SignIn
Kerala Kaumudi Online
Sunday, 14 June 2026 4.45 AM IST

'തലസ്ഥാന പൊലീസിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കും'

arul

തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മിഷണറായി നാളെ ചുമതലയേൽക്കുന്ന ഡോ. അരുൾ ആർ.ബി.കൃഷ്‌ണ,നഗരത്തിൽ ജനിച്ച് വളർന്നയാളാണ്. പിതാവ് ജി.ബി. ബാലകൃഷ്‌ണൻ എസ്.ഐയായിരുന്നു. കൈതമുക്ക് ചെമ്പകശേരിയിൽ ജനിച്ച് ഇവിടത്തെ സ്കൂളുകളിലും കോളേജുകളിലും പഠിച്ച അരുളിന് തലസ്ഥാന നഗരം സുപരിചിതം.

പത്തുവർഷം മുമ്പ് സിറ്റി പൊലീസിൽ ഡെപ്യൂട്ടി കമ്മിഷണറായിരുന്നു. പിന്നീട് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ,ഗവർണറുടെ എ.ഡി.സി, റെയിൽവേ എസ്.പി,മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി എസ്.പി,ബറ്റാലിയൻ എസ്.പി,തൃശൂർ,എറണാകുളം റേഞ്ച് ഡി.ഐ.ജി പദവികൾ വഹിച്ചു. ഡോ.അരുൾ 'കേരളകൗമുദി"യോട് സംസാരിക്കുന്നു.

?മുൻഗണ എന്തൊക്കെയാണ്

എല്ലാവർക്കും സമാധാനപരമായ ജീവിതം ഉറപ്പാക്കുന്നതിനാവും മുൻഗണന. അടിസ്ഥാന പൊലീസിംഗ് ശക്തിപ്പെടുത്തും. അതാണ് ജനങ്ങൾക്ക് സുരക്ഷിത ജീവിതമൊരുക്കാൻ ആവശ്യം. പുതിയ നിയമനം വ്യക്തിപരം കൂടിയാണ്. എന്റെ കുടുംബം ഉൾപ്പെടെ താമസിക്കുന്ന നഗരമാണ്.

?നഗരത്തിലെ നൈറ്റ് ലൈഫ് തുടരുമോ

നൈറ്റ് ലൈഫ് സർക്കാർ നയമാണ്. സുരക്ഷിതമായ നൈറ്റ് ലൈഫ് ഉറപ്പാക്കും. പൊലീസിന്റെ നോട്ടം എല്ലായിടത്തുമുണ്ടാവും.

നല്ല ഉദ്ദേശത്തോടെ എത്തുന്നവർക്ക് എല്ലാ സംരക്ഷണവും നൽകും.

?സ്ത്രീസുരക്ഷ ഉറപ്പാക്കുമോ

വനിതാ സുരക്ഷയ്ക്ക് പ്രാധാന്യം നൽകും. നിലവിലെ സംവിധാനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പാക്കും. ജനങ്ങളുടെയും യുവാക്കളുടെയും വനിതകളുടെയും സഹകരണമുണ്ടാകണം.

?സി.സി ടിവി ക്യാമറാ നിരീക്ഷണം കൂട്ടുമോ

ഉറപ്പായും. പൊലീസ് എല്ലായിടത്തും എത്തുന്നതിന് പകരം കേന്ദ്രീകൃത നിരീക്ഷണ സംവിധാനം വരണം. ഒരു പ്രദേശത്തെ കടകളിലെയടക്കം ദൃശ്യങ്ങൾ സമീപത്തെ പൊലീസ് സ്റ്രേഷനിലോ കൺട്രോൾ റൂമിലോ എത്തിയാൽ കൂടുതൽ ഫലപ്രദമായിരിക്കും.

?സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കുമോ

ഞാനും തലസ്ഥാനത്തെ സാധാരണ പൗരനായാണ് ഇത്രയും വർഷം ജീവിച്ചത്. സാധാരണക്കാർ നേരിടുന്ന പ്രയാസങ്ങൾ അറിയാം. തലസ്ഥാന നഗരം നന്നായി അറിയാം. നല്ല ഇടപെടലിന് ലഭിച്ച അവസരം പരമാവധി ഉപയോഗിക്കും‌.

?തുറമുഖ നഗരമായി മാറുകയാണ് തലസ്ഥാനം

വിഴിഞ്ഞം തുറമുഖം പൂർണതോതിലാവുന്നതോടെ നഗരത്തിന്റെ വളർച്ച അതിവേഗത്തിലാവും. അപ്പോൾ അന്താരാഷ്ട്ര നഗരങ്ങളിലെപ്പോലെ നിലവാരമുള്ള പൊലീസിംഗാണ് വേണ്ടത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊലീസിംഗ് ശക്തമാക്കും.

?പൊലീസിംഗിൽ മാറ്റങ്ങൾ വരുത്തുമോ

പൊലീസിംഗ് വൺമാൻ ഷോയല്ല. ഒരാൾക്ക് മാത്രമായി അദ്ഭുതങ്ങൾ കാട്ടാനാവില്ല. ജനങ്ങളുടെ സഹകരണം പൂർണമായി വേണം. ഇതുവരെ നന്നായി പോവുന്നത് അതിനേക്കാൾ മികച്ചതായി തുടരുക, എവിടെയെങ്കിലും പിഴവുകളുണ്ടെങ്കിൽ തിരുത്തുക അതാവും നയം.

?പഠിച്ചതും വളർന്നതുമെല്ലാം ഇവിടെയല്ലേ

ക്രൈസ്റ്റ്നഗർ,പെരുന്താന്നി സ്കൂളുകളിലെ പഠനത്തിനുശേഷം ആർട്സ് കോളേജിൽ പ്രീഡിഗ്രി. 2000ൽ അവസാന പ്രീഡിഗ്രി ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. കൊച്ചി സഹകരണ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പഠനത്തിനു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദപഠനം. അമ്മ-ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച ശ്രീരഞ്ജിനി. ഭാര്യ ദേവി ഡോക്ടറാണ്. മകൻ ഭരത് ഡി.കൃഷ്ണ ആറാം ക്ലാസിൽ ക്രൈസ്റ്റ് നഗറിൽ പഠിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL