SignIn
Kerala Kaumudi Online
Saturday, 26 September 2026 12.24 AM IST

രൂക്ഷവിമർശനവുമായി രാഹുൽ; ഗ്യാനേഷ് രാജിവയ്ക്കണം,​ മാപ്പുസാക്ഷിയാകണം

e

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനഷ് കുമാർ ഉടൻ രാജിവയ്‌ക്കണം. തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയാകണം- എസ്.ഐ.ആർ വിവാദങ്ങൾ കത്തിക്കയറുന്നതിനിടെ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ദേശദ്രോഹികളാണെന്നും വോട്ട് മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും രാഹുൽ പറഞ്ഞു.

വോട്ടുമോഷണത്തിന്റെ പേരിൽ പ്രധാനമന്ത്രിയും ഷായും അന്വേഷണം നേരിട്ട് ശിക്ഷിക്കപ്പെടും. ഇവരാണ് ഗ്യാനേഷിനെ സംരക്ഷിക്കുന്നത്. രാജ്യത്തിന്റെ അടിത്തറയായ വോട്ടുകളെ നശിപ്പിക്കുന്നവർ ദേശദ്രോഹികളാണ്. മോദിയും ഷായും ചേർന്നാണ് ഗ്യാനേഷിന്റെ നിയമനം നടത്തിയത്. അതിൽ താൻ വിയോജനക്കുറിപ്പ് നൽകിയിരുന്നു. അതിന് മുൻപ് അവർ തിരഞ്ഞെടുപ്പ് കമ്മിഷണറെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കുന്ന നിയമം പാസാക്കി. ജനാധിപത്യ രാജ്യത്ത് ഒരു പാർട്ടിക്കും ഭരണവിരുദ്ധ വികാരം അതിജീവിക്കാനാവില്ല.

രാഷ്‌ട്രീയ കുടുംബാംഗവും 50 വർഷമായി രാഷ്ട്രീയത്തിൽ തുടരുകയും ചെയ്യുന്ന തനിക്ക് ഇക്കാര്യം ഉറപ്പാണ്. ഇറാക്കിലും ഉത്തര കൊറിയയിലുമുള്ള അവസ്ഥയല്ലിവിടെ. ഇന്ദിരാഗാന്ധിയടക്കം നേതാക്കൾക്ക് ഭരണവിരുദ്ധ വികാരം നേരിടേണ്ടി വന്നെങ്കിലും മോദിക്കും ഷായ്‌ക്കും അതു ബാധകമല്ല. ഒന്നും രണ്ടും തവണയല്ല, പല തവണ അധികാരം നിലനിറുത്തുന്നതിന്റെ ഉത്തരമാണിപ്പോൾ ലഭിച്ചത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളിലും 100 ശതമാനം കൃത്രിമം നടന്നു.

അതിന് ആവശ്യത്തിലധികം തെളിവുകളുണ്ട്. മഹാരാഷ്‌ട്ര, ഹരിയാന, മഹാദേവപുര തിരഞ്ഞെടുപ്പുകളിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ സംരക്ഷിക്കേണ്ട വോട്ടിലാണ് ഭരണഘടനയുടെ ശക്തി. ഭരണഘടനയിൽ നിന്നാണ് നിയമങ്ങൾ നിർമ്മിക്കപ്പെടുന്നത്. നിയമങ്ങളിൽ നിന്നാണ് നമ്മുടെ സ്ഥാപനങ്ങൾ ഉയർന്നുവരുന്നത്. ഈ ശൃംഖലയാണ് തകർക്കുന്നത്. മോഷ്ടിക്കപ്പെട്ട വോട്ടിനാൽ ജയിച്ച എം.പിമാർ പാർലമെന്റിൽ നിർമ്മിക്കുന്ന ഏതൊരു നിയമവും നിയമവിരുദ്ധമാകും.

ജനപിന്തുണയില്ലാത്ത നേതാവിന്റെ വിലാപം: ബി.ജെ.പി

ജനപിന്തുണ നേടാനാവാതെ നിരാശനായ നേതാവിന്റെ വിലാപമാണ് രാഹുലിന്റേതെന്ന് ബി.ജെ.പി. 2014 മുതൽ 20 തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെട്ടെന്നും പാർട്ടി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. കോൺഗ്രസ് റായ്‌ബറേലിയിൽ തുടർച്ചയായി 16 തവണ ജയിച്ചത് വോട്ടുകൊള്ള നടത്തിയാണോ. രാജ്യത്ത് കോൺഗ്രസിനെതിരായ ഭരണവിരുദ്ധ വികാരവും ഇന്ത്യൻ രാഷ്‌ട്രീയവും മനസിലാക്കാൻ രാഹുലിന് കഴിയുന്നില്ലെന്ന് സുധാംശു ത്രിവേദി എം.പിയും പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS, RAHULGANDI, LATESTNEWS, GYANESH KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360