SignIn
Kerala Kaumudi Online
Monday, 25 May 2026 7.39 AM IST

ജൽജീവൻ പ്രവൃത്തിയോട് കരാറുകാർ 'നോ' പറയുന്നു

jal
ജൽജീവൻ പദ്ധതി സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

  • ആരോപണവുമായി ഉദ്യോഗസ്ഥർ
  • ജില്ലയിൽ കുടിശ്ശിക 650 കോടി
  • സംസ്ഥാനത്ത് 4,000 കോടി

കോഴിക്കോട്: ഗ്രാമീണ ഭവനങ്ങളിൽ കുടിവെള്ളമെത്തിക്കാനുളള ജൽജീവൻ പദ്ധതി പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോ ഓർഡിനേഷൻ സമിതിയുടെ (ദിശ) മൂന്നാംപാദ യോഗത്തിലാണ് ഉദ്യോഗസ്ഥർ പ്രശ്നം ചൂണ്ടിക്കാട്ടിയത്.

കുടിശ്ശികയെ തുടർന്നാണ് കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ വിസമ്മതിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വികസന ക്ഷേമ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് യോഗത്തിൽ അദ്ധ്യക്ഷനായ എം.കെ രാഘവൻ എം.പി. ആവശ്യപ്പെട്ടു. സേതുബന്ധൻ പദ്ധതിയിൽ തുക അനുവദിച്ച ഫറോക്ക് പാലത്തിനായി റെയിൽവേ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങൾ നീക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.ആർ.ഐ.എഫ് ഫണ്ടിൽ ഉൾപ്പെട്ട കുറ്റ്യാടി വലക്കെട്ട് കൈപ്രംകടവ് റോഡ് അഞ്ചര കിലോമീറ്റർ ദൂരത്തിൽ വീതി കുറവാണെന്ന പരാതി പരിഹരിക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാർ, പരാതിക്കാർ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു. തിക്കോടി ഫിഷ് ലാൻഡിംഗ് സെന്ററുമായി ബന്ധപ്പെട്ട പഠനം നടക്കാത്തതിൽ എം.പി അതൃപ്തി അറിയിച്ചു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ദാരിദ്ര്യ ലഘൂകരണ വിഭാഗം മേധാവി പി വി ജസീർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

ജൽജീവൻ പദ്ധതി

ജില്ലയിൽ ആകെ പഞ്ചായത്തുകൾ 70

പദ്ധതി പൂർത്തിയായ പഞ്ചായത്തുകൾ

തുറയൂർ, കാക്കൂർ, കുന്നുമ്മൽ, കടലുണ്ടി

ജൽജീവൻ പദ്ധതിയിൽ 2023 വരെ പുരോഗതിയുണ്ടായിരുന്ന പ്രവൃത്തികളിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടും.

എം.കെ. രാഘവൻ എം.പി

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ ഒരു വർഷമായി കേന്ദ്രവിഹിതവും കിട്ടിയിട്ടില്ല. സംസ്ഥാന സർക്കാർ 5,000 കോടി നബാർഡ് വായ്പയെടുത്തതിൽ 2,000 കോടി ഇനിയും നൽകാനുണ്ട്.

കരാറുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL