ജൊഹന്നാസ്ബർഗ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ വിജയത്തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ മത്സരത്തിൽ 67 റൺസിനാണ് ആതിഥേയർ ഓസ്‌ട്രേലിയയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 297 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 41.2 ഓവറിൽ 230 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
മാത്യു ബ്രെട്സ്‌കെ നേടിയ സെഞ്ച്വറിയും മാർക്കോ യാൻസന്റെ വെടിക്കെട്ട് ബാറ്റിംഗുമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന് കരുത്തായത്. 106 പന്തിൽ 112 റൺസെടുത്ത ബ്രെട്സ്‌കെ ഏകദിനത്തിലെ തന്റെ രണ്ടാം സെഞ്ച്വറിയാണ് കുറിച്ചത്. 67 പന്തിൽ 75 റൺസുമായി യാൻസനും തിളങ്ങി. നാല് സിക്സും ഏഴ് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു യാൻസന്റെ ഇന്നിംഗ്സ്.
ഇപ്പോഴിതാ മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും തിളങ്ങിയ പ്രോട്ടീസ് താരം മാർക്കോ യാൻസന്റെ ക്യാച്ചാണ് ശ്രദ്ധേയമാകുന്നത്. ജെറാൾഡ് കോയറ്റ്സിയുടെ 37-ാം ഓവറിലെ രണ്ടാം പന്തിൽ ഓസീസ് താരം മാറ്റ് റെൻഷാ സിക്‌സിനായി ബാറ്റുവീശി. പന്ത് ബൗണ്ടറി കടക്കുമെന്ന് ഉറപ്പിച്ച നിമിഷത്തിലായിരുന്നു ഡീപ് മിഡ് വിക്കറ്റിൽ നിന്നുള്ള യാൻസന്റെ മിന്നൽ നീക്കം. വലത്തേക്ക് പാഞ്ഞെത്തിയ യാൻസൻ നിലത്തേക്ക് ചാടി ഒരുകൈയിൽ പന്ത് കൈപ്പിടിയിലൊതുക്കി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
44 റൺസുമായി ഓസീസ് ഇന്നിംഗ്സിന് കരുത്തേകുകയായിരുന്ന റെൻഷായുടെ വിക്കറ്റ് മത്സരത്തിന്റെ ഗതി മാറ്റിയ നിർണായക നിമിഷമായിരുന്നു. റെൻഷാ മടങ്ങിയതിന് ശേഷം ഓസ്‌ട്രേലിയയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതോടെ യാൻസന്റെ അതിശയിപ്പിക്കുന്ന ക്യാച്ച് ദക്ഷിണാഫ്രിക്കയ്ക്ക് നിർണായക വഴിത്തിരിവായി. ഇതോടെ കോയറ്റ്സിക്ക് ഏകദിനത്തിലെ ആദ്യ വിക്കറ്റും ലഭിച്ചു.
MARCO JANSEN WHAT HAVE YOU DONE 🤯🤯🤯 https://t.co/vLHpHDZmBC
— England's Barmy Army 🏴🎺 (@TheBarmyArmy) September 24, 2026
75 റൺസ് നേടിയതിന് പുറമേ മത്സരത്തിൽ നാല് ക്യാച്ചുകളും ഒരു വിക്കറ്റുമാണ് യാൻസൻ സ്വന്തമാക്കിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ 50 റൺസ് നേടുകയും നാല് ക്യാച്ചുകൾ എടുക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത താരങ്ങളുടെ പട്ടികയിൽ യാൻസനും ഇടംപിടിച്ചു. അദ്ദേഹത്തിന് മുമ്പ് സച്ചിൻ ടെൻഡുൽക്കർ, യൂനിസ് ഖാൻ, മൈക്കൽ ക്ലാർക്ക്, മാർനസ് ലബുഷെയ്ൻ എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ഓസ്‌ട്രേലിയൻ ഇന്നിംഗ്സിൽ ക്യാപ്ടൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ തുടക്കത്തിൽ സമ്മർദ്ദത്തിലാക്കിയിരുന്നു. ഹെഡ് 56 പന്തിൽ 90 റൺസും മാർഷ് 36 പന്തിൽ 60 റൺസും നേടി. മാർഷിന്റെ ഇന്നിംഗ്സിൽ ആറ് സിക്സുകളുണ്ടായിരുന്നു. യാൻസനെതിരെ താരം നേടിയ 104 മീറ്റർ സിക്സ് സ്റ്റേഡിയത്തിന്റെ മേൽക്കൂര കടന്ന് റോഡരികിലാണ് പതിച്ചത്.
എന്നാൽ പിന്നീട് സ്പിന്നർമാരായ കേശവ് മഹാരാജും ബിയോൺ ഫോർട്ട്യൂനും മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മഹാരാജ് 20 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഫോർട്ട്യൂൻ 34 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. പേസ് ബൗളർമാരുടെ അഭാവം നികത്തിയാണ് പ്രോട്ടീസ് സ്പിന്നർമാർ ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്.
ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് കഗിസോ റബാഡയും ക്വേന മഫാക്കയും അടക്കം നാല് മുൻനിര പേസർമാർ പരമ്പരയിൽ നിന്ന് പുറത്താണ്. ഈ സാഹചര്യത്തിലും ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ചയും മൂന്നാം മത്സരം ബുധനാഴ്ചയും നടക്കും.
South Africa defeated Australia by 67 runs in the first ODI, taking a 1-0 lead in the series. Matthew Breetzke scored 112 and Marco Jansen contributed 75 runs. Jansen also took a spectacular catch to dismiss Matt Renshaw, turning the game. Keshav Maharaj's four wickets for 20 runs sealed the victory for South Africa despite injuries to key pacers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |