രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് യുവാക്കൾ. സാമൂഹിക, സങ്കേതിക ,സാമ്പത്തിക പുരോഗതിക്ക് യുവാക്കൾ അനിവാര്യമാണ്. എന്നാൽ നമ്മുടെ രാജ്യത്ത് ഇന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും ജോലി ലഭിക്കാത്ത യുവാക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കേന്ദ്ര സർക്കാരിന്റെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ആശങ്കയുണ്ടാക്കുന്ന ഇക്കാര്യങ്ങളുള്ളത്.
റിപ്പോർട്ട് പ്രകാരം കുറഞ്ഞ വിദ്യാഭ്യാസമുള്ളവരേക്കാൾ ഉന്നത വിദ്യാഭ്യാസമുള്ളവർക്കിടയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതൽ. ഇതോടെ നമ്മുടെ വിദ്യാഭ്യാസ യോഗ്യതകൾ മതിയായ തൊഴിലവസരങ്ങളായി മാറുന്നുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്താണ് പിഎൽഎഫ്എസ് റിപ്പോർട്ടെന്നും യുവാക്കളുടെ തൊഴിലില്ലായ്മയ്ക്ക് പിന്നിലെ കാരണങ്ങളെന്നും പരിശോധിക്കാം.
പീരിയോഡിക് ലേബർ ഫോഴ്സ് സർവേ അഥവാ പിഎൽഎഫ്എസ് എന്നത് ഇന്ത്യയിലെ തൊഴിൽ, തൊഴിലില്ലായ്മ നിരക്കുകൾ കൃത്യമായി വിലയിരുത്താൻ കേന്ദ്രം തയ്യാറാക്കുന്ന ഔദ്യോഗിക സർവെ റിപ്പോർട്ടാണ്. വിദ്യാഭ്യാസ നിലവാരത്തിനനുസരിച്ച് തൊഴിലില്ലായ്മ നിരക്കിൽ വലിയ വ്യത്യാസങ്ങളാണ് പുതിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2022-23 ൽ 13.4 ശതമാനവും 2023-24ൽ 13.0 ശതമാനവുമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2025ലെ കണക്കുകൾ പ്രകാരം 22.3 ശതമാനമായി കുത്തനെ ഉയർന്നതായി ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട് പ്രകാരം ബിരുദാനന്തര ബിരുദധാരികളിൽ 24.7 ശതമാനംപേരും ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിവരിൽ 13.8 ശതമാനം പേരും തൊഴിൽരഹിതരാണ്. ഇനി വിദ്യാഭ്യാസമില്ലാത്തവരിലാകട്ടെ വെറും 2.3 ശതമാനം മാത്രമാണ് തൊഴിലില്ലായ്മ നിരക്ക്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന് കഴിയുന്നില്ല എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്നാണ് നിരീക്ഷകൾ ചൂണ്ടിക്കാട്ടുന്നത്.
ബിരുദം നേടുക, സുരക്ഷിതമായ ഒരു ജോലി കണ്ടെത്തുക, അതിലൂടെ സാമ്പത്തിക ഭദ്രതയും സമ്പത്തും കെട്ടിപ്പടുക്കുക എന്ന പരമ്പരാഗതമായ ജീവിതരീതി ഇന്ന് പൂർണമായും തകർന്നുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കടന്നുവരവോടെ തൊഴിൽ മേഖലയിലുണ്ടായ വൻ മാറ്റങ്ങളും അവസരങ്ങളുടെ കുറവുമാണ് ഇതിന് പ്രധാന കാരണം. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും യോഗ്യതയ്ക്കൊത്ത ജോലി കണ്ടെത്താൻ സാധിക്കാത്തതും ലഭിക്കുന്ന വരുമാനം വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കും വിലക്കയറ്റത്തിനും പര്യാപ്തമല്ലാത്തതും യുവാക്കളെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്കും നിരാശയിലേക്കും തള്ളിയിടുകയാണ്.
ഇന്ത്യയിൽ ഡിജിറ്റൽ വൈദഗ്ധ്യമുള്ള ദശലക്ഷക്കണക്കിന് ചെറുപ്പക്കാരുണ്ടെങ്കിലും അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന് സാധിക്കുന്നില്ല. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യമുള്ള ലക്ഷക്കണക്കിന് യുവാക്കൾ പുറത്തിറങ്ങുന്നുണ്ടെങ്കിലും അവർക്ക് തങ്ങളുടെ കഴിവുകൾക്ക് അനുയോജ്യമായ ജോലി ലഭിക്കുന്നില്ലെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ളവർ തങ്ങൾക്ക് ലഭിക്കുന്ന ഏത് ചെറിയ ജോലിയും ചെയ്യാൻ തയ്യാറാകുമ്പോൾ ഉയർന്ന ബിരുദമുള്ളവർ തങ്ങളുടെ യോഗ്യതയ്ക്ക് അനുയോജ്യമായ സുരക്ഷിതമായ ജോലികൾക്കായി കാത്തിരിക്കുന്നു. ഇതാണ് ഉയർന്ന ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് കൂടാൻ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. ഐടി പോലുള്ള പ്രത്യേക മേഖലകൾ പരിശോധിച്ചാൽ എഞ്ചിനീയറിംഗ് ബിരുദധാരികളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും ലഭ്യമായ എൻട്രി ലെവൽ തസ്തികകൾ പരിമിതമാണ്. ഇത് കടുത്ത മത്സരത്തിന് വഴിവയ്ക്കുന്നു. പലർക്കും തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ശമ്പളമോ പദവിയോ ലഭിക്കുന്നില്ല. ഇതാണ് യുവാക്കളിലെ തൊഴിലില്ലായ്മയുടെ പ്രധാന കാരണങ്ങൾ.
നിലവിലെ പ്രതിസന്ധി മറികടക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേവലം ബിരുദങ്ങൾ മാത്രം നൽകുന്നതിനപ്പുറം വിദ്യാർത്ഥികളിൽ പ്രായോഗിക നൈപുണ്യവും സംരഭകമനോഭാവവും വളർത്തണമെന്നാണ് വിദഗ്ദർ പറയുന്നത്. കൃഷി, പ്രദേശിക ഭരണം, ബിസിനസ് ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്നും ഇവർ വ്യക്തമാക്കുന്നു.
ചെറുകിട സംരഭങ്ങൾപോലും ഒരുമിച്ച് ചേരുമ്പോൾ രാജ്യത്ത് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ബിരുദം നേടി ജോലി അന്വേഷിച്ച് നടക്കുന്നതിന് പകരം തൊഴിൽ നൽകാൻ യുവാക്കൾക്ക് സാധിക്കണമെന്നും വിദഗ്ദർ പറയുന്നു. രാജ്യം എത്രത്തോളം വിദ്യാഭ്യാസം നൽകുന്നു എന്നതിലല്ല, മറിച്ച് നൽകുന്ന വിദ്യാഭ്യാസം യുവാക്കളെ എത്രത്തോളം തൊഴിൽ സജ്ജരാക്കുന്നുവെന്നതിലാണ് കാര്യം. കേവലം ഒരു ജോലി എന്നതിലുപരി മാന്യമായ വരുമാനവും സുരക്ഷിതത്വമുള്ള നല്ലൊരു ജോലിയാണ് യുവാക്കൾക്ക് ആവശ്യമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
A central government report, the Periodic Labour Force Survey (PLFS), reveals a significant rise in unemployment among highly educated Indian youth. Joblessness is considerably higher for post-graduates (24.7%) than for those with less education (2.3%). This trend indicates a mismatch between educational qualifications and available suitable employment opportunities in the evolving job market.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |