മഴക്കാലത്തും തുണികൾ നന്നായി ഉണക്കാം, ദുർഗന്ധം വരില്ല; കുട്ടികൾക്ക് പോലും ചെയ്യാവുന്ന അഞ്ച് എളുപ്പമാർഗങ്ങൾ
2 MIN READ PUBLISHED: JUNE 05, 2026 01:51 PM IST | UPDATED: JUNE 05, 2026 08:28 PM IST
കൊടും വേനലിൽ നിന്ന് വലിയ ആശ്വാസം നൽകുന്ന മഴയെ എല്ലാവർക്കും ഇഷ്‌ടമാണ്. ഇപ്പോൾ കേരളത്തിലെ ജനങ്ങൾ കടന്നുപോകുന്നത് ഇത്തരമൊരു ആശ്വാസത്തിലൂടെയാണ്. കഠിനമായ വേനൽ മാറി കാലവർഷം എത്തിയിരിക്കുകയാണ്. എന്നാൽ, ചൂട് മാറുമെങ്കിലും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ മഴക്കാലത്ത് നമുക്ക് അനുഭവിക്കേണ്ടിവരാറുണ്ട്. പ്രത്യേകിച്ച് തുണി അലക്കി ഉണക്കിയെടുക്കുന്ന കാര്യത്തിൽ.
എത്ര നല്ല ഫാബ്രിക് കണ്ടീഷ്‌ണർ ഉപയോഗിച്ചാലും മഴക്കാലത്ത് തുണികളിൽ നിന്ന് ദുർഗന്ധം വരാറുണ്ട്. മഴക്കാലത്ത് ഈ പ്രശ്‌നം സർവസാധാരണമാണ്. കാലാവസ്ഥയെ മാറ്റാൻ നമുക്കാകില്ല. പക്ഷേ, തുണി അലക്കുമ്പോൾ ചെറിയ ചില കാര്യങ്ങൾ ചെയ്‌താൽ ഈ ദുർഗന്ധം വരുന്നത് ഒഴിവാക്കാം. ഇതിനായി പരീക്ഷിക്കാവുന്ന അഞ്ച് വിദ്യകൾ പരിചയപ്പെടാം.
ബേക്കിംഗ് സോഡ - തുണി അലക്കുമ്പോൾ ഡിറ്റർജന്റിനൊപ്പം വിനാഗിരി അല്ലെങ്കിൽ ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് വസ്‌ത്രങ്ങളിൽ നിന്ന് ദുർഗന്ധം നീക്കാൻ സഹായിക്കും. തുണിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് മാറ്റാനും ഇത് നല്ലതാണ്. കൂടാതെ ഇവയ്‌ക്ക് ആന്റി ബാക്‌ടീരിയൽ ഗുണങ്ങളുമുണ്ട്.
കുന്നുകൂട്ടിയിടരുത് - മഴക്കാലത്ത് തുണി ഉണങ്ങിക്കിട്ടാൻ വളരെ പ്രയാസമാണ്. അതിന്റെ പേരിൽ ഒരിക്കലും വസ്‌ത്രങ്ങൾ അലക്കാതെ ദിവസങ്ങളോളം കൂട്ടിയിടാൻ പാടില്ല. ഇങ്ങനെയിട്ടാൽ വസ്‌ത്രങ്ങളിൽ ദുർഗന്ധമുണ്ടാകും. അലക്കാത്ത വസ്‌ത്രത്തിലുള്ള വിയർപ്പ്, ബാക്‌ടീരിയകൾ എന്നിവയാണ് ഇതിന് പ്രധാന കാരണം. മാത്രമല്ല അലക്കാനുള്ള തുണികൾ വായുസഞ്ചാരം ലഭിക്കുന്ന രീതിയിൽ വേണം വയ്‌ക്കാൻ.
തിരിച്ചിടുക - വസ്‌ത്രത്തിനുള്ളിലാണ് എപ്പോഴും അഴുക്കും വിയർപ്പും കൂടുതലായും പറ്റിപ്പിടിക്കുന്നത്. അതിനാൽ വസ്‌ത്രത്തിന്റെ ഉൾഭാഗം പുറത്തുവരുന്ന രീതിയിൽ എടുത്തശേഷം വേണം അലക്കാൻ. നിർബന്ധമായും നല്ല സുഗന്ധമുള്ള ഫാബ്രിക് കണ്ടീഷ്‌ണർ ഉപയോഗിക്കുക.
നന്നായി ഉണക്കിയെടുക്കുക - മഴക്കാലത്ത് തുണി ഉണക്കാനായി വെയിൽ വരുന്നതുവരെ കാത്തിരിക്കരുത്. തുണിയിലെ വെള്ളം തോർന്നശേഷം വീടിനുള്ളിൽ വായുസഞ്ചാരമുള്ള മുറിയിലിട്ട് ഉണക്കാം. പെട്ടെന്ന് ഉണങ്ങുന്നതിനായി ഫാൻ ഉപയോഗിക്കുന്നതിലും തെറ്റില്ല. പൂർണമായും ഉണങ്ങാതെ തുണികൾ മടക്കിവയ്‌ക്കരുത്. ഇത് പൂപ്പൽ പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. പക്ഷേ, ഒരിക്കലും കിടപ്പുമുറിയിൽ ഇങ്ങനെ ചെയ്യരുത്. അത് അസുഖങ്ങൾ വരാൻ കാരണമാകും.
അലമാരകളിലെ ഈർപ്പം - ശരിയായ ഉണങ്ങാത്ത ഒരു വസ്‌ത്രമെങ്കിലും നിങ്ങളുടെ അലമാരയിലുണ്ടെങ്കിൽ അത് വസ്‌ത്രങ്ങളിലെ ദുർഗന്ധത്തിന് കാരണമാകും. എത്ര വൃത്തിയായി ഉണക്കിവച്ച തുണികളിൽ പോലും ദുർഗന്ധമുണ്ടാക്കും. ആ പ്രശ്‌നം മാറാൻ അലമാരയ്‌ക്കുള്ളിൽ ബേക്കിംഗ് സോഡ ഒരു പാത്രത്തിലിട്ട് വയ്‌ക്കുക, അലമാര ഇടയ്‌ക്കിടെ തുറന്ന് വായുസഞ്ചാരം ഉറപ്പുവരുത്തുക, ഈർപ്പം ആഗിരണം ചെയ്യാൻ ഡീഹ്യുമിഡിഫയർ സ്ഥാപിക്കുക.
RELATED TOPICS: BAD ODOUR, MONSOON, TIPS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ