
കൊച്ചി: ജില്ലയിൽ അതീവ ഗുരുതര മലിനീകരണ വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒരൊറ്റ നദി പോലുമില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. കടമ്പ്രയാറിലെ മലിനീകരണ തോത് ഗണ്യമായി കുറഞ്ഞതോടെയാണ് നേട്ടം. സംസ്ഥാനത്തെ ഒരു നദിയും ഗുരുതര മാലിന്യപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ പ്രകാരം തയ്യാറാക്കിയ ഏറ്റവും പുതിയ പ്രതിമാസ പുരോഗതി റിപ്പോർട്ടിലാണ് നദികളുടെ ജലഗുണനിലവാരത്തിലുണ്ടായ മാറ്റം.
മുൻപ് 'പ്രിയോറിറ്റി 4" വിഭാഗത്തിലായിരുന്ന കടമ്പ്രയാറിനെ, ജലശുദ്ധി കൈവരിച്ചതിനെ തുടർന്ന് ഏറ്റവും കുറഞ്ഞ ആശങ്കയുള്ള 'പ്രിയോറിറ്റി 5" വിഭാഗത്തിലേക്ക് മാറ്റി നിശ്ചയിച്ചു. മാലിന്യ സംസ്കരണ പ്ലാന്റുകൾ യുദ്ധകാലാടിസ്ഥാനത്തിൽ കടമ്പ്രയാറിലേക്കും പെരിയാറിന്റെ കൈവഴികളിലേക്കും നഗര-വ്യവസായ മലിനജലം ഒഴുകിയെത്തുന്നത് തടയാൻ വലിയ തോതിലുള്ള പദ്ധതികളാണ് ജില്ലയിൽ പുരോഗമിക്കുന്നത്.
മാലിന്യ സംസ്കരണത്തിലും മുന്നിൽ
അജൈവ മാലിന്യസംസ്കരണത്തിൽ ജില്ല മികച്ച മുന്നേറ്റം നടത്തുന്നതായി റിപ്പോർട്ടിലുണ്ട്. 2026ലെ കണക്കുകൾ പ്രകാരം ജില്ലയിൽ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നത് 242.19 ടൺ അജൈവ മാലിന്യമാണ്. നിലവിൽ ജില്ലയുടെ ആകെ അജൈവ മാലിന്യ സംസ്കരണ ശേഷി പ്രതിദിനം 289.93 ടൺ ആണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സൗകര്യങ്ങൾ വഴി 213.29 ടണും, സ്വകാര്യ ഏജൻസികളുടെ ഗോഡൗണുകൾ വഴി 69.63 ടണും ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ഗോഡൗൺ വഴി 7 ടണും മാലിന്യം കൈകാര്യം ചെയ്യാൻ സാധിക്കുന്നു.
പ്ലാന്റുകൾ സജ്ജം
എളംകുളം അമൃത് പ്ലാന്റ്: 5 എം.എൽ.ഡി (പ്രതിദിനം ദശലക്ഷം ലിറ്റർ) ശേഷിയുള്ള ഈ പ്ലാന്റിൽ നിലവിൽ 4 എം.എൽ.ഡി ദ്രവമാലിന്യം സംസ്കരിക്കുന്നു.
മറൈൻ ഡ്രൈവ് പ്ലാന്റ്: ജി.സി.ഡി.എയുടെ കീഴിലുള്ള പ്ലാന്റ് അതിന്റെ പൂർണ ശേഷിയായ 0.9 എം.എൽ.ഡിയിലും പ്രവർത്തിക്കുന്നു.
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പ്ലാന്റ്: 0.75 എം.എൽ.ഡി ശേഷിയുണ്ടെങ്കിലും നിലവിൽ 0.05 എം.എൽ.ഡി മാത്രമാണ് ഇവിടെ വിനിയോഗിക്കുന്നത്.
ബ്രഹ്മപുരം സെപ്റ്റേജ് പ്ലാന്റ്: 0.1 എം.എൽ.ഡി ശേഷിയുള്ള ഈ പ്ലാന്റ് പൂർണമായി പ്രവർത്തനസജ്ജമാണ്. എന്നാൽ വെല്ലിംഗ്ടൺ ഐലൻഡിലെ സെപ്റ്റേജ് പ്ലാന്റ് (0.1എം.എൽ.ഡി) നിലവിൽ കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ട്.
കളമശേരി മാർക്കറ്റ് പ്ലാന്റ്: 0.01 എം.എൽ.ഡി ശേഷിയുള്ള പ്ലാന്റ് നിലവിൽ പ്രവർത്തനക്ഷമം.
സംസ്ഥാനത്തുടനീളം നദികളുടെ അവസ്ഥ മെച്ചപ്പെടുന്നുണ്ടെങ്കിലും 2025ലെ കേന്ദ്ര റിപ്പോർട്ട് പ്രകാരം കണ്ടെത്തിയ ചെറുതും വലുതുമായ 32 മലിനീകരണ മേഖലകൾ പൂർണമായും ശുദ്ധീകരിക്കുന്നതിനുള്ള തുടർനടപടികൾ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന്
മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |