
ടെഹ്റാൻ: യു.എസ് വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ. ഇസ്രയേലോ യു.എസോ ആക്രമണങ്ങൾ പുനരാരംഭിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലേക്കോ വേണ്ടിവന്നാൽ അതിനപ്പുറത്തേക്കോ യുദ്ധം വ്യാപിപ്പിക്കാൻ സൈന്യം സജ്ജമാണെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിയുടെ സൈനിക ഉപദേഷ്ടാവ് യഹ്യാ റഹീം സഫാവി മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ മഹാസമുദ്രത്തിൽ ഡീഗോ ഗാർഷ്യ ദ്വീപിലെ യു.എസ്- യു.കെ സൈനിക ബേസിനെ ലക്ഷ്യമിട്ടാണ് ഇറാന്റെ പ്രതികരണം. മാർച്ചിൽ ഇറാൻ ഇവിടേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തിരുന്നെങ്കിലും ലക്ഷ്യംകണ്ടിരുന്നില്ല. ഡീഗോ ഗാർഷ്യ ഇറാനിൽ നിന്ന് ഏകദേശം 3,800 കിലോമീറ്റർ അകലെയാണ്. ഡീഗോ ഗാർഷ്യയ്ക്ക് നേരെയുള്ള ആക്രമണം ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പൽ ഗതാഗതത്തിന് തിരിച്ചടിയാകും. ഇന്ത്യയടക്കം രാജ്യങ്ങളെ ബാധിക്കും.
# വഴിത്തിരിവില്ലാതെ ചർച്ച
യു.എൻ ജനറൽ അസംബ്ലിയുടെ 81 -ാം സെഷന്റെ അനുബന്ധമായി ബുധനാഴ്ച നടന്ന ഇറാൻ-യു.എസ് പരോക്ഷ ചർച്ചയിൽ വഴിത്തിരിവില്ല. ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കിടെ ഇരുഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. യു.എസ് നാവിക ഉപരോധം പിൻവലിച്ച്, മരവിപ്പിച്ച തങ്ങളുടെ ആസ്തികൾ വിട്ടുതരാതെ വെടിനിറുത്തലിന് വഴങ്ങില്ലെന്ന് ഇറാൻ വ്യക്തമാക്കി.
# ഹൂതി മിസൈലുകൾ തകർത്തു
ഇതിനിടെ സൗദി അറേബ്യയ്ക്ക് നേരെ പ്രകോപനം ആവർത്തിച്ച് യെമനിലെ ഹൂതി വിമതർ. തൈഫ്, യാൻബു നഗരങ്ങളെ ലക്ഷ്യമാക്കിയ ആറ് ബാലിസ്റ്റിക് മിസൈലുകളെ സൗദി തകർത്തു. വിശുദ്ധ നഗരമായ മക്കയിൽ അടക്കം ജാഗ്രതാ നിർദ്ദേശം നൽകിയെങ്കിലും പിൻവലിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |