ചെന്നൈ: പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഡി.എം.കെ അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഈ ഹീനമായ വിഷയത്തിൽപ്പോലും ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ഒത്തുകളിക്കുകയാണെന്ന് വിജയ് ആരോപിച്ചു. ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെം ഗ്രാനൈറ്റ്സ് ചെയർമാൻ ആർ. വീരമണി, സഹായി ശാന്തി, ഭർത്താവ് മഹേന്ദ്ര സിംഹൻ എന്നിവരാണ് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയാകുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവുമായി ഒരു ബാലാവകാശ പ്രവർത്തകൻ ആന്റിവൈസ് സ്‌ക്വാഡിനെ സമീപിച്ചതിനെത്തുടർന്നായിരുന്നു മുൻ ഡി.എം.കെ സർക്കാരിന്റെ കാലത്ത് ഒക്ടോബർ 2025ൽ കേസ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
'സ്റ്റാലിൻ സാർ, വായ തുറക്കൂ.എന്തായിരുന്നു കരാർ? തമിഴ്നാട്ടിലെ ജനങ്ങൾ ചോദിക്കുന്നു. നിങ്ങളുമായി കൈകോർത്തിരിക്കുന്ന എ.ഐ.എ.ഡി.എം.കെ.യും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ എന്തെങ്കിലും ധാരണയോ ഒത്തുകളിയോ ഉണ്ടായിട്ടുണ്ടെങ്കിൽ, അതേക്കുറിച്ച് നിങ്ങൾ പ്രതികരിക്കില്ലേ?' -വിജയ് ചോദിച്ചു.
സ്വന്തം അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴും താൻ അത് സഹിച്ചിട്ടുണ്ടെന്ന് വിജയ് പറഞ്ഞു. എന്നാൽ, തമിഴ്നാട്ടിലെ എന്റെ സഹോദരിമാരെയും അമ്മമാരെയും കുറിച്ച് അശ്ലീലമായി സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എം.കെ.യും ഡി.എം.കെ. കുടുംബവും ഇത്തരത്തിലാണ് സംസാരിക്കുന്നതെന്നും സ്റ്റാലിനും കുടുംബവും ഇത്തരം പരാമർശങ്ങൾ ആസ്വദിക്കുകയാണെന്നും വിജയ് ആരോപിച്ചു. ഇത് ഒരിക്കലും സഹിക്കാനാകില്ലെന്നും വിജയ് പറഞ്ഞു.
കേസിൽ പരാതി ലഭിച്ചിട്ടും മുൻ ഡി.എം.കെ സർക്കാർ കുറ്റകൃത്യം മൂടിവച്ചതായി വിജയ് ആരോപിച്ചു. സ്റ്റാലിൻ സർക്കാരിന്റെ കാലത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും വീരമണിയെ അറസ്റ്റ് ചെയ്തിരുന്നില്ലെന്നും ശക്തമായ തെളിവില്ലെന്ന് കാട്ടി കേസ് അവസാനിപ്പിച്ചതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ടി.വി.കെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രത്യേക പോക്‌സോ കോടതി ക്ലോഷർ റിപ്പോർട്ട് തള്ളുകയും തുടർ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇരയുടെയും മറ്റ് നിരവധി ഇരകളുടെയും മൊഴികൾ മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തുകയും ചെയ്തു.
Tamil Nadu Chief Minister Vijay sharply criticized DMK leader M.K. Stalin regarding an alleged sex abuse case involving granite industrialist R. Veeramani. Vijay accused the previous DMK government of suppressing the case involving minor girls. The current administration reopened the investigation, leading to arrests and victim statements, prompting Vijay to question Stalin's silence and potential collusion.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |