പെരുമ്പാവൂർ: ഹോട്ടൽ കച്ചവടത്തിന്റെ മറവിൽ ലഹരിവസ്തുക്കൾ വില്പന നടത്തിവന്ന കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വൻലഹരിശേഖരം പിടികൂടി. ഹോട്ടലിൽനിന്ന് 219ഗ്രാം കഞ്ചാവും 17ഗ്രാം ഹെറോയിനും എക്സൈസ് സംഘം കണ്ടെടുത്തു. പരിശോധനയ്ക്കിടെ ഹോട്ടൽ നടത്തിപ്പുകാരായ പശ്ചിമബംഗാൾ സ്വദേശികൾ ഓടി രക്ഷപെട്ടു.
മൂന്നുമാസം മുമ്പാണ് പശ്ചിമബംഗാൾ സ്വദേശികളായ പിറാറുൽ മണ്ഡലും ഭാര്യ സുലൈഹാ ബീവിയും പെരുമ്പാവൂരിൽ ഹോട്ടൽ വാടകയ്‌ക്കെടുത്ത് നടത്താൻ തുടങ്ങിയത്. രാത്രികാലങ്ങളിൽ വൻതോതിൽ അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരമായി ഇവിടെ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾക്ക് തോന്നിയ സംശയമാണ് ലഹരിവേട്ടയ്ക്ക് വഴിത്തിരിവായത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ 'ഓപ്പറേഷൻ തണ്ടർ' പദ്ധതിയുടെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്.
പെരുമ്പാവൂർ റേഞ്ച് ഇൻസ്‌പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് അടുക്കളയിൽ ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയത്. എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. ലഹരിമരുന്ന് കൈവശം വച്ചതിനും വില്പനയ്ക്ക് ശ്രമിച്ചതിനും ദമ്പതികൾക്കെതിരെ കേസെടുത്തു. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി എക്സൈസ് സംഘം തിരച്ചിൽ ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |