SignIn
Kerala Kaumudi Online
Saturday, 26 September 2026 1.59 AM IST

പലിശ ഭാരം കൂടാൻ അരങ്ങൊരുങ്ങുന്നു

interest-one

പലിശ ഭാരം കൂടാൻ അരങ്ങൊരുങ്ങുന്നു

പണപ്പെരുപ്പം നേരിടാൻ ശ്രമം

കൊച്ചി: അടുത്ത മാസം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് വർദ്ധിപ്പിക്കാൻ സമ്മർദ്ദം ശക്തമാകുന്നു. ഒക്ടോബർ അഞ്ച് മുതൽ ഏഴ് വരെയാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ധന സമിതി യോഗം.

അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ ചുവടുപിടിച്ച് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നു. നിലവിൽ റിപ്പോ നിരക്ക് 5.25 ശതമാനമാണ്. 2023 ഫെബ്രുവരിയിലാണ് ഇതിനുമുൻപ് ആർ.ബി.ഐ നിരക്ക് വർദ്ധിപ്പിച്ചത്.

പണപ്പെരുപ്പ സമ്മർദ്ദം, ഉയർന്ന ക്രൂഡ് വില, ആഗോള പലിശ നിരക്കുകളിലെ മാറ്റങ്ങൾ കണക്കിലെടുത്ത് കാൽ ശതമാനം വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. എസ്.ബി.ഐ റിസർച്ച്, മണി കൺട്രോൾ സാമ്പത്തിക വിദഗ്ദ്ധ സമിതി എന്നിവ പലിശ വർദ്ധനയുണ്ടാകുമെന്ന് പ്രവചിക്കുന്നു. എന്നാൽ ഒക്ടോബറിൽ തൽസ്ഥിതി തുടർന്ന് ഒക്ടോബറിൽ നിരക്ക് വർദ്ധന തീരുമാനമുണ്ടാകുമെന്ന അഭിപ്രായവും ശക്തമാണ്.

നിരക്ക് ഉയർത്തി ആഗോള ബാങ്കുകൾ

യു.എസ് ഫെഡറൽ റിസർവ് സെപ്തംബർ 16ന് പലിശ നിരക്ക് കാൽ ശതമാനം ഉയർത്തി. അതിന് മുമ്പ് യൂറോപ്യൻ സെൻട്രൽ ബാങ്കും പലിശ വർദ്ധിപ്പിച്ചിരുന്നു. ഇവരുടെ ചുവടുപിടിച്ച് റിസർവ് ബാങ്കും നീങ്ങുമെന്നാണ് പ്രതീക്ഷ. ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നതും രൂപയുടെ മൂല്യത്തകർച്ചയുമാണ് പ്രധാന ആശങ്കകൾ.

വായ്പാ ബാദ്ധ്യത ഉയരും

റിസർവ് ബാങ്ക് റിപ്പോ ഉയർത്തിയാൽ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ കൂടും. ഇതോടെ ഇ.എം.ഐ തുക കൂട്ടാനോ വായ്പാ കാലാവധി ദീർഘിപ്പിക്കാനോ ബാങ്കുകൾ നിർബന്ധിതരാകും. നിക്ഷേപങ്ങളുടെ പലിശയും കൂടും.

രൂപയ്ക്ക് എത്ര ആശ്വാസം?

എഫ്.സി.എൻ.ആർ(ബി) നിക്ഷേപ പദ്ധതി 132.98 ബില്യൺ ഡോളർ സമാഹരിച്ചിട്ടും രൂപയ്ക്ക് സ്ഥിരമായ പിന്തുണ ലഭിച്ചില്ല. സെപ്തംബർ 21ന് രൂപ ഡോളറിനെതിരെ 95.81 വരെ താഴ്ന്നിരുന്നു. പലിശ വർദ്ധന വിദേശ മൂലധന ഒഴുക്ക് കൂടുമെന്നതിനാൽ രൂപയ്ക്ക് പിന്തുണ ലഭിച്ചേക്കും.

കാൽ ശതമാനം പലിശ കൂടിയാൽ

50 ലക്ഷം ഭവന വായ്പ/ 20 വർഷം

ഇ.എം.ഐ വർദ്ധന 780 രൂപ വരെ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360