SignIn
Kerala Kaumudi Online
Monday, 25 May 2026 8.38 AM IST

കനത്തചൂടിൽ പാമ്പുകളുടെ വിഹാരം: വേണം അതിജാഗ്രത

snake
പാമ്പുകളുടെ വിഹാരം

കണ്ണൂർ: ജില്ലയിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പാമ്പുകളുടെ വിഹാരത്തിനും ശമനമില്ല. കഴിഞ്ഞദിവസം പാമ്പ് കടിയേറ്റ് ഒരു ജീവനും പൊലിഞ്ഞു.

പട്ടുവം മുതുകുടയിലെ കല്ലെടുത്ത് നബീസയാണ് മരണപ്പെട്ടത്. അന്നേ ദിവസം തന്നെ 76കാരിയായ തളിപ്പറമ്പ് പട്ടുവം കാവുങ്കൽ പാൽ സൊസൈറ്റിക്ക് സമീപത്തെ നമ്പറോൻ നാരായണിക്കും പാമ്പു കടിയേറ്റു. അവർചികിത്സയിലാണ്.

ഇന്നലെ ജില്ലയിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ രാജവെമ്പാലയുൾപ്പെടെയുള്ള പാമ്പുകളെ കണ്ടെത്തി. താഴെചൊവ്വയിലെ പഴക്കടയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. തൊഴിലാളികൾ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പഴക്കുലകൾ മാറ്റിക്കൊണ്ടിരിക്കവേയാണ് പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. റസ്‌ക്യൂവർ എത്തി പാമ്പിനെ പിടികൂടി.

കണ്ണവം ചെമ്പുക്കാവിൽ ചിറ്റാരിന്റവിട പി. ബിന്ദുവിന്റെ വീട്ടിലെ വിറക്പുരയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. കൊളപ്പയിൽ വാഴപുരയിൽ ബാലന്റെ വീട്ടിലും കഴിഞ്ഞദിവസം രാജവെമ്പാല എത്തിയിരുന്നു. ഇവയെ പിടികൂടി വനത്തിൽ വിട്ടു.

രണ്ടുമാസത്തിനിടെ പിടികൂടിയത്

50ലധികം പാമ്പുകളെ
1.കഴിഞ്ഞ മാർച്ച് മാസം മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മൂർഖൻ, അണലി, ശംഖുവരയൻ, നീർക്കോലി തുടങ്ങി സ്‌നേക്ക് റെസ്‌ക്യൂവർ പിടികൂടിയത് അമ്പതിലധികം പാമ്പുകളെ.

2.തണുപ്പു തേടി എത്തുന്ന പാമ്പുകൾക്ക് പലവീടുകളിലെ ചെടികളും പച്ചപ്പും സൗകര്യമായ ഇടമാകുന്നു.

3.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ പാമ്പുകളുടെ സാന്നിദ്ധ്യം ഒരു പരിധി വരെ ഒഴിവാക്കാം.

4.രാത്രിയിൽ തറയിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കി കട്ടിലോ കൊതുകുവലയോ ഉപയോഗിക്കുക.

5.രാത്രി പുറത്തിറങ്ങുമ്പോൾ വെളിച്ചം കരുതുക. പറമ്പിൽ ഇറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.

6.പാമ്പിനെ കണ്ടാൽ പിടിക്കാനോ കൊല്ലാനോ ശ്രമിക്കാതെ വനംവകുപ്പിന്റെയോ സർപ്പ വൊളണ്ടിയർമാരുടെയോ സഹായം തേടുക.

പാമ്പുകടിയേറ്റാൽ
1.പാമ്പുകടിയേറ്റാൽ ആദ്യത്ത മണിക്കൂറുകൾ നിർണ്ണായകമാണ്.

2.കടിയേറ്റാൽ പരിഭ്രമിക്കുന്നത് ഹൃദയമിടിപ്പ് വർദ്ധിപ്പിച്ച്, വിഷം വേഗത്തിൽ ശരീരത്തിലാകെ വ്യാപിക്കാൻ ഇടയാക്കും

3. മുറിവിന് മുകളിൽ തുണിയോ കയറോ ഉപയോഗിച്ച് മുറുക്കി കെട്ടുന്നത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങൾ നശിക്കാൻ കാരണമാകും.

4. മുറിവ് മുറിക്കാനോ, വായ ഉപയോഗിച്ച് വിഷം വലിച്ചെടുക്കാനോ, ഐസ് വെക്കാനോ ശ്രമിക്കരുത്.

5.മന്ത്രവാദം പോലുള്ള അശാസ്ത്രീയ ചികിത്സകളിൽ സമയം കളയാതെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ച് ആന്റി സ്‌നേക്ക് വെനം ലഭ്യമാക്കുക.

6.കടിയേറ്റ വ്യക്തിക്ക് വേദനസംഹാരികൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക

വേനൽക്കാലമായതു കൊണ്ട് പാമ്പുകളെ പ്രത്യേകം ശ്രദ്ധിക്കണം .ചകിരി, പലക, വിറക്, കല്ല് എന്നിവ വീടിനു ചുറ്റും കുന്നുകൂടാൻ അനുവദിക്കരുത്, ഇവ പാമ്പിന്റെ ഇഷ്ട വാസസ്ഥലങ്ങൾ ആണ്. വീട്ടുമുറ്റത്തും പരിസരപ്രദേശങ്ങളിലും കരിയില കൂടിക്കിടക്കുന്നത് ഒഴിവാക്കുക. അതിനിടയിൽ പാമ്പുകൾ കിടന്നാൽ തിരിച്ചറിയില്ല.വള്ളിച്ചെടികൾ, പച്ചക്കറികൾ തുടങ്ങിയവ കയറുവഴി വീടിന്റെ ഭിത്തിയിലേക്കും ടെറസിലേക്കും കടത്തിവിടാറുണ്ട് പലരും. ഇത് പാമ്പുകൾ വരാൻ ഇതു കാരണമാകും.

ബിജിലേഷ് കോടിയേരി,റെസ്‌ക്യൂവർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL