SignIn
Kerala Kaumudi Online
Wednesday, 28 October 2026 10.53 PM IST

'ധീരതയ്ക്കും മനുഷ്യത്വത്തിനുമുള്ള അഗീകാരം'; ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് യുഎഇയുടെ ആദരം

smit-machchhar
യുഎഇ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്യാപ്റ്റൻ സ്മിത് മച്ചാറിന് പുരസ്കാരം നൽകുന്നു.

ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണത്തെ ധീരമായ എതിർക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് യുഎഇ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിമാനത്തിലെ സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനും നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് യുഎഇയുടെ ഉന്നത ബഹുമതികളിലൊന്നായ ‘ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II’ ക്യാപ്റ്റനും ജീവനക്കാർക്കും സമ്മാനിച്ചത്.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. സെപ്റ്റംബർ 30ന് ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനത്തിലെ കോക്പിറ്റിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

വിമാനത്തിൽ 170ഓളം യാത്രക്കാരാണുണ്ടായിരുന്നത്. പറക്കുന്നതിനിടെ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കോക്പിറ്റിൽ സൂക്ഷിക്കാറുള്ള കോടാലി ഉപയോഗിച്ച് ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അൽ ഹമാമി ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും മച്ചാർ കോക്പിറ്റിന്റെ വാതിൽ തുറക്കുകയും ജീവനക്കാർക്കും യാത്രക്കാർക്കും അകത്തേക്ക് കടക്കാൻ വഴിയൊരുക്കുകയുമായിരുന്നു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിട്ട് അടിയന്തര ലാൻഡിംഗ് നടത്തുകയും ചെയ്തു.

മച്ചാറിന്റെ ധീരപ്രവർത്തനത്തിന് ഇന്ത്യയ്ക്ക് പുറമെ യുഎഇ, ഇസ്രയേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. പരിക്കുകളിൽനിന്ന് സുഖം പ്രാപിച്ചശേഷം മച്ചാറിന് സിവിലിയൻ ധീരതയ്ക്കുള്ള പുരസ്കാരം നൽകുമെന്ന് ഇസ്രയേലും അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഒക്ടോബർ മൂന്നിന് ഷെയ്ഖ് ഹംദാൻ മച്ചാറിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. പുരസ്കാരം ലഭിച്ചതിൽ ജീവനക്കാർ യുഎഇ പ്രസിഡന്റിനോട് നന്ദി അറിയിച്ചു. തങ്ങളുടെ സേവനത്തിനും സമർപ്പണത്തിനും ലഭിച്ച അംഗീകാരമായി ഈ ബഹുമതിയെ കാണുന്നതായും അവർ വ്യക്തമാക്കി.

English Summary

The UAE has honoured Indian pilot Captain Smit Machchhar and Flydubai crew members with the First Class Order of Zayed II for their bravery during a cockpit attack on September 30. Despite suffering serious injuries in an alleged axe attack by his Omani co-pilot, Machchhar helped others enter the cockpit. The aircraft made an emergency landing in Tabuk, Saudi Arabia.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMIT MACHCHHAR, UAE HONOURS INDIAN PILOT, FLYDUBAI CREW BRAVERY, FIRST CLASS ORDER OF ZAYED II, UAE HONOURS FLYDUBAI CREW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360