
70 കഴിഞ്ഞവർക്ക് 70രൂപ ഇളവ്
'മ' കാരം ഉത്പന്നങ്ങൾക്ക് 7വരെ 7ശതമാനം വിലക്കുറവ്
കൊച്ചി: കേരളത്തിന് 70 വയസ് തികയുന്ന നവംബർ ഒന്നിന്, 70 വയസും അതിന് മുകളിലും പ്രായവുമുള്ള മുതിർന്ന പൗരന്മാർക്ക് പ്രത്യേക വില ഇളവുകളുമായി സപ്ലൈകോ. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണയുടെ പരമാവധി ചില്ലറ വിൽപ്പന വിലയിൽ നിന്ന് 70 രൂപ കുറച്ച്, ലിറ്ററിന് 229 രൂപ നിരക്കിൽ ലഭ്യമാക്കും.
കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സാക്ഷികളായ മുതിർന്ന തലമുറയോടുള്ള ആദരസൂചകമായി നവംബർ 1മുതൽ 7വരെയാണ് ഓഫർ. മലയാളത്തിന്റെ 'മ' യിൽ തുടങ്ങുന്ന ശബരി ഉത്പന്നങ്ങൾക്കും പ്രത്യേക ഇളവുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100ഗ്രാം പാക്കറ്റുകൾക്ക് നവംബർ 1മുതൽ 7 വരെ സപ്ലൈകോ നിലവിൽ നൽകുന്ന വിൽപ്പന വിലയിൽ നിന്ന് 7ശതമാനം വിലക്കുറവ് ലഭിക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും. കേരളപ്പിറവിയോടനുബന്ധിച്ച് ശബരി പായസം മിക്സ് ഉത്പന്നങ്ങൾക്ക് 1 മുതൽ 30 വരെ 10ശതമാനം വിലക്കുറവും എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കും. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിനും പുറമെയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |