SignIn
Kerala Kaumudi Online
Friday, 25 September 2026 7.44 PM IST

'തുടക്കം കുട്ടിക്കാലത്ത് കിട്ടിയ ആ കടലാസ്': 'എവരി ഡിലേ ഹാസ് എ ബ്ലെസിംഗ്'ന്റെ വിശേഷങ്ങളുമായി മാദ്ധ്യമപ്രവർത്തകൻ നിസാം മുഹമ്മദ് സലീം

nizam-muhammad-salim
നിസാം മുഹമ്മദ് സലീം

ചവറുകൾക്കിടയിൽ നിന്ന് യാദൃശ്ചികമായി കിട്ടിയ പൊടിപിടിച്ച ഒരു കടലാസ്. അതിനുള്ളിൽ കുട്ടിക്കാലത്ത് താൻ എപ്പോഴോ കുത്തിക്കുറിച്ച ഒരു കഥ. ഇതാണ് മാദ്ധ്യപ്രവർത്തകനായ നിസാം മുഹമ്മദ് സലീമിനുള്ളിലെ എഴുത്തുകാരനെ ഉണർത്തിയത്. മാദ്ധ്യമപ്രവർത്തനം പാഷനാക്കിയ കൊല്ലം ജില്ലയിലെ കുമ്മിൾ മന്ദിരംകുന്ന് സ്വദേശിയായ നിസാം ഇന്ന് എഴുത്തിന്റെ ലോകത്തേയ്ക്ക് ഒരു ചുവടുകൂടി വയ്ക്കുകയാണ്. മാൻകൈൻഡ് ലിറ്ററേച്ചർ പുറത്തിറക്കുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമായ 'എവരി ഡിലേ ഹാസ് എ ബ്ലെസിംഗ്' ലൂടെ. ഇപ്പോഴിതാ തന്റെ പുതിയ പുസ്തകത്തിനെ കുറിച്ചും എഴുത്തിലേയ്ക്കുള്ള കടന്നുവരവിനെ കുറിച്ചുമുള്ള വിശേഷങ്ങൾ കേരള കൗമുദി ഓൺലൈനിനോട് പങ്കുവക്കുകയാണ് നിസാം മുഹമ്മദ് സലീം.

മാദ്ധ്യമപ്രവർത്തനം ഒരു പാഷൻ


മാദ്ധ്യമപ്രവർത്തനം എന്നത് എന്നെ സംബന്ധിച്ച് ഒരു പാഷനായിരുന്നു. പുതിയ സംഭവങ്ങളും അവയുടെ മാറ്റങ്ങളുമൊക്കെ ഏറെ കൗതുകത്തോടെയായിരുന്നു ഞാൻ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ വാർത്തകളുടെ ലോകവും എനിക്ക് കൗതുകമായിരുന്നു. മനുഷ്യരുടെ ജീവിതത്തിൽ വാർത്തകൾക്കും വാക്കുകൾക്കും വരുത്താൻ കഴിയുന്ന ഇംപാക്റ്റ് അന്ന് കൗതുകത്തോടെയായിരുന്നു ഞാൻ കണ്ടിരുന്നതെങ്കിൽ ഇന്ന് എനിക്ക് അത് ഏറെ ഇഷ്ടമുള്ള ഒരു മേഖലയാണ്. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പത്ര വാർത്ത എഴുതുക എന്ന ചോദ്യങ്ങളായിരുന്നു പാഠപുസ്തകത്തിലും പരീക്ഷയ്ക്കുമൊക്കെ എനിക്ക് ഏറെ ഇഷ്ടം. അവിടെ നിന്നാണ് ഈ മേഖലയിലേക്ക് ഞാനെത്തുന്നത്.

തുടക്കം കുട്ടിക്കാലത്ത് കിട്ടിയ ആ കടലാസ്


എഴുത്തിലേക്ക് എത്തിയത് എപ്പോഴാണെന്ന് കൃത്യമായി എനിക്കറിയില്ല. കാരണം ഓർമവച്ച കാലം മുതൽ എഴുത്തിനോടും കഥകളോടും എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഉമ്മയും വാപ്പയും ചേട്ടൻമാരുമൊക്കെ എനിക്ക് കഥകളും കവിതകളും ചൊല്ലി തരുമായിരുന്നു. അത് കൊണ്ട് തന്നെ ആ ഭാവനയുടെ ലോകത്തിലൂടെ സഞ്ചരിച്ചായിരുന്നു എന്റെ ഉറക്കം. എനിക്ക് എഴുതാൻ കഴിയുമെന്ന് ഞാൻ മനസിലാക്കിയത് അഞ്ചിലോ ആറിലോ പഠിക്കുമ്പോഴായിരുന്നു. ഉമ്മയ്‌ക്കൊപ്പം മുറി വൃത്തിയാക്കുന്നതിനിടയിൽ ചവറുകൾക്കിടയിൽ കിടന്ന് പൊടി പിടിച്ച ഒരു പേപ്പർ എനിക്ക് കിട്ടി. എന്താണെന്ന് അറിയാൻ കൗതുകത്തോടെ നോക്കിയപ്പോഴാണ് എപ്പോഴോ ഞാൻ എഴുതിയ ഒരു കഥയാണെന്ന് കണ്ടത്. വായിച്ചപ്പോൾ നന്നായിട്ടുണ്ടല്ലോ എന്നുതോന്നി.

കുട്ടിക്കാലത്ത് എപ്പഴോ കുത്തികുറിച്ചതാണ്. പക്ഷെ എനിക്ക് ഇങ്ങനെയൊക്കെ എഴുതാൻ പറ്റുമോയെന്ന് ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് വേണ്ടിയായിരുന്നു ഞാൻ എഴുതി തുടങ്ങിയത്. എഴുതുമ്പോൾ വലിയ സന്തോഷം തോന്നും. എഴുതിയതൊക്കെ കത്തിച്ച് കളയലായിരുന്നു അന്നത്തെ ശീലം. പിന്നെ സ്കൂളിലും ലൈബ്രറിയിലുമൊക്കെ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ സമ്മാനങ്ങൾ കിട്ടാൻ തുടങ്ങി. ഇന്നിതാ സ്വന്തമായി പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.

തുടക്കം 'ലവ് ബിഫോർ യൂ ഡൈ'

'ലവ് ബിഫോർ യൂ ഡൈ' എന്നതാണ് എന്റെ ആദ്യ പുസ്തകം. ഇത് എന്റെ ഒരു ഷോർട്ട് ബയോ​ഗ്രഫിയാണ്. എന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ബയോ​ഗ്രഫി എഴുതാൻ വലിയ ആളൊന്നുമല്ല ഞാൻ. പക്ഷെ എന്റെ ജീവിതത്തിൽ കടന്നുവന്ന വ്യക്തികളെല്ലാം അനുഭവങ്ങളുള്ള വലിയ മനുഷ്യരായിരുന്നു. സ്നേഹമുള്ള മനുഷ്യരായിരുന്നു. അവർക്ക് വേണ്ടിയായിരുന്നു 'ലവ് ബിഫോർ യൂ ഡൈ' എന്ന പുസ്തകം.

'എവരി ഡിലേ ഹാസ് എ ബ്ലെസിംഗ്' ഒരു ഫാന്റസി ഫിലോസഫിക്കൽ ഫിക്ഷൻ


എവരി ഡിലേ ഹാസ് എ ബ്ലെസിംഗ് എന്നത് ഒരു ഫാന്റസി ഫിലോസഫിക്കൽ ഫിക്ഷനാണ്. മാൻകൈന്റ് ലിറ്റ്റേച്ചറാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത് ഞാൻ പഠിച്ച ഇഖ്ബാൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ ഡോ ഷീജാ വി ആർ ആണ്. ജീവിതത്തിൽ നടക്കാൻ സാദ്ധ്യതയില്ലാത്ത ഒരു കാര്യം നടന്നാൽ എങ്ങനെയായിരിക്കും?. അതാണ് ഈ പുസ്തകം. എൽവിൻ കെയ്ത്ത് എന്ന ചെറുപ്പക്കാരനാണ് ഈ കഥയുടെ കേന്ദ്ര കഥാപാത്രം. ജീവിതത്തിൽ എല്ലാം നഷ്ട്പ്പെട്ടുപോയ ഒരു മനുഷ്യൻ. സ്നേഹിച്ചവരെയും ചുറ്റുമുള്ള മനുഷ്യരെയുമൊക്കെ നഷ്ട്ടപ്പെട്ട ഒരാൾ. ജീവിതത്തിൽ എല്ലാം തിരിച്ചുപിടിക്കാനായി ഈജിപ്തിലേക്ക് സുഹൃത്തിന്റെ സഹായത്തിൽ പോകുന്ന അവനെ കാത്തിരിക്കുന്നത് അതിലേറെ പ്രതിസന്ധികളാണ്.

ആ പ്രതിസന്ധികൾക്ക് മുന്നിൽ ​ജീവിതം അവൻ അവസാനിപ്പിക്കുന്നു. ഇതിന് ശേഷമാണ് ഫാന്റസി തുടങ്ങുന്നത്. അവൻ ജീവിതം അവസാനിപ്പിച്ചില്ലായിരുന്നുവെങ്കിൽ എന്തായിരുന്നു നടക്കേണ്ടത്. അതിന് ശേഷമുള്ള ഭൂമിയിലെ അവന്റെ ജീവിതം എങ്ങനെയായിരിക്കും. ഇവിടെയാണ് എവരി ഡിലേ ഹാസ് എ ബ്ലെസിംഗ് എന്ന പേര് കൂടുതൽ അർത്ഥവർത്താകുന്നത്. ജീവിതത്തിലെ ഡിലേകൾ ഒരു ബ്ലെസിംഗ് ആണെന്ന് മനസിലാകും.

ആ കുട്ടിയായിരുന്ന ഞാനാണ് എന്റെ പ്രചോദനം

പറഞ്ഞാൽ സ്വാർത്ഥതയായിപോകുമെങ്കിലും ആ കുട്ടിയായിരുന്ന ഞാനാണ് എന്റെ പ്രചോദനം. അവിടെ നിന്നാണ് രണ്ടാമത്തെ പുസ്തകം വരെ എത്തി നിൽക്കുന്നത്. ആ കുട്ടിയായിരുന്ന എന്നോടാണ് ഏറ്റവും വലിയ കടപ്പാട്. എന്റെയുള്ളിൽ ഞാനറിയാത്ത എഴുത്ത് ലോകമുണ്ടെന്ന് കാട്ടി തന്നത് ആ കുട്ടിയായിരുന്നു. അന്ന് ആ കടലാസ് കഷണം കിട്ടിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ ഇന്നത്തെ ഞാനുണ്ടാകുമായിരുന്നില്ല.

ഒപ്പം ഒരുപാട് പേരുടെ പിന്തുണയും എനിയ്ക്കൊപ്പമുണ്ടായിരുന്നു. മാതാപിതാക്കൾ, അദ്ധ്യാപകർ, സഹോദരന്മാർ, സുഹൃത്തുക്കൾ , ഒരു നോട്ടം കൊണ്ടെങ്കിലും എന്റെ ജീവിതത്തിൽ കടന്നു വന്ന മനുഷ്യർ ഇവരെല്ലാം എനിക്ക് പിന്തുണ നൽകിയവരാണ്. ഒരാളുടെ പിന്തുണ കൊണ്ട് മാത്രം ഇതുവരെ എത്തിയ ഒരാളല്ല ഞാൻ. ജീവിതത്തിൽ എന്തെങ്കിലും കാരണത്താൽ സങ്കടപ്പെട്ടിരിക്കുന്ന മനുഷ്യർക്ക് ചിലപ്പോ എന്റെ പുസ്തകം ഒരു പ്രതീക്ഷയാകുമെന്നാണ് വിശ്വാസം. കുറച്ച് കൂടി നന്നായിട്ട് ജീവിക്കാൻ. അല്ലെങ്കിൽ പരിഭവങ്ങളില്ലാതെ ഈ ലോകത്തെ നോക്കി കാണാൻ. നഷ്ടങ്ങളിൽ പരാതിപ്പെടാതെ ഈ ലോകത്തിൽ മുന്നോട്ട് പോകാൻ. ഇനിയും ഒരുപാട് പുസ്തകങ്ങൾ എഴുതണമെന്നാണ് ആ​ഗ്രഹം. അതിന് എനിയ്ക്ക് കഴിയട്ടെ.

English Summary

Journalist Nizam Muhammad Salim is releasing his second book, 'Every Delay Has A Blessing,' a fantasy philosophical fiction. Published by Mankind Literature, it follows his first book, 'Love Before You Die.' He shared with Kerala Kaumudi Online that a childhood story, found on a dusty paper, sparked his writing career.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIZAM MUHAMMAD SALIM, EVERY DELAY HAS A BLESSING, JOURALIST NIZAM MUHAMMAD SALIM BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA