SignIn
Kerala Kaumudi Online
Monday, 26 October 2026 5.12 AM IST

ചരിത്രംകുറിച്ച് ദൈവദശകം ആഗോള പ്രാർത്ഥന

READ ENGLISH VERSION
daiva

കൊച്ചി: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകത്തിന്റെ ആഗോള ആലാപനത്തിൽ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി 25 ലക്ഷത്തിലധികം പേർ ഒരേസമയം പങ്കെടുത്തു. 'ഒരു ലോകം ഒരു പ്രാർത്ഥന' എന്ന സന്ദേശവുമായി ജർമ്മനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ ആഹ്വാനപ്രകാരമായിരുന്നു പ്രാർത്ഥന.

ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 7.15ന് 18 ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ അൻപതോളം ലോകരാഷ്ട്രങ്ങളിൽ മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ തുടങ്ങിയ ഭാഷകളിലും ഭക്ത്യാദരപൂർവം പ്രാർത്ഥന ചൊല്ലി. 1914ൽ ശിവഗിരിയിൽ വച്ച് സന്ധ്യാപ്രാർത്ഥനാ ഗീതമായാണ് ശ്രീനാരായണഗുരു ദൈവദശകം രചിച്ചത്. ജാതിമത ഭേദമില്ലാത്ത ഈശ്വരപ്രാർത്ഥന എന്നതാണ് 10 ശ്ലോകങ്ങളുള്ള ദൈവദശകത്തിന്റെ പ്രത്യേകത. രചനാശതാബ്ദി വർഷത്തിൽ 100 ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ദൈവദശകം ആദ്യമായാണ് ഒരേസമയം വിവിധഭാഷകളിൽ ലക്ഷക്കണക്കിന് ആളുകൾ ആലപിക്കുന്നത്.

സംസ്ഥാനത്ത് എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ യൂണിയൻ, ശാഖ, കുടുംബ യൂണിറ്റ് തലത്തിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചായിരുന്നു ആലാപനം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും കണിച്ചുകുളങ്ങര യൂണിയൻ ഓഫീസിൽ നടന്ന ആലാപനത്തിൽ പങ്കെടുത്തു. ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ സ്ഥാപക ചെയർമാനും മലയാളിയുമായ ഡോ.വരുൺ രാധാകൃഷ്ണൻ ന്യൂഡൽഹി ആ‌ർ.കെ.പുരം അയ്യപ്പക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്രിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ ആസ്ഥാനമായ ജർമ്മനിയിലെ ബീലഫെൽഡ് യോഗവിദ്യ ആശ്രമത്തിൽ ജർമ്മൻഭാഷയിലാണ് ദൈവദശകം ആലപിച്ചത്.

കുവൈറ്റ് സാരഥി, കുവൈറ്റ് അദ്വൈതം, ഗോവ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം, നാസിക് എസ്.എൻ.ജി ട്രസ്റ്റ്, യു.എസ്.എ പേൾലാന്റ് തുടങ്ങി വിദേശങ്ങളിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ ചടങ്ങിൽ പങ്കാളികളായി.

യുദ്ധവും സംഘർഷങ്ങളും കൊടുമ്പിരികൊള്ളുന്ന ലോകത്ത് ശാന്തിയും സമാധാനവും സാഹോദര്യവും പുലരുന്നതിനായി ശ്രീനാരായണഗുരുവിന്റെ ഏകലോകമാനവികത പ്രചരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

 ഡൽഹിയിലും പ്രാർത്ഥനാ യജ്ഞം

ഡൽഹിയിലെ ആർ.കെ. പുരം അയ്യപ്പക്ഷേത്രത്തിൽ സംഘടിപ്പിച്ച ആഗോള ദൈവദശകം പ്രാർത്ഥനാ യജ്ഞത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. കേരള ഹൈക്കോടതി റിട്ട. ജഡ്‌ജി എൻ. നഗരേഷ് മുഖ്യാതിഥിയായിരുന്നു. പശ്ചിമബംഗാൾ മുൻ ഗവർണർ ഡോ. സി.വി. ആനന്ദബോസിന്റെ സന്ദേശം വായിച്ചു. എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയന്റെ ആഭിമുഖ്യത്തിൽ വികാസ്‌പുരിയിലെ കേരള സ്‌കൂളിലും ദൈവദശകം പ്രാർത്ഥന സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENARAYANAGURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA