SignIn
Kerala Kaumudi Online
Friday, 25 September 2026 2.02 AM IST

യുപിയിൽ സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പത് മരണം

s

ലക്‌നൗ: സ്ലീപ്പർ ബസുകളിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് വീണ്ടും അപകടം. ഉത്തർ പ്രദേശിൽ സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പത് പേർക്ക് ദാരുണാന്ത്യം. യമുന എക്സ്പ്രസ്‌വേയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നോയിഡയിൽനിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് 35 പേരുമായി പോകുകയായിരുന്നു ബസ്. 11.45ഓടെ പൊട്ടിത്തെറിയുണ്ടാകുകയും എൻജിനിലെ ഓയിലിന് തീപിടിക്കുകയുമായിരുന്നു. എ.സി പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. ബസിന്റെ ജനാല തകർത്ത് പലരും ചാടി രക്ഷപ്പെട്ടു. അഗ്നിരക്ഷാസേനയും പൊലീസുമെത്തിയാണ് തീയണച്ചത്. സംഭവത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം തീ പടരുന്ന വിവരം അറിഞ്ഞിട്ടും ഡ്രൈവർ ബസ് നിറുത്താൻ തയാറായില്ലെന്നും ജീവനക്കാർ പുക വലിച്ചെന്നും യാത്രക്കാർ പരാതിപ്പെട്ടു.

ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചു. 60ലേറെ നിയമലംഘനം നടത്തിയിട്ടുള്ള ബസാണിതെന്ന് അധികൃതർ അറിയിച്ചു. 20ലധികം കേസുകളിലായി 1.7 ലക്ഷത്തിലധികം രൂപ പിഴ കുടിശികയുമുണ്ട്. ജനുവരിയിൽ യു.പിയിൽ തന്നെ രണ്ട് സ്ലീപ്പർ ബസുകൾക്കാണ് തീപിടിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ യമുന എക്സ്പ്രസ്‌വേയിലുണ്ടായ അപകടത്തിൽ 19 പേ‌രാണ് മരിച്ചത്.

'നിങ്ങൾ മരിച്ചാലും ബസ് നിറുത്തില്ല'

അപകടത്തിന് തൊട്ടുമുമ്പ് ഡ്രൈവറുടെ ക്യാബിനിൽ നിന്ന് പുക ഉയരുകയും കത്തുന്ന മണം അനുഭവപ്പെടുകയും ചെയ്തിരുന്നതായി യാത്രക്കാർ പറയുന്നു. ഇക്കാര്യം ഡ്രൈവറുടെയും കണ്ടക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അവർ പരിഹസിക്കുകയും മിണ്ടാതിരിക്കാൻ പറയുകയും ചെയ്തു. മാത്രമല്ല ഇവർ ബസിൽ വച്ച് സിഗരറ്റ് വലിക്കുകയും ചെയ്തു. പിന്നാലെ ബസിന്റെ മുൻഭാഗത്തുനിന്ന് തീ ഉയർന്നു. യാത്രക്കാർ ബസ് നിറുത്താൻ ആവശ്യപ്പെടുകയും നിലവിളിക്കുകയും ചെയ്തു. നിങ്ങൾ മരിച്ചാലും ഒന്നുമില്ലെന്നും ബസ് നിറുത്താനാകില്ലെന്നുമായിരുന്നു ഡ്രൈവറുടെ മറുപടിയെന്ന് യാത്രക്കാർ പൊലീസിനെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL, UP, SLEEPER BUS, FIRE IN BUS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360