SignIn
Kerala Kaumudi Online
Friday, 25 September 2026 7.51 PM IST

തിരുവോണം ബംപർ ഷെയർ ഇട്ടാണോ വാങ്ങിയത്? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 30 കോടി അടിച്ചിട്ടും കാര്യമില്ല

onam-bumper-lottery-
പ്രതീകാത്മക ചിത്രം

500 രൂപ വിലയുള്ള ഓണം ബംപർ ലോട്ടറി ടിക്കറ്റ് ഷെയർ ഇട്ട് എടുക്കുന്നത് പതിവാണ്. കുറഞ്ഞ തുകയ്ക്ക് ഒന്നിലധികം പേർക്ക് ലോട്ടറിയിൽ പങ്കാളിയാകാൻ കഴിയുന്നതിനൊപ്പം സമ്മാനം ലഭിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കാനുമാണ് പലരും ഇത്തരത്തിൽ ടിക്കറ്റ് എടുക്കുന്നത്. എന്നാൽ ഇങ്ങനെ എടുക്കുന്ന ടിക്കറ്രിന് സമ്മാനം ലഭിച്ചുകഴിഞ്ഞാൽ നികുതി സംബന്ധിച്ച് കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അധിക ബാദ്ധ്യത നേരിടേണ്ടിവരാം.

ഒന്നിലധികംപേ‌ർ ചേർന്ന് എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ച ശേഷം ഒരാൾ മാത്രം ലോട്ടറി വകുപ്പിൽ നിന്നും മുഴുവൻ തുകയും കൈപ്പറ്റി പിന്നീട് മറ്റുള്ളവർക്ക് വീതിച്ചുനൽകുന്നത് നികുതി പ്രശ്നങ്ങൾക്ക് ഇടയാക്കാം. മുഴുവൻ സമ്മാനത്തുകയും ക്ലെയിം ചെയ്യുന്ന വ്യക്തിയുടെ പേരിലായിരിക്കും നികുതി ബാദ്ധ്യത കണക്കാക്കുക. മാത്രമല്ല മറ്റ് വ്യക്തികൾക്ക് വീതംവച്ചുനൽകുന്ന തുക ഗിഫ്റ്റായും കാണക്കാക്കപ്പെടാം.

അടുത്ത ബന്ധുക്കളല്ലാത്തവരിൽ നിന്ന് 50,000 രൂപയിൽ കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് സ്വീകരിക്കുന്ന വ്യക്തിയുടെ നികുതി സ്ലാബ് അനുസരിച്ച് നികുതി ബാദ്ധ്യത ഉണ്ടാകാം. സമ്മാനമായി നൽകുന്നത് വലിയ തുകയാണെങ്കിൽ സർചാർജും സെസും ഉൾപ്പെടെയുള്ള അധിക നികുതികളും ബാധകമായേക്കാം. ഇതോടെ ഒരേ സമ്മാനത്തുകയ്ക്ക് രണ്ടുതവണ നികുതി നൽകേണ്ട സാഹചര്യം ഉണ്ടാകും.

നികുതി പ്രശ്നങ്ങൾ ഒഴിവാക്കാൻ എന്തുചെയ്യണം?

ഇത്തരത്തിൽ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുമ്പോഴുള്ള നികുതി പ്രശ്നങ്ങൾ ഒഴിവാക്കാൻ ടിക്കറ്റ് വാങ്ങുമ്പോൾ തന്നെ പങ്കാളിത്തം സംബന്ധിച്ച രേഖകൾ സൂക്ഷിക്കണം. കൂടാതെ സമ്മാനം ലഭിച്ചാൽ ജോയിന്റ് ഡിക്ലറേഷൻ ഫോം ലോട്ടറി വകുപ്പിന് നൽകുകയും ചെയ്യണം. സമ്മാനത്തിന് അവകാശമുള്ള എല്ലാവരുടെയും പേരും പാൻ കാർഡിന്റെ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം. ഇങ്ങനെ ചെയ്താൽ ഓരോരുത്തരുടെയും വിഹിതത്തിന് അനുസരിച്ച് ടിഡിഎസ് കണക്കാക്കി തുക അനുവദിക്കാനാകും. ഓരോ പങ്കാളിക്കും ലഭിക്കുന്ന വിഹിതത്തിന് അനുസരിച്ച് സർചാർജ്, സെസ് തുടങ്ങിയ നികുതി ബാദ്ധ്യതകളും പ്രത്യേകം കണക്കാക്കപ്പെടും.

ഒന്നാം സമ്മാനം മുപ്പത് കോടിയാണെങ്കിലും ഒരു കോടിയെങ്കിലും അടിക്കണേ എന്ന് പ്രതീക്ഷിക്കുന്നവരും ധാരാളമാണ്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേർക്കാണ് ലഭിക്കുക. ഒരു കോടി സമ്മാനമായി ലഭിക്കുന്നയാൾക്ക് ഏജൻസി കമ്മീഷൻ, ടിഡിഎസ്, സർചാർജ്, സെസ് എന്നിവ കണക്കാക്കിയ ശേഷം ഏകദേശം 63 ലക്ഷം രൂപയാണ് കയ്യിൽ കിട്ടുന്നത്. അതായത് 10 ലക്ഷം രൂപ ഏജൻസി കമ്മീഷനായി കുറയും. ശേഷിക്കുന്ന 90 ലക്ഷം രൂപയ്ക്ക് 27 ലക്ഷം രൂപ ടിഡിഎസും 2.7 ലക്ഷം രൂപ സർചാർജും നൽകണം. ഇതിന് പുറമെ 1,18,800 രൂപ സെസും ബാധകമാണ്. അതിനാൽ, ഷെയറിട്ട് ലോട്ടറി എടുത്തവർ സമ്മാനം ലഭിച്ചാൽ തുക കൈപ്പറ്റുന്നതിന് മുമ്പ് മറ്റുളളവരുടെ വിവരങ്ങളും നികുതി സംബന്ധമായ രേഖകളും കൃത്യമായി നൽകേണ്ടത് പ്രധാനമാണ്.

English Summary

Sharing a ₹500 Onam bumper lottery ticket can help several people participate at a lower cost, but winners must follow proper tax procedures. If one person claims the entire prize and later distributes the money, additional tax issues may arise. Maintaining partnership records, submitting a joint declaration, and providing PAN details can help ensure tax and TDS are calculated correctly.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVONAM BUMPER, ONAM BUMPER LOTTERY, SHARED LOTTERY TICKET, LOTTERY TAX, LOTTERY JOINT DECLARATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA