SignIn
Kerala Kaumudi Online
Monday, 25 May 2026 8.41 AM IST

വോട്ടെണ്ണലിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തിനായി കടിപിടി കൂടണോ?

'ഏത് മുന്നണി അധികാരത്തിൽ വരും, ആരൊക്കെ എം.എൽഎയാകും എന്നതിനെക്കുറിച്ച് ഒരുറപ്പും പറയാൻ രാഷ്ടീയ നിരീക്ഷകർക്ക് കഴിയുന്നില്ലെങ്കിലും വോട്ടെണ്ണലിനു മുമ്പേ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ കോൺഗ്രസ് നേതാക്കൾ നടത്തുന്ന കടിപിടി കാണുമ്പോൾ'എന്നെ തല്ലരുതമ്മാവാ ഞാൻ നന്നാകില്ലെന്ന' പഴമൊഴിയാണ് ചുറ്റുവട്ടത്തുള്ളവർക്ക് ഓർമ വരുന്നത്.

പത്തുവർഷം പ്രതിപക്ഷത്തു നിന്ന പാർട്ടിക്ക് അധികാരം ലഭിക്കുമെന്ന വിശ്വാസം വന്നാൽ സംഭവിക്കാവുന്ന ആക്രാന്തമായിട്ടാണ് ഈ പേക്കൂത്തുകൾ കാണുമ്പോൾ നാട്ടുകാർക്ക് തോന്നുന്നത്. 'വേകുവോളം കാത്തിരുന്നതല്ലേ ഇനി ആറുവോളം ഇരിക്കാൻ മേലേ' എന്ന ചോദ്യം ആരും മൈൻഡ് ചെയ്യുന്നില്ല .

വി.ഡി സതീശൻ മാത്രമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെ ആദ്യ പേരുകാരൻ. എന്നാൽ എൻ.എസ്.എസ്, എസ്.എൻഡി.പി നേതാക്കൾക്ക് താത്പര്യമില്ലാതെ വന്നതോടെ താക്കോൽ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയും ഉയർന്നുവന്നു. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നതാണ് കോൺഗ്രസിലെ അവസാന വാക്കെങ്കിലും ഹൈക്കമാൻഡായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കൂടി കളത്തിലിറങ്ങിയതോടെയാണ് മണ്ണും ചാരി നിന്നവൻ പെണ്ണുംകൊണ്ട് പോകുമോ എന്ന സംശയം ബലപ്പെട്ടത്

യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഏതോഎക്സിറ്റ് പോൾ സർവ്വേയിൽ തെളിഞ്ഞതിന്റെ ബലത്തിലാണ് മുഖ്യമന്ത്രി ചർച്ച മുറുകിയത്. അതല്ലാതെ ആർക്കും ഒരുറപ്പുമില്ല. ആരൊക്കെ ജയിച്ചെന്ന് അറിയണമെങ്കിൽ മേയ് നാലിന് വോട്ടിംഗ് യന്ത്രങ്ങൾ തുറക്കണം. അതിനു മുമ്പേ എന്തിന് അജീർണം ബാധിച്ച കുട്ടികളെ പോലെ ആക്രാന്തമെന്നു ചോദിച്ചാൽ ഞങ്ങൾ ജനാധിപത്യപാർട്ടിയല്ലേ എന്ന മറുപടിയാണ് നേതാക്കൾക്കു നൽകാനുള്ളത്.

ഇനി എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചാലോ എന്നു ചോദിച്ചാൽ നൂറ് സീറ്റ് ഉറപ്പല്ലേ സംശയമുണ്ടോ എന്ന മറുചോദ്യമായിരിക്കും ഉത്തരം. 2021ൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നു കണക്കുകൂട്ടി ഇതുപോലെ മുഖ്യമന്ത്രി സ്ഥാനവും മന്ത്രി സ്ഥാനങ്ങളുമെല്ലാം കോൺഗ്രസ് നേതാക്കൾ വീതം വെച്ചിരുന്നു. ഒരു മുതിർന്ന നേതാവിനെ സ്പീക്കറാക്കി ഒതുക്കാനും തീരുമാനിച്ചിരുന്നു. 'സ്പീക്കർ സ്ഥാനം നിന്റെ മറ്റവന് കൊടുക്കാനായിരുന്നു 'ഇതറിഞ്ഞ നേതാവിന്റെ മറുപടി. അന്ന് 99 സീറ്റോടെ എൽ.ഡി.എഫിന് തുടർഭരണം ലഭിച്ചപ്പോൾ കണ്ണും തള്ളിയിരിക്കാനേ കോൺഗ്രസ്നേതാക്കൾക്കു കഴിഞ്ഞുള്ളൂ.

മുഖ്യമന്ത്രി സ്ഥാനത്തിനായി എറണാകുളം,ആലപ്പുഴ ജില്ലകളെ പ്രതിനിധീകരിക്കുന്നവർ കടിപിടി തുടരുമ്പോൾ മുഖ്യമന്ത്രി സ്ഥാനം മോഹിക്കാതെ അഞ്ചാം മന്ത്രി ചർച്ചവരെ കോട്ടയത്തു നടക്കുകയാണ്.

ഇടതു മുന്നണി വീണ്ടും അധികാരത്തിൽ വന്നാൽ പിണറായിയുടെ പേരു മാത്രമേ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ളൂ എന്നത് ഭാഗ്യം.

പെട്ടി പൊട്ടിക്കുമ്പോൾ എൻ.ഡിഎക്ക് ഏതാനും സീറ്റുകൾ ലഭിക്കുകയും യു.ഡി.എഫിനും എൽ.ഡി.എഫിനും ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത 'തൂക്കു സഭയും ' കേരളത്തിൽ വന്നാൽ 'കാണാൻ എന്തൊരു ചേലായിരിക്കും!..അല്ലേ!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL