
ന്യൂഡൽഹി: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (സി.യു.ഇ.ടി യു.ജി) പരീക്ഷയിൽ ഒന്നാം റാങ്കുനേടി ബിജെപി എംഎൽഎയുടെ മകൾ. മുൻ ഡൽഹി മന്ത്രി കൈലാഷ് ഗെലോട്ടിന്റെ മകൾ ദേവിന ഗെലോട്ടാണ് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. രാജ്യത്തെ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിൽ ബിരുദ പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണിത്.
'പരീക്ഷയിൽ ഓൾ ഇന്ത്യ ടോപ്പറായത് സ്വപ്നസാക്ഷാത്‌കാരമാണ്. പരീക്ഷാഫലം വന്നപ്പോൾ സന്തോഷത്താൽ തുള്ളിച്ചാടി. പരീക്ഷാഫലം പുറത്തുവന്നപ്പോൾ ആദ്യം ഓർത്തത് മാതാപിതാക്കളെയാണ്. എല്ലാ പ്രതിസന്ധികളിലും എന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തത് അവരാണ്. എന്റെ എല്ലാ ചുവടുകളിലും ഒപ്പം നിന്നു. ഈ നേട്ടം അവർക്കായി സമർപ്പിക്കുന്നു. നിങ്ങളെ സ്വയം വിശ്വസിച്ച് ഒരിക്കലും പകുതിയിൽ ഉപേക്ഷിക്കാതെ സ്ഥിരോത്സാഹത്തോടെ മുന്നോട്ടുപോകണം എന്നാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവരോട് പറയാനുള്ളത്. കഠിനാധ്വാനത്തിന് പെട്ടെന്ന് ഫലം ലഭിക്കില്ലെങ്കിലും ഒരുനാൾ വിജയം കൈവരിക്കും'- എന്നായിരുന്നു ഫലമറിഞ്ഞതിന് പിന്നാലെ ദേവിന പ്രതികരിച്ചത്.
സിയുഇടി പരീക്ഷയിലെ മകളുടെ പ്രകടനത്തിൽ താൻ വളരെയധികം സന്തോഷവാനും നന്ദിയുള്ളവനുമാണെന്ന് കൈലാഷ് ഗെലോട്ട് പറഞ്ഞു. മകളുടെ നേട്ടം വർഷങ്ങളുടെ അച്ചടക്കത്തിന്റെയും സമർപ്പണത്തിന്റെയും സ്ഥിരമായ പരിശ്രമത്തിന്റെയും പ്രതിഫലനമാണ്. മാതാപിതാക്കൾ എന്ന നിലയിൽ മകളുടെ നേട്ടത്തിൽ അഭിമാനിക്കുന്നു. എന്നാൽ മകളുടെ വിനയം, സത്യസന്ധത, കഠിനാധ്വാനം എന്നിവയുടെ മൂല്യങ്ങളിൽ തങ്ങൾ കൂടുതൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |