SignIn
Kerala Kaumudi Online
Saturday, 26 September 2026 12.25 AM IST

മൂന്ന് പേർക്ക് ഇരിക്കാവുന്ന ഓട്ടോയിൽ കുത്തിനിറച്ചത് 17 വിദ്യാർത്ഥികളെ; ഡ്രൈവർക്കെതിരെ നടപടി

auto-carrying-students
ഓട്ടോറിക്ഷയിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് ഇരുത്തിയിരിക്കുന്നു

മുംബയ്: മൂന്ന് പേർക്ക് ഇരിക്കാൻ കഴിയുന്ന ഓട്ടോറിക്ഷയിൽ 17 വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്രനടത്തിയതായി പരാതി. മഹാരാഷ്‌ട്രയിലെ ബിവണ്ടിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിനുപിന്നാലെ ഓട്ടോ ഡ്രൈവർക്കെതിരെ ട്രാഫിക്‌ പൊലീസ് നടപടിയെടുത്തു.

അപകടകരമായ രീതിയിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതുകണ്ട വഴിയാത്രക്കാരിലൊരാൾ ഓട്ടോറിക്ഷ തടഞ്ഞുനിർത്തുകയായിരുന്നു. ഇയാൾ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്. ഡ്രൈവറുടെ സമീപത്തും പിൻസീറ്റിലും ലഗേജ് വയ്‌ക്കുന്ന ഭാഗത്തുമെല്ലാം കുട്ടികൾ ഞെരുങ്ങി ഇരിക്കുന്നുണ്ടായിരുന്നു. പിൻസീറ്റിൽ ഏഴ് വിദ്യാർത്ഥികളും ലഗേജ് സൂക്ഷിക്കുന്ന ഭാഗത്ത് മൂന്ന് വിദ്യാർത്ഥികളും ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ഓട്ടോറിക്ഷ തടഞ്ഞയാൾ കുട്ടികളോട് വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടശേഷം അവരെ ഒരു വശത്തേക്ക് മാറ്റിനിർത്തി. തുടർന്ന് ഇത്രയധികം കുട്ടികളെ വാഹനത്തിൽ കയറ്റിയതെന്തിനെന്ന് ഡ്രൈവറോട് ചോദിച്ചു. കുട്ടികളെ ഇരുത്തിയ രീതി വിശദീകരിച്ചശേഷം ഇനിമേൽ ഇത്തരത്തിൽ ആവർത്തിക്കില്ലെന്ന് ‌ഡ്രൈവർ ഉറപ്പുനൽകുന്നതും ദൃശ്യങ്ങളിൽ കാണാം.

സാധാരണയായി 15 കുട്ടികളെയാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതെന്നും അന്ന് അധികമായി കുട്ടികൾ വന്നതിനാലാണ് 17 പേരെ കയറ്റേണ്ടിവന്നതെന്നുമാണ് ഡ്രൈവർ വിശദീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിനുപിന്നാലെ സമാനസംഭവങ്ങൾ നഗരത്തിൽ പതിവാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി.

English Summary

A shocking incident in Bhiwandi, Maharashtra, saw 17 students packed into an auto-rickshaw meant for three passengers. A viral video showed children squeezed into the rear and luggage areas. Police took action against the driver after the video surfaced.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAFFIC NEGLIGENCE, AUTO CARRYING 17 SCHOOL CHILDREN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360