SignIn
Kerala Kaumudi Online
Monday, 22 June 2026 4.37 AM IST

പദ്ധതി ഉപേക്ഷിച്ചിട്ടും തീരാത്ത ദുരിതം കെ റെയിൽ ഭൂമി ആർ‌ക്കും വേണ്ട!

കോട്ടയം: കെ റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിച്ചെങ്കിലും മഞ്ഞക്കുറ്റയിട്ട സ്ഥലത്തിന്റെ ഉടമകളുടെ ദുരിതത്തിന് അറുതിയില്ല. സ്ഥലം വിൽക്കാനോ വായ്പയെടുക്കാനോ കഴിയുന്നില്ലെന്നാണ് പരാതി. സർക്കാർ പദ്ധതിയിൽപ്പെട്ട സ്ഥലം വാങ്ങി റിസ്ക് എടുക്കേണ്ടെന്നാണ് ആളുകളുടെ നിലപാട്. ഇതോടെ പദ്ധതിയുടെ പേരിൽ ഭൂമിയുടെ വിലയിടിവും നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുന്നതും ഉൾപ്പെടെ ദുരിതങ്ങൾ നാട്ടുകാർ നേരിടുകയാണ്. ഈ ഭൂമിയിൽ വീടും മറ്റ് കെട്ടിടങ്ങളും നിർമ്മിക്കാൻ ഭൂഉടകൾക്കും ഭയമാണ്. എന്നാൽ ഭൂമി വിൽക്കാനോ ഈട് വച്ച് വായ്പയെടുക്കാനോ അനന്തരാവകാശികൾക്ക് കൈമാറാനോ തടസമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.

ഉത്തരവ് ലഭിച്ചിട്ടില്ല

പദ്ധതി ഉപേക്ഷിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് വിവിധ വകുപ്പുകൾക്ക് ലഭിച്ചിട്ടില്ലെന്ന് സമരസമിതി അംഗങ്ങൾ പറയുന്നു. ഭൂമിയിൽ നിർമ്മാണം നടത്താമെങ്കിലും സർവേ നടത്തിയെന്ന കാരണത്താൽ ഇപ്പോഴും വായ്പ നിഷേധിക്കുകയാണ്.

സ്ഥലം കൈക്കലാക്കാൻ ഭൂമാഫിയ

കെ റെയിൽ നടപ്പാക്കില്ലെന്ന് ഉറപ്പായെങ്കിലും ഇ ശ്രീധരന്റെ അതിവേഗ പദ്ധതിയുടെ അലൈൻമെന്റ് ഇതുവഴിയാണെന്ന പ്രചാരണം വ്യാപകമാണ്. ഭൂമിയുടെ വിലയിടിയ്ക്കാൻ ഭൂമിമാഫിയ മനപ്പൂർവം നടത്തുന്ന പ്രചരണങ്ങളാണോയെന്നും സംശയമുണ്ട്. കിട്ടുന്ന വിലയ്ക്ക് ഭൂമി വിറ്റുപോയാൽ അത് റിയൽ എസ്റ്റേറ്റ് ലോബിക്കാണ് ഗുണമാകുക. 2022 ഏപ്രിൽ 20നാണ് കെ റെയിൽ വിരുദ്ധസമരം ആരംഭിച്ചത്. സമരത്തിന്റെ 1480 ദിവസമാണ് പുതിയ സർക്കാർ പദ്ധതി റദ്ദാക്കി പ്രഖ്യാപനം നടത്തിയത്.

ആറ് വർഷമായി ഞങ്ങൾ അനുഭവിച്ച ആശങ്കയും വേദനയും പറഞ്ഞറിയിക്കാനാവില്ല. വീടും സ്ഥലവും നഷ്ടമാകുമോയെന്ന ഭയത്തിൽ കഴിഞ്ഞു. പദ്ധതി ഉപേക്ഷിച്ചിട്ടും ഞങ്ങളുടെ ആശങ്ക മാറുന്നില്ല.

ബാബു കുട്ടൻചിറ,​ സമരസമിതി ചെയർമാൻ

കെ റെയിലിന് മഞ്ഞക്കുറ്റിയിട്ട സ്ഥലങ്ങൾ

മാടപ്പള്ളി,​ വെള്ളൂത്തുരുത്തി,​ കൊല്ലാട്,​ നട്ടാശേരി,​ വെമ്പള്ളി,​ ഞീഴൂർ,​ വിളയംതോട്,​ പേരൂർ,​ കുഴിയാനിപ്പടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, K RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL