തിരുവനന്തപുരം:ചീഫ് വിജിലൻസ് ഓഫീസറുടെ നിർദ്ദേശപ്രകാരം കെ.എസ്.ഇ.ബി കൊല്ലം ആന്റി പവർതെഫ്റ്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മൊത്തം 3.14 കോടി രൂപയുടെ വൈദ്യുതിക്രമക്കേട് കണ്ടെത്തി.
മരട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ 50 കിലോവാട്ട് കണക്ടഡ് ലോഡിന്റെ അനുമതിയുണ്ടായിരുന്ന എച്ച്.ടി. ഉപഭോക്താവിന്റെ കണക്ഷനിൽ 260 കിലോവാട്ട് അനധികൃതലോഡ് ഘടിപ്പിച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഈ കണക്ഷനിൽ നിന്നും അനുമതിയില്ലാതെ 145 കടമുറികളിലേയ്ക്ക് കെ.എസ്.ഇ.ബി.യുടെ മീറ്ററിലൂടെയല്ലാതെ വൈദ്യുതി നൽകിയായിരുന്നു തട്ടിപ്പ്. കളമശ്ശേരി സെക്ഷൻ പരിധിയിൽ വ്യാവസായിക ആവശ്യത്തിനുള്ള 450 കിലോവാട്ട് കണക്ടഡ് ലോഡ് അനുമതിയുള്ള കണക്ഷനിൽ 850 കിലോവാട്ട് അധികലോഡ് സ്ഥാപിച്ച് പ്രവർത്തിക്കുന്നതായും കണ്ടെത്തി. ഈ സ്ഥാപനത്തിൽ നിയമവിരുദ്ധമായി എയർടെൽ, ബി.എസ്.എൻ.എൽ എന്നിവയുടെ മൊബൈൽ ടവറുകളിലേയ്ക്ക് വൈദ്യുതിവിതരണം നടത്തുന്നതായും വ്യക്തമായി. സംസ്ഥാനവ്യാപക പരിശോധന ശക്തമാക്കുമെന്ന് ചീഫ് വിജിലൻസ് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |