SignIn
Kerala Kaumudi Online
Friday, 23 October 2026 1.29 AM IST

വ്യത്യസ്ത രാഷ്ട്രീയം വകവയ്ക്കാതെ നിർമല സീതാരാമനെ സ്വന്തമാക്കിയ പ്രഭാകർ; ബിജെപി വിരുദ്ധൻ, കോക്രോച്ച് പാർട്ടിക്ക് പിന്തുണ

parakala-prabhakar
പരകാല പ്രഭാകറും നിർമല സീതാരാമനും

ന്യൂഡൽഹി: ഒക്‌ടോബർ 23ന് നടക്കുന്ന എസ്‌ഐആർ വിരുദ്ധ മാർച്ചിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും കേന്ദ്ര ധനമന്ത്രി നി‌ർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ. എസ്‌ഐആർ റദ്ദാക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന മാർച്ചിൽ നടനും ആക്‌ടിവിസ്റ്റുമായ പ്രകാശ് രാജ്, സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ, ഐസ അദ്ധ്യക്ഷ നേഹ ബോറ തുടങ്ങിയവർക്കൊപ്പമാണ് അദ്ദേഹം വേദി പങ്കിടുന്നത്.

ആരാണ് പരകാല പ്രഭാകർ?

ഭാര്യയും സാമ്പത്തിക വിദഗ്ദ്ധയും കേന്ദ്ര മന്ത്രിയുമായ നിർമല സീതാരാമൻ ബിജെപി അംഗമായിട്ടുകൂടി കേന്ദ്രസർക്കാരിനെതിരെ ശബ്ദമുയർത്തുന്ന എഴുത്തുകാരൻ കൂടിയാണ് പരകാല പ്രഭാകർ. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ, ഭരണനിർവ്വഹണം, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ എന്നിവയെ അദ്ദേഹം മുൻപും വിമർശിച്ചിട്ടുണ്ട്.

ബംഗളൂരു ഫ്രീഡം പാർക്കിൽ ഒക്‌‌ടോബർ എട്ടിന് നടന്ന സിജെപി പ്രതിഷേധത്തിൽ യുട്യൂബർ ധ്രുവ് റാഠി, പ്രകാശ് രാജ് എന്നിവർക്കൊപ്പം പരകാല പ്രഭാകർ പങ്കെടുത്തിരുന്നു. 'പൗരത്വത്തിന്റെ രക്തരഹിത രാഷ്ട്രീയ വംശഹത്യ'- എന്നാണ് അദ്ദേഹം എസ്‌‌ഐആറിനെ വിശേഷിപ്പിച്ചത്. വോട്ടർമാരുടെ അവകാശം നിഷേധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഈ പ്രക്രിയയ്ക്ക് വോട്ടവകാശം നിലനിർത്തുന്നവരും പൗരാവകാശം നഷ്ടപ്പെടുന്നവരും എന്നിങ്ങനെ രണ്ട് വിഭാഗത്തിലുള്ള പൗരന്മാരെ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

'ദി ക്രൂക്കഡ് ടിംബർ ഒരു ന്യൂ ഇന്ത്യ' എന്ന തന്റെ പുസ്‌തകത്തിൽ നോട്ട് നിരോധനം പോലെയുള്ള സർക്കാർ നടപടികളെ പ്രഭാകർ ശക്തമായി വിമർശിച്ചിരുന്നു. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, ജനാധിപത്യ സ്ഥാപനങ്ങൾ ദുർബലപ്പെടുന്നത് എന്നതിനെക്കുറിച്ച് പുസ്‌തകത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു.

2024ൽ ഇലക്ടറൽ ബോണ്ട് വിവാദത്തെ ലോകത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നായി വിശേഷിപ്പിച്ച അദ്ദേഹം, ഇത് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

നിർമല സീതാരാമനുമായുള്ള കണ്ടുമുട്ടൽ

ആന്ധ്രാപ്രദേശിലെ നാർസപുരത്താണ് പരകാല പ്രഭാകർ ജനിച്ചത്. കോൺഗ്രസ് അനുഭാവമുള്ള കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ മാതാവ് പരകാല കാളികാമ്പ എംഎൽഎയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ് പരകാല സേഷാവതാരം എംഎൽഎയും മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പഠനകാലത്താണ് അദ്ദേഹം നിർമല സീതാരാമനെ കണ്ടുമുട്ടിയത്. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരാണെങ്കിലും ഇരുവരും 1986ൽ വിവാഹിതരായി. ഇവർക്ക് പരകാല വാഗ്‌മയി എന്ന മകളുണ്ട്.

ലണ്ടൻ സ്‌കൂൾ ഒഫ് എക്കണോമിക്‌സിൽ നിന്ന് പരകാല പ്രഭാകർ ഡോക്‌ടറേറ്റും സ്വന്തമാക്കിയിട്ടുണ്ട്. 2009ൽ നടൻ ചിരഞ്ജീവി സ്ഥാപിച്ച പ്രജാ രാജ്യം പാർട്ടിയിൽ പ്രവർത്തിച്ചു. 2014 മുതൽ 2018 വരെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി സർക്കാരിൽ ആശയവിനിമയ ഉപദേഷ്ടാവായി പ്രവർത്തിച്ചു.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന വിഷയത്തിന്മേലുള്ള തർക്കത്തെത്തുടർന്ന് ടിഡിപി എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. ഭാര്യ ബിജെപി അംഗമായതിനാൽ സംസ്ഥാനത്തിന്റെ താത്‌പര്യങ്ങൾ പ്രഭാകർ അടിയറവ് വച്ചേക്കാമെന്ന ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയായിരുന്നു രാജി.

ആന്ധ്രാപ്രദേശിലെ ടെലിവിഷൻ ചാനലുകളിൽ സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചാ പരിപാടികളും പ്രഭാകർ വർഷങ്ങളായി അവതരിപ്പിച്ചു വരുന്നു. ഇടിവി2വിലെ 'പ്രതിധ്വനി', എൻടിവിയിലെ 'നമസ്തേ ആന്ധ്രാപ്രദേശ്' എന്നിവ അദ്ദേഹം അവതരിപ്പിച്ച പരിപാടികളിൽ ഉൾപ്പെടുന്നു. മോദി സർക്കാരിനെ വിമ‌ർശിച്ച് നിരവധി പത്രങ്ങളിലും അദ്ദേഹം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഹിന്ദുത്വ ശക്തികൾ അടിസ്ഥാനപരമായി ഇന്ത്യൻ റിപ്പബ്ലിക്കിന് വിരുദ്ധമാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

English Summary

Economist Parakala Prabhakar, husband of Finance Minister Nirmala Sitharaman, has called for participation in the October 23 protest against the Special Intensive Revision (SIR), demanding its cancellation and the resignation of Chief Election Commissioner Gyanesh Kumar. A vocal critic of the Centre’s economic policies and electoral practices, Prabhakar holds a doctorate from the London School of Economics and previously served as an adviser.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARAKALA PRABHAKAR BIOGRAPHY, NIRMALA SITHARAMAN HUSBAND, PARAKALA PRABHAKAR SIR PROTEST, PARAKALA PRABHAKAR POLITICAL VIEWS, PARAKALA PRABHAKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360