SignIn
Kerala Kaumudi Online
Monday, 26 October 2026 5.13 AM IST

ജഡ്ജിമാരും സമന്മാർ : ഹൈക്കോടതി ബെഞ്ചുകൾക്ക് തുല്യാധികാരം

READ ENGLISH VERSION

kerala-high-court

കൊച്ചി:സിംഗിൾ ബെഞ്ചിനും ഡിവിഷൻ ബെഞ്ചിനും തുല്യഅധികാരമാണെന്നും ഒന്ന് മറ്റൊന്നിന് കീഴിലല്ലെന്നും ഹൈക്കോടതി.

എല്ലാ ജഡ്ജിമാർക്കും തുല്യപദവിയും അധികാരവുമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് സമന്മാരിൽ ഒന്നാമൻ മാത്രമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

തിരുവനന്തപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്ന എൽ.ബിന്ദു, തന്നെ പിരിച്ചുവിട്ടതിനെതിരെ നൽകിയ അപ്പീലിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് ഡിവിഷൻ ബെഞ്ചിൻറെ വിശദീകരണം. ജീവനക്കാരിയുടെ ഹർജിയിൽ ആദ്യഉത്തരവ് റദ്ദാക്കി വീണ്ടും പരിഗണിക്കാൻ ഡിവിഷൻ ബെഞ്ച് നേരത്തെ സിംഗിൾ ബെഞ്ചിനോട് നിർദ്ദേശിച്ചിരുന്നു. ഒരു പ്രധാനവാദം വേണ്ടവിധം പരിശോധിച്ചില്ലെന്നതായിരുന്നു കാരണം. എന്നാൽ ഹർജി വീണ്ടും തള്ളിയ സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച് സാധാരണയായി ഇത്തരത്തിൽ ഹർജി സിംഗിൾ ബെഞ്ചിലേക്ക് മടക്കാറില്ലെന്നും കുറിച്ചു. തുടർന്നാണ് ഡിവിഷൻബെഞ്ച് വ്യക്തതവരുത്തിയത്. അംഗബലം കൂടുതലുള്ള ബെഞ്ചുകൾക്ക് മറ്റ് ബെഞ്ചുകളിൽ മേൽനോട്ടപരമായോ ഉപദേശപരമായോ അധികാരമില്ലെന്ന് ഡിവിഷൻബെഞ്ച് പറഞ്ഞു. സിംഗിൾ ബെഞ്ച് പ്രധാനവിഷയം പരിഗണിക്കാതെ വിട്ടെന്ന് കണ്ടെത്തിയാൽ അത് വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിനോട് അഭ്യർത്ഥിക്കാൻ ഡിവിഷൻ ബെഞ്ചിനാകും. അതേസമയം സിംഗിൾബെഞ്ച് എല്ലാവിഷയവും പരിഗണിച്ച് തീരുമാനമെടുത്ത കേസിൽ അപ്പീൽ ബെഞ്ച് വിഷയം പരിഗണിച്ച് തീരുമാനമെടുക്കുകയാണ് വേണ്ടത്. ഇതിലൂടെ സിംഗിൾ ബെഞ്ച് ഉത്തരവ് സ്ഥിരീകരിക്കാനോ റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ സാധിക്കും. വിഷയം വീണ്ടും സിംഗിൾബെഞ്ചിന്റെ പരിഗണനയ്‌ക്കായി മടക്കരുത്. ജുഡിഷ്യൽ കരുത്തുണ്ടാകേണ്ടത് അച്ചടക്കത്തിൽ നിന്നാണ്, ആധിപത്യത്തിൽ നിന്നല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഹർജിക്കാരിയുടെ കാര്യത്തിൽ അച്ചടക്കനടപടി പൂർത്തിയാക്കാൻ സമയം നീട്ടിനൽകിയ കൊല്ലം ലേബർ കോടതി ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്,വിഷയം വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ലേബർ കോടതിയോട് നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA