
ന്യൂഡൽഹി: വ്യോമസേനയ്ക്കായി (ഐ.എ.എഫ്) 60 മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റുകൾ (എം.ടി.എ) വാങ്ങുന്നതിനുള്ള ഒരു ലക്ഷം കോടി രൂപയുടെ വൻ കരാറിൽ നിന്ന് യൂറോപ്യൻ വിമാന നിർമ്മാണ കമ്പനിയായ എയർബസ് പിന്മാറി.
തങ്ങളുടെ 'എ400എം" വിമാനങ്ങൾക്ക് വ്യോമസേന നിർദ്ദേശിച്ച മാനദണ്ഡങ്ങളേക്കാൾ ഉയർന്ന ഭാരവാഹന ശേഷിയും ഉയർന്ന നിർമ്മാണ-പരിപാലനച്ചെലവും വരുമെന്നതും, മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്ത എൻജിൻ തകരാറുകളുമാണ് പിന്മാറ്റത്തിനു കാരണമെന്നാണ് സൂചന.
വ്യോമസേനയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച ടെൻഡർ പ്രകാരം 12 വിമാനങ്ങൾ നേരിട്ടും, ബാക്കി 48 വിമാനങ്ങൾ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയിലൂടെ ഇന്ത്യൻ പങ്കാളികളുമായി ചേർന്ന് രാജ്യത്തും നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ ഉപയോഗിക്കുന്ന പഴയ ആന്റൊണോവ് എ.എൻ32 വിമാനങ്ങൾക്ക് പകരമായി 18 മുതൽ 30 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനങ്ങളാണ് വ്യോമസേന ആവശ്യപ്പെടുന്നത്. എന്നാൽ എ400എം വിമാനങ്ങൾക്ക് 37 ടൺ ശേഷിയുണ്ട്. ഇത് അനാവശ്യ ഇന്ധനച്ചെലവിനും പ്രവർത്തന ബാധ്യതയ്ക്കും വഴിവെക്കും.
കൂടാതെ എ400എമ്മിൽ ഉപയോഗിക്കുന്ന യൂറോപ്രോപ് ടി.പി400-ഡി6 എൻജിനുകളുടെ മുൻകാല സാങ്കേതിക തകരാറുകളും പിന്മാറ്റത്തിന് കാരണമായി.
വ്യോമസേനയുടെ പക്കൽ നിലവിൽ സി17, ഇല്ല്യൂഷിൻ ഐ.ഐ-76 എന്നീ വലിയ വിമാനങ്ങൾ ഉള്ളതിനാൽ എ400എം നൽകുന്ന അധിക ശേഷി ഇടത്തരം മുൻഗണനകളിൽ ആവശ്യമില്ല.
എയർബസിന്റെ പിന്മാറ്റത്തോടെ വ്യോമസേനയുടെ അന്തിമ പട്ടികയിൽ ബ്രസീൽ നിർമിത എബ്രയർ ഇ390 മില്ലേനിയം, യു.എസ്. നിർമിത ലോക്ക്ഹീഡ് മാർട്ടിൻ ഇസി-130ജെ സൂപ്പർ ഹെർക്കുലീസ് എന്നിവയാണ് ശേഷിക്കുന്നത്.
ഇതിൽ 26 ടൺ ഭാരവാഹന ശേഷിയുള്ള എബ്രയർ ഇ390 മില്ലേനിയം വ്യോമസേനയുടെ ആവശ്യകതയ്ക്ക് ഏറ്റവും അനുയോജ്യമാണ്. അതേസമയം 20 ടൺ ശേഷിയുള്ള ലോക്ക്ഹീഡ് മാർട്ടിൻ ഇസി-130ജെ വിമാനം നിലവിൽത്തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതിനാൽ അറ്റകുറ്റപ്പണികൾക്കും പരിശീലനത്തിനും കൂടുതൽ എളുപ്പമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |