മാങ്ങയോട് സാമ്യമുള്ള കായകളുമായി കേരളത്തിൽ പൊതുവെ കാണുന്ന ഒരു മരമുണ്ട്. എന്നാൽ ആ മരത്തിലെ പഴത്തിന് ഒരു മനുഷ്യനെ വരെ കൊല്ലാൻ കഴിയുമെന്ന് പറഞ്ഞാൽ ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ പറ്റില്ല. അതാണ് 'ഒതളങ്ങ'. 'ആത്മഹത്യാമരം എന്നാണ് പൊതുവെ ഇതിനെ അറിയപ്പെടുന്നത്. 'സെർബെറ ഒഡോല്ലം (cerbera odollam) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇതിന്റെ വിഷം ഉള്ളിൽ ചെന്നാൽ മരിക്കുമെന്ന് മാത്രമല്ല മരണകാരണം കൃത്യമായി കണ്ടെത്താൻ ഡോക്ടർമാർക്കും ഫൊറൻസിക് വിദഗ്ധർക്കും വലിയ പ്രയാസമാണ്.
'ജേണൽ ഓഫ് എത്നോഫാർമക്കോളജി' 2004ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഒതളമരം 'അപ്പോസൈനേസി (Apocynaceae)' സസ്യ കുടുംബത്തിൽപ്പെട്ടതാണ്. വിഷാംശമുള്ള നിരവധി സസ്യങ്ങൾ ഉൾപ്പെടുന്ന കുടുംബമാണിത്. ഒതളങ്ങയിലെ വിത്തുകളിൽ 'സെർബെറി' എന്ന വിഷപദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണ പ്രബന്ധത്തിൽ വ്യക്തമാക്കുന്നു. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന വിഷമാണിത്. ഇത് ഹൃദയസ്തംഭനത്തിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. ഈ പഠനം ഒതങ്ങള വിഷത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നു. യ്വാൻ ഗെയ്യാർഡ്, അനന്തശങ്കരൻ കൃഷ്ണമൂർത്തി, ഫാബിയൻ ബെവലോ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
'ദി കാരവൻ' മാസികയിൽ 2015 സെപ്തംബറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം ഈ ഫലം 'സീ മാംഗോ' എന്ന് അറിയപ്പെടുന്നു. മാങ്ങയോട് സാമ്യമുള്ളതിനാൽ ഇവയുടെ പുറംരൂപം അപകടസൂചന നൽകുന്നില്ല. കേരളത്തിന്റെ തീരപ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങൾക്ക് സമീപത്തുമെല്ലാം ഈ മരം കാണപ്പെടുന്നതിനാൽ അതിന്റെ വിഷസ്വഭാവത്തെക്കുറിച്ചുള്ള അവബോധം ജനങ്ങൾക്ക് നൽകേണ്ടത് അത്യാവശ്യമാണ്.
1989മുതൽ 1999 വരെയുള്ള കാലയളവിൽ കേരളത്തിൽ ഒതളങ്ങവിഷബാധയുമായി ബന്ധപ്പെട്ട് 537 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി പറയുന്നു. എന്നാൽ ഇത് മുൻപുള്ള കണക്കാണ്. നിലവിലെ മരണനിരക്ക് എത്രയാണെന്ന് വ്യക്തമല്ല. ഈ സസ്യത്തെക്കുറിച്ച് ഡോക്ടർമാരും ഫോറൻസിക് ടോക്സിക്കോളജിസ്റ്റുകളും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന് 2004ലെ പ്രബന്ധത്തിൽ മുന്നറിയിപ്പ് നൽകുന്നു. ചില മരണങ്ങൾ കൊലപാതകങ്ങളാകാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയും ഇതിൽ വ്യക്തമാക്കുന്നു. എന്നാൽ വിഷബാധ തിരിച്ചറിയുന്നതിലും സംശയാസ്പദമായ മരണങ്ങളിൽ കൃത്യമായ നിഗമനത്തിലെത്തുന്നതിലും ഉണ്ടായിരുന്ന പരിമിതികളും ഗവേഷകർ ചൂണ്ടിക്കാട്ടി. ചില കേസുകളിൽ മനഃപൂർവമായ വിഷപ്രയോഗം നടന്നിരിക്കാമെന്ന സംശയവും ഗവേഷകർ ഉയർത്തുന്നു.
ഒതളങ്ങ കഴിച്ചാൽ എന്ത് വിഷമാണ് ഉള്ളിൽ ചെന്ന് മരിച്ചതെന്ന് കണ്ടെത്തുക പ്രയാസമാണ്. രോഗി പറഞ്ഞല്ലാതെ പലപ്പോഴും ഡോക്ടർമാർക്ക് ഒതളങ്ങ വിഷം ഉള്ളിൽ ചെന്ന വിവരം അറിയാൻ പറ്റില്ല. ഒതളങ്ങയുടെ പരിപ്പിലാണ് വിഷം കൂടുതൽ. കായൊന്നിലുള്ള രണ്ട് പരിപ്പുകൾ കഴിച്ചാൽ മരണം നിശ്ചയം.
2015ൽ ദി വാഷിംഗ്ടൺ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അന്നത്തെ സാധാരണ പോസ്റ്റ്മോർട്ടം പരിശോധനകളിൽ സെർബെറിൻ വിഷബാധ തിരിച്ചറിയുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. വിഷബാധയുണ്ടായ വ്യക്തിയുടെ ഹൃദയത്തിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി സാമ്യമുള്ളതായിരിക്കാം. എന്നാൽ വിഷം കണ്ടെത്താനാവില്ല എന്നല്ല ഇതിനർത്ഥം. മരണത്തിന്റെ സാഹചര്യങ്ങൾ, രോഗലക്ഷണങ്ങൾ, പോസ്റ്റ്മോർട്ടം കണ്ടെത്തലുകൾ, അനുയോജ്യമായ ടോക്സിക്കോളജി പരിശോധനകൾ എന്നിവ ഒരുമിച്ച് വിലയിരുത്തേണ്ടതുണ്ട്.
ഡിഗോക്സിൻ എന്ന മറ്റൊരു കാർഡിയാക് ഗ്ലൈക്കോസൈഡിനെ കണ്ടെത്താൻ ഉപയോഗിക്കുന്ന സാധാരണ പരിശോധനകൾ കൊണ്ട് സെർബെറിൻ വിഷബാധ കണ്ടെത്താനാവില്ല. അതിനാൽ വിഷബാധ സംശയിക്കുന്നതും അനുയോജ്യമായ ലബോറട്ടറി പരിശോധനകൾ തിരഞ്ഞെടുക്കുന്നതും നിർണായകമാണ്.
2015 മേയിൽ ആലപ്പുഴയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലനകേന്ദ്രത്തിൽ വിഷബാധയുണ്ടായതിനെ തുടർന്ന് നാല് കൗമാരക്കാരായ കായികതാരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരു പെൺകുട്ടി മരിച്ചു. 'ദി കാരവാൻ' പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും ഈ സംഭവം പരാമർശിക്കുന്നു. ഒതളങ്ങയുമായി ബന്ധപ്പെട്ട വിഷബാധയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ശ്രദ്ധ ലഭിച്ച സംഭവങ്ങളിലൊന്നായിരുന്നു ഇത്.
Cerbera odollam, commonly known as Othalanga in Kerala, is a poisonous tree whose seeds contain the toxic compound cerberin, which can severely affect the heart. A scientific study reported 537 deaths linked to Othalanga poisoning in Kerala between 1989 and 1999. The tree’s fruit may resemble a mango, but its toxic seeds pose a serious danger.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |