
സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതിയെ പിന്നീട് കസ്റ്റഡിയിൽ എടുത്തങ്കിലും വീണ്ടും ജാമ്യം
കൊച്ചി: ബെൻസ് കാറുമായി പുലർച്ചെ കറങ്ങാനിറങ്ങിയ 17കാരനായ ജഡ്ജിപുത്രൻ കവർന്നത് ഒരു കുടുംബത്തിലെ താങ്ങും തണലുമായിരുന്ന ഗൃഹനാഥന്റെ ജീവൻ. മദ്യലഹരിയിൽ ആഡംബരക്കാറുമായി പാഞ്ഞ സമ്പന്നകുമാരൻ നെടുമ്പാശേരിയിൽ നിർദ്ധന കുടുംബങ്ങളിലെ മൂന്നുപേരുടെ ജീവനെടുത്തതിന്റെ ഞെട്ടൽ മാറും മുമ്പേയാണ് പ്ലസ്ടു വിദ്യാർത്ഥിയായ ജഡ്ജി പുത്രന്റെ മരണപ്പാച്ചിലിൽ കൊച്ചിയിൽ ഒരു ജീവൻകൂടി നഷ്ടമായത്. കൊച്ചി കണ്ടെയ്നർ റോഡിൽ ചേരാനെല്ലൂർ മാരാപ്പറമ്പ് ഭാഗത്ത് ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അപകടം.
മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ ചുമതലകൂടിയുള്ള അഡിഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ അമിതവേഗത്തിലോടിച്ച കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനായ സൗത്ത് ചിറ്റൂർ നെല്ലുവേലിൽ പുത്തൻപറമ്പിൽ വീട്ടിൽ ജയബാലകൃഷ്ണനാണ് (55) മരിച്ചത്. ചിറ്റൂർ ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുകയായിരുന്നു ഇദ്ദേഹം.
അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയ കുറ്റത്തിന് ചേരാനെല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ വൈകിട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇത് വിവാദമായതോടെ രാത്രി വൈകി വീണ്ടും കസ്റ്റഡിയിലെടുത്തു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയ 17കാരന് ജാമ്യം അനുവദിച്ചു. മനപ്പൂർവമായ നരഹത്യയ്ക്ക് കേസെടുത്തെന്നാണ് വിവരം.
പ്രായപൂർത്തിയാകാത്ത മകന് കാർ നൽകിയതിന് കാറുടമായ ജഡ്ജിക്കെതിരെയും കേസെടുക്കും. രാത്രി കച്ചവടം കഴിഞ്ഞ് മകനൊപ്പം സൗത്ത് ചിറ്റൂരിലെ വീട്ടിലെത്തിയ ജയബാലകൃഷ്ണൻ കുളിച്ച് വസ്ത്രം മാറി മാഞ്ഞാലിയിലെ പുതിയ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
റോഡിൽ തലയടിച്ചുവീണ ജയബാലകൃഷ്ണൻ തത്ക്ഷണം മരിച്ചു. കാർ നിറുത്താതെ പോയെങ്കിലും നൂറു മീറ്ററോളം പിന്നിട്ട് തനിയെ നിന്നു. കാറിൽ നിന്ന് പുറത്തിറങ്ങാതിരുന്ന 17കാരനെ വിവരമറിഞ്ഞെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ജയബാലകൃഷ്ണന്റെ പഴ്സും പണവുമെല്ലാം ആരോ കവർന്നു. മൃതദേഹം പച്ചാളം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ബിന്ദു. മക്കൾ: ഭരത് ശങ്കർ, ഭദ്ര കീർത്തി, ഭാഗ്യ ദർശൻ.
'കാറെടുത്തത് കൊതികൊണ്ട്"
ഓടിക്കാനുള്ള കൊതികൊണ്ടാണ് കാർ എടുത്തതെന്ന് 17കാരൻ പൊലീസിന് മൊഴി നൽകി. മാതാപിതാക്കൾ ഉറങ്ങിയെന്ന് ഉറപ്പാക്കി ആലുവയിലെ ഫ്ലാറ്റിൽ നിന്ന് ഒറ്റയ്ക്ക് കാറുമായി ഇറങ്ങുകയായിരുന്നു. ശക്തമായ മഴയിൽ റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മൊഴി നൽകി. ഇയാൾ മദ്യപിച്ചിരുന്നില്ലെങ്കിലും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന് പൊലീസ് പരിശോധിക്കും. മകന് ഡ്രൈവിംഗ് അറിയില്ലെന്നാണ് ജഡ്ജി ആദ്യം പൊലീസിനോട് പറഞ്ഞത്.
'ചോദ്യം ചെയ്യാൻ വരേണ്ട"
ലൈസൻസില്ലാത്ത മകന് വാഹനം നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'ഞങ്ങളെ ചോദ്യം ചെയ്യാൻ വരേണ്ട" എന്നാണ് ജഡ്ജി പ്രതികരിച്ചതെന്ന് ജയബാലകൃഷ്ണന്റെ അനന്തരവൾ ജയലക്ഷ്മി ആരോപിച്ചു. പ്രതിയുടെ പിതാവ് ജഡ്ജിയാണെന്ന് അറിഞ്ഞപ്പോൾ പൊലീസിന്റെ സമീപനം മാറി. വൈകാരികമായി സംസാരിക്കേണ്ടെന്ന് പറഞ്ഞു. പ്രതിയുടെ ചിത്രമെടുത്തപ്പോൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ബന്ധുക്കൾ പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |