
കോഴിക്കോട്: ഇനി ഏഴുനാൾ കായിക കേരളം കോഴിക്കോടിന്റെ മണ്ണിലേക്ക് ഇരമ്പിയെത്തും. പുതിയ ദൂരവും വേഗവും ഉയരവും തേടിയുള്ള ഭാവി കേരളത്തിന്റെ കുതിപ്പിന് ഇവിടെ തുടക്കമാകും. മഴ മാറിനിന്ന ആകാശത്തിന്റെ ചുവട്ടിൽ, കോഴിക്കോട്ട് എൻ.ഐ.ടിയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ ദീപം തെളിച്ചു. വർണാഭമായ മാർച്ച് പാസ്റ്റിനും സാംസ്കാരിക പരിപാടികൾക്കും മൈതാനം സാക്ഷിയായി. ഇന്ന് പ്രത്യേക പരിഗണന അർഹിക്കുന്നകുട്ടികളുടെ മത്സരങ്ങളോടെ ട്രാക്കുണരും. നാളെമുതലാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ.
ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ പി.ടി. ഉഷ എം.പി, മന്ത്രിമാരായ ടി സിദ്ദിഖ്, ഒ.ജെ ജനീഷ്, എം.കെ രാഘവൻ എം.പി, മേയർ ഒ.സദാശിവൻ, എം.എൽ.എമാരായ എം.എ. റസാഖ് , പാറക്കൽ അബ്ദുള്ള, കെ. ജയന്ത്, കെ പ്രവീൺകുമാർ, കെ.കെ. രമ, സി.കെ. കാസിം, ഫൈസൽ ബാബു, പി.കെ. ഫിറോസ്, വി.ടി. സൂരജ്, ഫാത്തിമ തഹ്‌ലിയ, വിദ്യാ ബാലകൃഷ്‌ണൻ, ടി.പി അഷ്‌റഫ് അലി, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സജിത്ത് ബാബു, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയൻ, ഒളിമ്പിക് മെഡലിസ്റ്റും വിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടറുമായ പി.ആർ ശ്രീജേഷ് എന്നിവർ പങ്കെടുത്തു.
നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. 14 ജില്ലാ ടീമുകൾക്കുമൊപ്പം എസ്.പി.സി, എൻ.സി.സി കേഡറ്റുകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ഇൻക്ലൂസീവ് സ്പോർട്സ് താരങ്ങൾ എന്നിവരും മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. മന്ത്രി എൻ. ഷംസുദ്ദീൻ സല്യൂട്ട് സ്വീകരിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 താരങ്ങൾ പങ്കെടുക്കുന്ന അത്‌ലറ്റിക്സ് മത്സരങ്ങളടക്കം പത്തുവേദികളിലായാണ് കായികമേള നടക്കുന്നത്. ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർഥികളും മത്സരരംഗത്തുണ്ട്.
ഇൻക്ലൂസീവ് മത്സരത്തോടെ തുടക്കം
ഇന്ന് എൻ.ഐ.ടി സിന്തറ്റിക് ട്രാക്കിൽ ഇൻക്ലൂസീവ് അത്‌ലറ്റിക്സോടെ മത്സരങ്ങൾക്ക് തുടക്കമാകും. നാളെ മുതൽ 31 വരെയാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ. വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, കരാട്ടെ, ബോൾ ബാഡ്മിന്റൺ, നെറ്റ്ബോൾ, ത്രോബോൾ, ഇൻക്ലൂസീവ് ക്രിക്കറ്റ്, ബോക്സ്ബോൾ, ഹാൻഡ്ബോൾ, ബാഡ്മിന്റൺ, ഫുട്ബോൾ, വടംവലി, യോഗ, ബാസ്കറ്റ്ബോൾ, ക്രോസ് കൺട്രി തുടങ്ങിയ ഇനങ്ങളിലും താരങ്ങൾ മാറ്റുരയ്ക്കും.
കായിക താരങ്ങൾ ഇനി കടം വാങ്ങേണ്ട: മുഖ്യമന്ത്രി
കോഴിക്കോട്: രാജ്യത്തിനകത്തും പുറത്തുമുള്ള മത്സരങ്ങൾക്ക് പോകുന്ന കേരളത്തിലെ കുട്ടികളുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ ഇനി കടം വാങ്ങേണ്ട സാഹചര്യമുണ്ടാകില്ല. കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിപുലമായ പദ്ധതികളും സാമ്പത്തിക പാക്കേജുകളും സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായികരംഗത്ത് കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് സാമ്പത്തിക പ്രതിസന്ധി തടസമാകരുതെന്നതാണ് സർക്കാർ നിലപാട്. മത്സരങ്ങളിൽ വിജയിച്ചെത്തുന്നവർക്ക് സ്വീകരണം നൽകുന്നതിനൊപ്പം അവരുടെ അക്കൗണ്ടുകളിലേക്ക് സാമ്പത്തിക സഹായവും നൽകും. കായിക നേട്ടങ്ങളെ അംഗീകരിക്കുന്നതിൽ മാത്രം ഒതുങ്ങാതെ തുടർ പരിശീലനത്തിനും വളർച്ചയ്ക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കും. കായികമേഖലയിൽ കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനും അന്താരാഷ്ട്രതലത്തിൽ മികവ് തെളിയിക്കാൻ പ്രാപ്തരാക്കുന്നതിനും കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മലബാറിൽ ഫുട്ബാൾ സ്റ്റേഡിയം
കായികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകും. മലബാറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ കളിക്കളങ്ങൾ ഒരുക്കുന്നതിന് പദ്ധതിയുണ്ട്. പ്രാദേശികതലത്തിൽനിന്ന് അന്താരാഷ്ട്രതലത്തിലേക്ക് കായികതാരങ്ങൾക്ക് വളരാനുള്ള സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |