SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.47 AM IST

(ജൂലായ് 29) കടുവകളുടെ ദിവസം, നമ്മുടെ കാട്ടിൽ 43 കടുവകൾ

tiger

പത്തനംതിട്ട : ജൂലായ് 29, ദേശീയ മൃഗമായ കടുവയുടെ സംരക്ഷണം ലോകം ഓർക്കുന്ന ദിവസമാണ് ഇന്ന്. അന്തർദേശീയ കടുവാദിനം. വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണത്തിന് സർക്കാരും വനംവകുപ്പും നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന പെരിയാർ കടുവാ സങ്കേതത്തിൽ ഇപ്പോഴുള്ളത് 43 കടുവകൾ മാത്രമാണെന്നാണ് കണക്ക്. നാല് വർഷത്തിനിടെ വർദ്ധിച്ചത് ഒൻപത് കടുവകൾ. 2022ലെ കണക്കെടുപ്പിൽ ഇവിടെ 34 കടുവകൾ ഉണ്ടായിരുന്നു. ഇത്തവണത്തെ കണക്കെടുപ്പിൽ ഒൻപത് എണ്ണം വർദ്ധിച്ച് 43 ൽ എത്തി.

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും ചേർന്ന് നാല് വർഷത്തിൽ ഒരിക്കലാണ് കട‌ുവകളു‌ടെ കണക്കെടുപ്പ് നടത്തുന്നത്. മൂന്ന് ജില്ലകൾ ഉൾപ്പെടുന്ന പെരിയാർ കടുവാസങ്കേതത്തിലെ ഇത്തവണത്തെ കണക്കെടുപ്പ് കഴിഞ്ഞ ഡിസംബറിൽ ശബരിമല കാടുകളിൽ തുടങ്ങി ജനുവരിയിൽ ഇടുക്കിയിലാണ് അവസാനിച്ചത്. വനപാലകരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ പെരിയാർ ഈസ്റ്റ്, വെസ്റ്റ് ഡിവിഷനുകളെ 59 ബ്ളോക്കുകളായി തിരിച്ച് 177 അംഗസംഘമാണ് കണക്കെടുപ്പ് നടത്തിയത്. എം സ്ട്രൈപ്സ് ആപ് ഉപയോഗിച്ച് കടലാസ് രഹിതമായായിരുന്നു കണക്കെടുപ്പ്.

കണക്കെടുപ്പ് ഇങ്ങനെ

കടുവയുള്ള പ്രദേശങ്ങൾ ജി.പി.എസ് സഹായത്തോടെ അടയാളപ്പെടുത്തലായിരുന്നു ആദ്യഘട്ടം. ഓരോ ഗ്രിഡിലും ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചായിരുന്നു രണ്ടാംഘട്ടം. ഇരുമ്പ് ചട്ടക്കൂടിനുള്ളിൽ സ്ഥാപിച്ച തെൽമൽ ക്യാമറയാണ് ഇതിനായി ഉപയോഗിച്ചത്. മൃഗങ്ങൾ കടന്നുപോകുമ്പോൾ ശരീരതാപനില മൂലം അന്തരീക്ഷോത്മാവിൽ ഉണ്ടകുന്ന വ്യതിയാനം ക്യാമറയിലെ സെൻസറുകൾ തിരിച്ചറിയുകയും മോഷൻ സെൻസറുള്ള ക്യാമറ മൃഗസാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ചിത്രമെടുക്കുകയും ചെയ്തു. കടുവയുടെ ശരീരത്തിലെ വരകളുടെ ചിത്രം പകർത്താൻ സഞ്ചാരപാതയുടെ ഇരുവശങ്ങളിലും മുഖാമുഖമാണ് ക്യാമറകൾ സ്ഥാപിച്ചത്. ചിത്രങ്ങളിൽ നിന്ന് ഉടലിലെ വരകളുടെ ഘടന, നീളം, വീതി, പ്രത്യേകമായ ആകൃതികൾ ഇവയെല്ലാം വിലയിരുത്തിയാണ് എണ്ണം തിട്ടപ്പെടുത്തിയത്.

പെരിയാർ കടുവാസങ്കേതം : 925 ചതുരശ്ര കിലോമീറ്റർ.

ഉൾപ്പെടുന്ന ജില്ലകൾ : പത്തനംതിട്ട, ഇടുക്കി , കോട്ടയം.

ഇത്തവണ കണക്കെടുപ്പിലെ കടുവകളുടെ എണ്ണം : 43

കഴിഞ്ഞ കണക്കെടുപ്പിൽ : 34 എണ്ണം.

വർദ്ധിച്ചത് : 9 എണ്ണം.

പത്തനംതിട്ട ജില്ലയിൽ കടുവകളുള്ള പ്രദേശങ്ങൾ :

ശബരിമലക്കാടുകൾ, ഗവി, കോന്നി, റാന്നി വനമേഖലകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL