാളിതാരം മുഹമ്മദ് സനാനും ആരാധകർക്ക് ആഘോഷമായി. രണ്ടാം മിനിറ്റിൽ മുംബയ്ക്ക് ലഭിച്ച കോർണറാണ് കളിക്ക് ഉന്മേഷം പകർന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ചടുലമായ നീക്കങ്ങളിൽ മുംബയ് ഗോൾ മുഖത്ത് വിസ്മയനിമിഷങ്ങൾ പിറന്നു. മുംബയുടെ ഗോളി ടിപി രഹ്‌നേഷാണ് ഗോൾ ഒഴിവാക്കിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ ലൂണയും നെബോജ്‌സ കുസോവികും നടത്തിയ നീക്കങ്ങൾ ആവേശകരമായി. മുഹമ്മദ് സനാനിന്റെ ഷോട്ട് തട്ടിയകറ്റാൻ മുംബെയ് വിഷമിച്ചു. ആദ്യത്തെ 20 മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച നീക്കങ്ങൾ നടത്തി.

22ാം മിനിറ്റിൽ മുംബയ് നടത്തിയ കുതിപ്പ് ബ്‌ളാസ്റ്റേഴ്‌സിനെ വലച്ചു. പ്രതിരോധം പിഴച്ചപ്പോൾ ഗോൾ വീഴുമെന്ന പ്രതീതിയായി. ബ്‌ളാസ്റ്റേഴ്‌സിന്റെ ഗോൾ കീപ്പർ അമരീന്ദർ സിംഗിന്റെ ഉജ്വലമായ നീക്കമാണ് ഗോൾ ഒഴിവാക്കിയത്. അമരീന്ദർഎന്ന ഗോളിയുടെ മികവും കരുത്തും തെളിയിച്ച നിമിഷമായിരുന്നു അത്. പിന്നാലെ മുംബയ്ബോക്‌സിൽ തുടർച്ചയായി ബ്ലാസ്റ്റേഴ്‌സ് പന്തെത്തിച്ചെങ്കിലും ഗോൾ നേടാനായില്ല.

രണ്ടാം പകുതിയിൽ കോറോ സിംഗിനെ മാറ്റി മുന്നേറ്റനിരയിലെ ശ്രീക്കൂട്ടനെ കളത്തിലിറക്കിയെങ്കിലും തലനാരിഴയ്ക്ക് അവസരങ്ങൾ നഷ്ടമായി. മോമോ യാൻസാന് ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച പന്ത് ഗോളാക്കാൻ കഴിയാത്തത് ആരാധകരംനിരാശയിലാക്കി. പിന്നാലെ യാൻസാനെ മാറ്റി ആൻഡ്രേ ഗ്രീനിനെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കിയത് ഉൾപ്പെടെ നീക്കങ്ങൾ ഗോൾ നേടുകയെന്ന ലക്ഷ്യത്തിലെത്തിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BLASTERS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360