SignIn
Kerala Kaumudi Online
Monday, 25 May 2026 8.34 AM IST

കൊടുവള്ളി ആർക്ക് പിടിവള്ളിയാകും?

kdy1-

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തി നിൽക്കുന്ന കൊടുവള്ളിയിൽ ഇത്തവണ പോരാട്ടം പ്രവചനാതീതം. മണ്ഡലം ചർച്ച ചെയ്യുന്നത് പ്രാദേശിക വാദവും രാഷ്ട്രീയ സ്വാധീനവുമാണ്. മണ്ഡലത്തിൽ നിന്നുള്ളവർ തന്നെ സ്ഥാനാർത്ഥിയാകണമെന്ന പ്രാദേശിക ഭാരവാഹികളുടെ ശക്തമായ ആവശ്യം നിലനിൽക്കെയാണ് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയായ പി.കെ. ഫിറോസിനെ ഇറക്കിയിരിക്കുന്നത്. സമീപ മണ്ഡലം നിവാസിയാണെങ്കിലും, കൊടുവള്ളിയുമായി ഫിറോസിനുള്ള ആഴത്തിലുള്ള വ്യക്തിബന്ധങ്ങൾ വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. കാരാട്ട് റസാഖ് ഇടതുബന്ധം ഉപേക്ഷിച്ച് ലീഗിൽ തിരിച്ചെത്തിയത് ഗുണം ചെയ്യുമെന്നും യു.ഡി.എഫ് കരുതുന്നു.

വലതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽ.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സലീം മടവൂർ മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമാണ്. സാമൂഹിക സാംസ്‌കാരിക മേഖലകളിലെ ഇടപെടലുകളും മണ്ഡലം നിവാസിയെന്ന നിലയിലുള്ള സുപരിചിതത്വവും സലീമിന് വലിയ മുൻതൂക്കം നൽകുന്നു. വ്യക്തിപ്രഭാവത്തിലൂടെ നിഷ്പക്ഷ വോട്ടുകൾ സമാഹരിക്കാൻ സലീം മടവൂരിന് കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് ക്യാമ്പ്. എൻ.ഡി. എ മുന്നണിയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗിരി പാമ്പനാൽ മണ്ഡലം നിവാസിയാണ് എന്നത് ബി.ജെ.പി നേതൃത്വത്തിന് ആത്മവിശ്വാസം നൽകുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വോട്ടുകൾ സമാഹരിക്കാനും നിർണായക സ്വാധീനമാകാനും ഗിരിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കുമെന്ന് എൻ.ഡി.എ കരുതുന്നു

മണ്ഡലചരിത്രം

കൊടുവള്ളി നഗരസഭയും നരിക്കുനി, മടവൂർ, കിഴക്കോത്ത്, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. 1977 മുതൽ 2006 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ മാത്രമായിരുന്നു ജയിച്ചു വന്നത്. രണ്ടുതവണയാണ് ലീഗ് കോട്ട ഇളകിയത്. 2006-ൽ കെ.മുരളീധരനെയാണ് പി.ടി.എ. റഹീം തോൽപ്പിച്ചത്. 1957-ലും 1960-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതാക്കളായിരുന്നു മത്സരിച്ചത്. 1977-ൽ മണ്ഡലം പുനർ രൂപവത്കരിക്കപ്പെട്ടകാലം മുതലാണ് മുസ്ലിംലീഗിന്റെ സീറ്റായി മാറിയത്. ഇ. അഹമ്മദാണ് ലീഗിൽനിന്ന് ആദ്യമായി ജയിക്കുന്നത്. 2011ൽ ലീഗിലെ വി.എം ഉമ്മർ 16,552 വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് 2016ൽ ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് 573 വോട്ടിന് അട്ടിമറി ജയം നേടിയിരുന്നത്. എന്നാൽ 2021ൽ ലീഗിന്റെ എം.കെ. മുനീറിനോട് പരാജയപ്പെടുകയായിരുന്നു.

വോട്ടർമാർ

​പുരുഷന്മാർ: 97,854 ​

സ്ത്രീകൾ: 1,00,576

​ട്രാൻസ്‌ജെൻഡർ: 2

ആകെ വോട്ടർമാർ: 1,98,432 ​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL