SignIn
Kerala Kaumudi Online
Monday, 25 May 2026 9.25 AM IST

ഇവിടെ കളറാണ് ഇവിടെ ഓട്ടോയാത്ര കണ്ണും മനസും കുളിർപ്പിച്ച് ഓട്ടോക്കാരുടെ പൂന്തോട്ടം

garden

ചെറുവത്തൂർ: ചെറുവത്തൂർ വി.വി സ്മാരക സർക്കാർ ആശുപത്രിയുടെ മുന്നിലുള്ള സ്റ്റാൻഡിലെ ഐറിസ് ഓട്ടോ ടാക്സിയിൽ നിന്നുള്ള യാത്ര ഒരു സാധാരണ യാത്രയല്ല. കണ്ണിനും മനസിനും കുളിരേകുന്ന പൂന്തോട്ടത്തിൽ നിന്ന് കളർഫുള്ളായ ഒരു യാത്രയാണ് ഇവരുടെ വാഗ്ദാനം.

ചെറുവത്തൂർ നഗര സൗന്ദര്യവൽക്കരണത്തിന്റെ കാതലാണ് ഈ ഓട്ടോക്കാരുടെ പൂന്തോട്ടം.പലതരം പൂക്കളുടെയും മനോഹാരിത ആസ്വദിക്കാനും ആളുകൾ ഇവരുടെ സ്റ്റാൻഡിനടുത്തെത്തുന്നുണ്ട്. ആശുപത്രിയിൽ വന്നുപോകുന്നവർക്കും പൂന്തോട്ടം ആശ്വാസമാണ്. സ്വന്തമായി തുക സ്വരൂപിച്ചാണ് ഇവർ പൂന്തോട്ടം ഉണ്ടാക്കിയിരിക്കുന്നത്. പഴയ ദേശീയപാതയുടെ അരികിലായാണ് ഈ ഓട്ടോ സ്റ്റാൻഡ്. തൊഴിലാളികളായ പതിനേഴുപേർ.എല്ലാവരും സി.ഐ.ടി.യുവിൽ പ്രവർത്തിക്കുന്നവ‌ർ. പി രാഘവൻ പ്രസിഡന്റും ഒ.സജിത്ത് സെക്രട്ടറിയുമായ യൂണിയനിലെ ഓരോ അംഗങ്ങളും ഊഴമിട്ടാണ് ചെടികളെ നനച്ചു പരിപാലിക്കുന്നത്. രാവിലെയും വൈകുന്നേരവും ആദ്യം എത്തുന്നവർ മാറിമാറി വെള്ളം നനയ്ക്കും. ആശുപത്രി വളപ്പിലെ പൈപ്പിൽ നിന്നും വെള്ളം കിട്ടും. വേനൽ കടുത്താൽ ദൂരെ നിന്ന് പാത്രത്തിൽ ചുമന്ന് കൊണ്ടുവരേണ്ടിവരും.

അന്ന് കാടുമൂടിയ ഇടം

ആശുപത്രിയിലെയും ഓവുചാലിലെ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കാടുപിടിച്ചുകിടന്നതായിരുന്ന ഇടമാണ് ഓട്ടോക്കാർ ഈ രൂപത്തിലാക്കിയെടുത്തത്. കല്ലും മണ്ണുമിറക്കി സ്വന്തം പോക്കറ്റിൽ നിന്നും പണം ചിലവിട്ടാണ് ചെടികൾ നട്ടുപിടിപ്പിച്ചത്. പണം നൽകി വാങ്ങിയ ചെടികൾ ചട്ടികളിൽ നട്ടുപിടിപ്പിച്ചു. മഴക്കാലത്ത് മണ്ണൊലിച്ചുപോകുന്ന ഇടമാണിത്. നാല് മാസം മുമ്പാണ് പൂന്തോട്ടം ഈ രൂപത്തിലായത്. റോസ്, മല്ലിക, വിവിധയിനം ചെമ്പരത്തികൾ,​ ചെക്കി തുടങ്ങി ഒട്ടേറെ ചെടികളാണ് ഇവിടെ പൂത്തുവിടർന്നു നിൽക്കുന്നത്.

പൂക്കൾ ആർക്കാണ് ഇഷ്ടമല്ലാത്തത്. സ്റ്റാൻഡിലെ മുഷിപ്പ് മാറ്റിയെടുക്കാൻ ഇതിലൂടെ സാധിക്കുമെന്ന ചിന്തയിലാണ് പൂന്തോട്ടം ഒരുങ്ങിയത്. ചെടികൾ എല്ലാം വളർന്നാൽ ഇതിലും ഭംഗിയേറും. ഇതിനായി എല്ലുപൊടി അടക്കമുള്ള വളപ്രയോഗവും നടത്തുന്നുണ്ട്. റോഡിൽ നിന്ന് വെള്ളം ഒഴുകി പോകാൻ എട്ടിഞ്ച് വീതിയിലുള്ള പൈപ്പ് വാങ്ങി ഇട്ട ശേഷമാണ് ഇങ്ങനെയൊരു പൂന്തോട്ടം ഒരുക്കിയത്.

പി.രാഘവൻ ( ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL