
കളമശേരി: പടിഞ്ഞാറെ കടുങ്ങല്ലൂർ പ്രേംശൈലത്തിൽ മൈത്രി വീട്ടു നമ്പർ 67ലെ 67കാരനായ ബി. പ്രേംചന്ദ് ഇന്നും വിദ്യാർത്ഥിയാണ്. 2011ൽ ഫാക്ടിൽ നിന്ന് സീനിയർ എസ്റ്റേറ്റ് മാനേജരായി വിരമിച്ചെങ്കിലും പഠനത്തിൽ നിന്ന് ഇന്നും വിരമിച്ചിട്ടില്ല. ദിവസങ്ങൾക്ക് മുമ്പ് എം.എ. മലയാളം 86 ശതമാനം മാർക്കോടെ എക്സലന്റ് ഗ്രേഡിൽ പാസായതോടെ ബിരുദാനന്തര ബിരുദം എട്ടായി ഉയർന്നു.
എം.എ ഹിന്ദി, ഇംഗ്ലീഷ്, ഇക്കണോമിക്സ് , സൈക്കോളജി, മലയാളം, എം.കോം, എം.ബി.എ, പി.ജി സി.എം.എച്ച്.ടി തുടങ്ങിയവ ഉയർന്ന മാർക്കോടെയാണ് വിജയിച്ചത്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് 69.15 ശതമാനം മാർക്കോടെയാണ് എം.എ സൈക്കോളജി ജയിച്ചത്. എം.എ. ഹിസ്റ്ററിക്ക് ചേർന്നു പഠനം തുടങ്ങിക്കഴിഞ്ഞു.
ഫാക്ടിൽ ഹിന്ദി ഷോർട്ട് ഹാൻഡ് പരീക്ഷയും കുസാറ്റിൽ നിന്ന് ഹിന്ദി കമ്പ്യൂട്ടർ പരീക്ഷയും പാസായ ആദ്യ വ്യക്തിയാണ്. പ്രയാഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാഹിത്യരത്നം നേടിയിട്ടുണ്ട്.
പ്ലസ് ടു വിദ്യാർത്ഥികൾക്ക് അക്കൗണ്ടൻസി എളുപ്പം പഠിക്കാൻ നോട്ടുകളും വാൾ പേപ്പറുകളും തയ്യാറാക്കിയിട്ടുണ്ട്. എം.എ. വിദ്യാർത്ഥികൾക്ക് പ്രൊജക്ടുകൾ തയ്യാറാക്കി കൊടുക്കാറുണ്ട്. ടി.പത്മനാഭന്റെ പാനിപ്പറ്റിലെ യുദ്ധം എന്ന കഥ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
റിട്ട. അദ്ധ്യാപിക ശൈലജയാണ് ഭാര്യ. മക്കൾ: മനീഷ, സിദ്ധാർഥ് (ഇരുവരുംഇൻഫോപാർക്ക് ജീവനക്കാർ)
സ്പോർട്സിനോടും ഇഷ്ടം
ബാൾ ബാഡ്മിന്റൺ, ഷട്ടിൽ, ഫുട്ബാൾ എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട് പ്രേംചന്ദ്. സാഹിത്യകൃതികളടക്കം നിരന്തരം വായിക്കും. അതിരാവിലെ റേഡിയോ നിലയത്തിൽ നിന്നുള്ള പഴയ ഗാനങ്ങൾ കേൾക്കുന്നത് മുടക്കാറില്ല. നാട്ടിലെ വായനശാലയും റസിഡന്റ്സ് അസോസിയേഷനും ആദരിച്ചിട്ടുണ്ട്. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരവ് മന്ത്രി അബ്ദുൾ ഗഫൂറിൽ നിന്നാണ് ഏറ്റുവാങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |